SCERT KERALA STD VII Malayalam AT (കേരള പാഠാവലി) Unit 03 മൊഴിപൊഴിയുമഴക് Chapter 2 വാക്ക് - ചോദ്യോത്തരങ്ങൾ

Kerala Syllabus Class 7 കേരള പാഠാവലി - പാഠം 2: വാക്ക് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ 

എസ്.സി.ആർ.ടി. കേരള ഏഴാം ക്ലാസ് കേരളപാഠാവലിയിലെ
'മൊഴിപൊഴിയുമഴക്' എന്ന യൂണിറ്റിലെ 'വാക്ക്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

വാക്ക് - കുഞ്ഞുണ്ണി മാഷ് 
വാക്കിന്റെ ശക്തി തിരിച്ചറിഞ്ഞ് കുഞ്ഞുണ്ണിമാഷ് വാക്കിനെക്കുറിച്ച് എഴുതിയ രസകരമായ ലേഖനമാണ് ഏഴാം ക്‌ളാസ് കേരളപാഠാവലിയിലെ 'വാക്ക്' എന്ന പാഠഭാഗം. ആനയെ തരുമോ എന്ന് ആനക്കാരനോട് ചോദിച്ചിട്ട് "പോയാലൊരു വാക്ക് കിട്ടിയാലൊരാന'' എന്നുപറഞ്ഞ നമ്പൂരിയുടെ കഥ പറഞ്ഞു കൊണ്ടാണ് കുഞ്ഞുണ്ണിമാഷ് ലേഖനം തുടങ്ങുന്നത്. വാക്കുകൾ ഭാഷയ്ക്ക് കരുത്തും വൈവിധ്യവും നൽകുന്നത് ഈ ലേഖനത്തിൽ നമുക്ക് അനുഭവിച്ചറിയാൻ കഴിയും. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നത് കാണുക.

♦ കണ്ടെത്താം, എഴുതാം 

♦ “സംശായിലോ... ചോദിക്കാർന്നു... ചോദിച്ചളയാം.. നമ്പൂരി ചോദിച്ചത് എന്തായിരുന്നു?
ആനയെ തനിക്കു തരുമോ എന്നാണ് നമ്പൂരി ചോദിച്ചത്. 

♦ “കണ്ടമാനം ചെലവാക്കിക്കളയാം. ഒരു വിലയില്ലായയുണ്ട് പലർക്കും''. ഇവിടെ വിലയില്ലാത്തതായി സൂചിപ്പിക്കുന്നത് എന്താണ് ?
വാക്കിനെയാണ് ഇവിടെ വിലയില്ലാത്തതായി സൂചിപ്പിക്കുന്നത്.

♦ ''വാക്കിനു വാക്കു വേണ്ട'' - ഈ പ്രയോഗത്തിലൂടെ ലേഖകൻ വ്യക്തമാക്കുന്നതെന്ത്?
നല്ല വാക്കിന് വ്യാഖ്യാനം വേണ്ട എന്നാണിതിന് അർഥം. ഈ പ്രയോഗത്തിന് മറ്റൊരർഥം കൂടിയുണ്ട്. മഹാന്മാരുടെ വാക്ക് പറഞ്ഞു പരത്താതെ തന്നെ വേണ്ട ദിക്കിലെല്ലാം വേണ്ടത്ര വേഗത്തിൽ വേണ്ടത്രകാലം പ്രചരിച്ചുകൊള്ളും. 

♦ പൊരുൾ കണ്ടെത്താം

♦ ''വാക്കിനോളം തൂക്കമില്ലീയൂക്കൻ ഭൂമിക്കുപോലുമേ''- ഈ ചൊല്ലിന്റെ പൊരുൾ കണ്ടെത്തി വിശദീകരിക്കുക. ഇതുപോലെ വാക്കിനെക്കുറിച്ചുള്ള കൂടുതൽ ചൊല്ലുകൾ കണ്ടെത്തി പൊരുൾ എഴുതുക.
വാക്കിന് വലിയ വിലയാണുള്ളത്. അർത്ഥമുള്ള വാക്കുകൾക്ക് ഭൂമിയേക്കാൾ തൂക്കമുണ്ട്. സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കുന്ന വാക്കിന്റെ മൂല്യം വിവരിക്കാനാവാത്തതാണ്. ഭൂമിയേക്കാൾ തൂക്കമുള്ള വാക്കുകൾ നാം സൂക്ഷിച്ചുപയോഗിക്കണം.

വാക്കിനെക്കുറിച്ചുള്ള കൂടുതൽ ചൊല്ലുകൾ
• വാക്കും പഴയ ചാക്കും ഒരുപോലെ - ഈ ചൊല്ല് ചിലരുടെ വാക്കിന്റെ വിലയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. വാക്കിനു വിലയില്ലാത്തവരുടെ വാക്കിന് പഴയചാക്കിന്റെ മൂല്യമേയുള്ളൂ.

• വാക്കിനുമീതേ വാക്കും കുഴിച്ചതിനു മേലെ മണ്ണും കാണും (എത്ര പറഞ്ഞാലും പിന്നെയും പറയാൻ വാക്കുകാണും. എത്ര കുഴിച്ചാലും പിന്നെയും മണ്ണു കാണും.)

• വാക്കിൽ പിഴവും നെല്ലിൽ പതിരും. (രണ്ടും സാധാരണമാണ്)

• വാക്കുകൊണ്ടാകുന്നത് വാക്യം കൊണ്ടാകരുത്. (ആവശ്യത്തിൽ കൂടുതൽ അരുത്)

• വാക്കുപറഞ്ഞാൽ വാക്കായിരിക്കണം. (പ്രവൃത്തിയിൽ കൊണ്ടുവരാൻ പറ്റുന്നതേ പറയാവൂ.)

• വാക്ക് വാക്കല്ലെങ്കിൽ ചീട്ട് ചൂട്ട് (വാക്കിനു വിലയില്ലാത്തവർ എഴുതിക്കൊടുക്കുന്ന ചീട്ട് (പ്രമാണം) ചൂട്ട് പോലെ കത്തിക്കാനേ ഉതകുകയുള്ളൂ. പ്രയോജനമില്ലാത്തത് എന്നർഥം) 

• വാക്കൊളിച്ചാലും നോക്കൊളിക്കാൻ വയ്യ. (വാക്ക് മറച്ചുപിടിക്കാൻ കഴിഞ്ഞാലും മുഖഭാവം ഒളിച്ചു വയ്ക്കാൻ വയ്യ. അത് പുറമേ പ്രകാശിക്കും.) 

• എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചു കിട്ടുകയില്ല. (രണ്ടും കൈവിട്ടു പോയാൽ തിരിച്ചെടുക്കാൻ പറ്റില്ല. വാക്ക് സൂക്ഷിച്ചുപയോഗിക്കണം എന്നു സാരം.)

♦ പ്രഭാഷണം തയ്യാറാക്കാം

♦ ഏറെ ശക്തിയുള്ളതാണ് വാക്ക്. വാക്കുകൾ മൂലം സമൂഹത്തിൽ ഇന്ന് വിവാദങ്ങളും ഉണ്ടാകാറുണ്ട്.
“വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു.
വാക്കിൻ വിരൽ തൂങ്ങിയല്ലോ നടക്കുന്നു!''
യൂണിറ്റിന്റെ തുടക്കത്തിൽ നൽകിയിട്ടുള്ള ഈ കാവ്യഭാഗത്തിന്റെ ആശയം ചർച്ച ചെയ്യുക.
സമകാലിക സാമൂഹിക വിഷയങ്ങളെക്കൂടി മനസ്സിലാക്കി, കാവ്യഭാഗത്തെ ആശയവും ഉൾക്കൊണ്ട് ''വാക്കിന്റെ കരുത്ത്'' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.
മാന്യസദസ്സിന് നമസ്കാരം,
വാക്കിന് വില വേണം, പറഞ്ഞവാക്ക് പാലിക്കണം, പാലിക്കാൻ കഴിയാത്തത് പറയരുത് എന്നൊക്കെ വാക്കിനെക്കുറിച്ച് പറയാറുണ്ട്. ഒന്നോ രണ്ടോ തവണ പറഞ്ഞ വാക്ക് ലംഘിച്ചാൽ അയാളുടെ വാക്കിന് വിലയില്ലാതാകും. അവകാശങ്ങൾക്കുവേണ്ടി പോരാടാനും നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനും നേടിയെടുക്കാനും മറ്റുള്ളവർക്ക് സാന്ത്വനമേകാനും, എല്ലാം നമുക്ക് കരുത്തുതരുന്നത് വാക്കിന്റെ ശക്തിയാണ്.
വാക്കിന്റെ കരുത്തിനെക്കുറിച്ച് പറയാൻ എളുപ്പമല്ല. വാക്കാണ് ഭൂമിയേക്കാൾ തൂക്കമുള്ളതെന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. 'വാക്കിന്റെ പ്രകാശം ലോകത്തിനു ലഭിച്ചില്ലായിരുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു' എന്ന വാക്കുകൾ ലോകത്തിന് വാക്ക് വെളിച്ചമാകുന്നു എന്നു് ഉറക്കെ പ്രഖ്യാപിക്കുകയാണ്. വാക്കിലൂടെയാണ് എല്ലാ അറിവുകളും കൈമാറ്റം ചെയ്യപ്പെടുന്നത്. വാക്കിന്റെ അടിത്തട്ടിലാണ് ചരിത്രവും സംസ്കാരവും ഓർമ്മകളുമെല്ലാം എന്ന് കവി പറയുന്നുണ്ട്. വാക്കുകൾ നാം കരുതലോടെ ഉപയോഗിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഇതെല്ലാം.
വാക്കെന്റെ അച്ഛനുമമ്മയുമാകുന്നുവെന്നും വാക്കിൻ വിരൽ തൂങ്ങിയാണ് നടക്കുന്നതെന്നും വി. മധുസൂദനൻ നായർ 'വാക്ക്' എന്ന കവിതയിൽ എഴുതുന്നു. വാക്കിന്റെ വിരലിൽ തൂങ്ങിയാണ് നാം അറിവിന്റെ വിശാലലോകത്തേക്ക് കടക്കുന്നത്. മഹാന്മാരുടെ വാക്കുകൾ തലമുറകൾക്ക് വഴികാട്ടിയായി, പ്രകാശഗോപുരമായി ഉയർന്നുനിൽക്കുന്നു. 'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം' എന്നതാകട്ടെ നമ്മുടെ പ്രാർത്ഥന. നല്ല വാക്കുകളാണ് നല്ല കാലം സൃഷ്ടിക്കുന്നത്. നല്ല വാക്കുകൾകൊണ്ട് നല്ല കാലം നെയ്തെടുക്കാൻ ഏവർക്കും കഴിയണം. അങ്ങനെ ലോകത്തിൽ നിന്ന് ഇരുട്ടിനെ ഒഴിവാക്കാം.
നന്ദി നമസ്കാരം.

♦ കണ്ടെത്താം, വ്യാഖ്യാനിക്കാം
♦ കൂടുതൽ ശൈലികളും, പഴഞ്ചൊല്ലുകളും ശേഖരിച്ച് വ്യാഖ്യാനങ്ങൾ എഴുതുക.
ശൈലി  വ്യാഖ്യാനം 
ഉടച്ചുവാർക്കുക മുഴുവൻ മാറ്റുക 
കണ്ണുതുറക്കുക കാര്യം ഗ്രഹിക്കുക 
കണ്ണുവയ്ക്കുക ആഗ്രഹിക്കുക 
പുറംപൂച്ച് ബാഹ്യമോടി (വെളിയിൽ ഭംഗി നടിക്കുക) 
പാമ്പും കീരിയും പോലെ ജന്മശത്രുക്കളായിരിക്കുക 
പിത്തള പുറത്താകുക രഹസ്യം വെളിപ്പെടുക 
മർക്കടമുഷ്ടി ദുശ്ശാഠ്യം (പിടിച്ചതു വിടാതിരിക്കുക)
കൈകഴുകുക വീണ്ടും സ്വീകരിക്കുകയില്ല എന്നു നിശ്ചയിച്ച് ഉപേക്ഷിക്കുക  
കുഴിതോണ്ടുക രഹസ്യമായി നാശം ഉണ്ടാക്കുക 
ചക്രം ചവിട്ടുക ബുദ്ധിമുട്ടുക 
നെല്ലിപ്പലക കാണുക അവസാനം കാണുക 
ഭാണ്ഡം മുറുക്കുക യാത്രയ്‌ക്കൊരുങ്ങുക 
♦ പഴഞ്ചൊല്ലുകൾ 
പഴഞ്ചൊല്ല്  വ്യാഖ്യാനം 
ഉണ്ട ചോറിൽ കല്ലിടരുത് ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത് 
ഉയരണമെങ്കിൽ താഴണം വിനയം വിജയത്തിനു കാരണം 
ഉറക്കെ കേൾക്കുക, പതുക്കെ പറയുക ശ്രദ്ധിച്ചു കേൾക്കുക, മിതമായി പറയുക 
ഉറങ്ങുന്ന പുലിയെ ഉണർത്തരുത് അപകടകരമായ പ്രവർത്തികൾ സ്വയം വലിച്ചുവയ്ക്കരുത് 
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല വസ്തുവുള്ളപ്പോൾ അതിന്റെ മൂല്യമറിയില്ല 
കാലിൽ പിടിച്ചവനെ തലോടണം ആശ്രയിച്ചവനെ സ്നേഹപൂർവ്വം സംരക്ഷിക്കണം 
താളത്തിനൊത്തു തുള്ളൽ അവസരം നോക്കിയുള്ള പ്രവൃത്തി 
താൻപാതി ദൈവം പാതി സ്വന്തം പ്രയത്നവും ദൈവാനുഗ്രവും വേണം 
ദാഹിച്ചവനോട് വെള്ളം ചോദിക്കണം ഒരു വസ്തുവിന്റെ ആവശ്യകത അനുഭവിച്ചവനോട് അത് ചോദിക്കണം 
♦ ഞാൻ ഇങ്ങനെ പറയും 

♦ ഈ പാഠഭാഗത്തുള്ള കഥാപാത്രങ്ങൾ സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഭാഷ കണ്ടല്ലോ? ഇത് നിങ്ങളുടെ നാട്ടിൽ എങ്ങനെ പറയും? ഇത്തരം പ്രയോഗങ്ങൾ എഴുതി പദച്ചങ്ങല പൂർത്തിയാക്കൂ.
♦ ഭാഷാഭേദങ്ങൾ തിരിച്ചറിയാം

♦ എല്ലാവരും എല്ലാ നാട്ടിലും സംസാരിക്കുന്നത് ഒരുപോലെയാണോ? പാഠപുസ്തകം പേജ് 42ൽ കൊടുത്തിരിക്കുന്ന കഥാഭാഗങ്ങൾ വായിച്ചു നോക്കുക.
ഈ രണ്ടു കഥാഭാഗങ്ങളിലെ സംഭാഷണങ്ങൾ വായിച്ച് പ്രത്യേകതകൾ കണ്ടെത്തുക. മറ്റു സ്ഥലങ്ങളിലെ പ്രാദേശിക ഭാഷാഭേദങ്ങൾ കൂടി മനസ്സിലാക്കി “മലയാളഭാഷയിലെ ഭാഷാഭേദങ്ങൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുക. 
ചർച്ചാസൂചനകൾ
വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർഥത്തിന് ദേശം മാറുന്നതിനനുസരിച്ച് മാറ്റം വരാറുണ്ട്. പ്രാദേശികഭാഷാഭേദം എന്നാണ് ഇതിന് പറയുന്നത്. കാസർഗോഡ്കാരൻ പറയുന്നതുപോലെയല്ല കണ്ണൂരുകാരൻ സംസാരിക്കുന്നത്. ഇതിൽനിന്നും വളരെ വ്യത്യസ്തമായാണ് തൃശൂരുകാരും കോട്ടയത്തുള്ളവരും തിരുവനന്തപുരത്തുള്ളവരുമെല്ലാം സംസാരിക്കുന്നത്. മലപ്പുറം ജില്ലയിലെ ചില ഭാഷാഭേദമാണ് എം എൻ കാരശ്ശേരിയുടെ കൃതിയിൽ കാണാൻ കഴിയുന്നത്. തൃശ്ശൂരിലെ പ്രാദേശികഭാഷയുടെ പ്രത്യേകതകൾ സാറാജോസഫിന്റെ മാറ്റാത്തിയിൽ കാണുന്നു.
“ആറുനാട്ടിൽ നൂറു ഭാഷ' എന്നാണല്ലോ ചൊല്ല്. തിരുവനന്തപുരം മുതൽ കാസർഗോഡുവരെ പോയാൽ ഈ ചൊല്ലിന്റെ അർത്ഥം കൂടുതൽ മനസ്സിലാകും. തിരുവനന്തപുരത്ത 'തോട്ടി' എറണാകുളത്ത് 'പാട്ടക്കാര'നാണ്'. ചിലർക്ക് വസ്തു പാട്ടത്തിന് എടുത്തു കൃഷിചെയ്യുന്ന ആളാണ് പാട്ടക്കാരൻ. കൊച്ചിക്കാർക്ക് അയാൾ 'വാരക്കാര'നാണ്. പാട്ടക്കാരൻ വന്നു എന്നു പറഞ്ഞാൽ തിരുവനന്തപുരത്തുകാർ നെല്ല് അളന്നുവാങ്ങാൻ കുട്ടയുമായി ചെല്ലും. എറണാകുളത്തുകാരാകട്ടെ ഒരു കുടം വെള്ളവുമായി കക്കൂസ് കഴുകിക്കാൻ ചെല്ലും!
തെക്കരുടെ 'അക്കനും' 'അണ്ണനും' 'വടക്കർക്ക് അറിയില്ല. വടക്കരുടെ 'ഓപ്പ' തെക്കർക്കും അറിയില്ല. 'ഓപ്പ' എന്നു പറഞ്ഞാൽ തെക്കർക്ക് ഒരു നല്ല പാത്രത്തിന്റെ കാര്യമാണ് ഓർമവരിക. സഹോദരിയാണതെന്ന് അവർക്ക് മനസ്സിലാകില്ല. 'ഓൻ എപ്പഴാ ഇങ്ങു കീഞ്ഞത്' എന്നുകേട്ട് ഞെട്ടരുത്. അവൻ എപ്പഴാ ഇങ്ങോട്ട് ഇറങ്ങിയത് എന്നാണ് ഈ ചോദ്യത്തിന്റെ അർഥം. 'ഞാൻ ഉമ്മറത്തുനിന്ന് തൊടിയിലേക്ക് ചാടി' എന്ന് ഒരു മുത്തശ്ശി പറയുന്നതുകേട്ട് ഞെട്ടണ്ട. എന്തോ സാധനം പറമ്പിലേക്ക് എറിഞ്ഞുകളഞ്ഞു എന്നാണ് അവർ പറഞ്ഞത്. 'ഒരു തുള്ളൽ തുള്ളി' എന്നു കേട്ടാൽ കുഞ്ചൻ നമ്പ്യാരെ ഓർത്തുപോകുന്നവരുണ്ട്. 'ഒരു ചാട്ടം ചാടി' എന്നു പറഞ്ഞതാണിത്. 'കൂവലിലേക്ക് ഒരു തുള്ളൽ തുള്ളി' എന്നു കേട്ടാൽ എന്തു വിചാരിക്കും. കുളത്തിലേക്കു ചാടി എന്ന് വടക്കർ പറയുന്നതിങ്ങനെയാണ്. 'കൂവൽ' എന്നാൽ കാസർഗോഡൻ പ്രദേശങ്ങളിൽ കുളമാണ്. ഇതുകേട്ടാൽ കൂവാൻ തോന്നുന്നവരും കേരളത്തിലുണ്ട്. ഇതെല്ലാം ഭാഷയുടെ വിചിത്രസ്വഭാവമെന്നല്ലാതെ എന്തു പറയാൻ!

♦ ഫലിതപരിഹാസങ്ങൾ കണ്ടെത്താം 

♦ ''ചുണ്ണാമ്പു ചോദിച്ചപ്പോ ഒരു മടിം കൂടാണ്ട് തന്നു. ആ നിലയ്ക്ക് ആനേ ചോദിച്ചാലും തരേര്ക്ക്യോന്ന് ഒരു തോന്നല്'' - സന്ദർഭോചിതമായി വാക്ക് പ്രയോഗിക്കുമ്പോഴാണ് ഫലിതവും പരിഹാസവും ഭാഷയിൽ ഉടലെടുക്കുന്നത്. ഇത്തരം ഒട്ടേറെ സന്ദർഭങ്ങൾ പാഠഭാഗത്തുണ്ടല്ലോ. കണ്ടെത്തി പട്ടികപ്പെടുത്തുക.
• "കിട്ടണെങ്കില് ഒരാനെ കിട്ടേ്o ചെയ്യും. ന്ച്ചട്ട് ചോദിക്കേ്''. 
• "നെന്റെ മുഖം കണ്ടപ്പോ നിശ്ചായി, കിട്ടില്യാന്ന്, ഇനി നെനക്ക് പൂവ്വാം''
• “ആനക്കാരാ, യ് ആനേങ്ങാട് തരോ? 
• “സംശംവെച്ചുണ്ടിരിക്കണ്ടലോ. ഒരു വാക്കല്ലേ ചെലവാക്കണ്ടൂ'' 

♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും

♦ 'നാക്കിൽനിന്നു വന്ന വാക്ക് നിഷ്ഫലമാകയില്ല ഒരിക്കലും, ഒരാളുടെയും'
ഈ ആശയം കുഞ്ഞുണ്ണിമാഷ് വിശദമാക്കുന്നതെങ്ങനെ? കുറിപ്പായി എഴുതൂ.
ആയിരം നേടാനും ആയിരം നശിക്കാനും വാക്കൊന്നു മതി. അതുകൊണ്ട് തൂക്കിനോക്കിവേണം വാക്കുപയോഗിക്കാൻ എന്നാണ് കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായം. സന്ദർഭം നോക്കി, ചോദിക്കുന്നവനെയോ കേൾക്കുന്നവനെയോ വിലയിരുത്തിവേണം വാക്കുകൾ ഉപയോഗിക്കാൻ. പറഞ്ഞ വാക്ക് ആന വലിച്ചാലും പോരില്ല. അതിനാൽ പിൻവലിക്കേണ്ടി വരാത്ത വാക്കുകളേ പറയാവൂ. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും ഒരുപോലെയാണ്. നിഗ്രഹാനുഗ്രഹശക്തിയുള്ളതുകൂടിയാണ് വാക്ക്. അതുകൊണ്ട് നാക്കിൽ നിന്നുവരുന്ന ഓരോ വാക്കും വളരെ അളന്നുതിട്ടപ്പെടുത്തിവേണം എന്നതാണ് കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായം.

♦ 'ആയാലൊരാന, പോയാലൊരു വാക്ക്' എന്ന പഴഞ്ചൊൽ കഥയിലൂടെ കുഞ്ഞുണ്ണിമാഷ് നമുക്ക് പകർന്നുതരുന്ന പാഠം എന്താണ്?
വാക്കല്ലേ, വിലയില്ലാത്തതല്ലേ, പോയാൽ പോകട്ടെ, നഷ്ടമൊന്നും വരില്ലല്ലോ എന്ന ഭാവത്തിൽ വാക്കുകൾ പ്രയോഗിക്കുന്നവർക്കുവേണ്ടിയാണ്  കുഞ്ഞുണ്ണിമാഷ് ഈ കഥ പറയുന്നത്. ഈ കാഴ്ചപ്പാട് ശരിയല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വാക്കിനുള്ളത്ര വില മറ്റൊന്നിനുമില്ല. മാത്രമല്ല മറ്റുള്ള എല്ലാറ്റിനെയും വിലയുള്ളതാക്കുന്നതും വിലയില്ലാതാക്കുന്നതും വാക്കാണ്. അതുകൊണ്ട് വിലയില്ലാതെ വേണ്ടാത്തിടത്ത് വിളമ്പാനുള്ളതല്ല വാക്ക് എന്ന ആശയമാണ് ഈ കഥയിലൂടെ കുഞ്ഞുണ്ണിമാഷ് നമുക്ക് പകർന്നുതരുന്നത്. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments