SCERT KERALA STD IV Malayalam (മലയാളം) Unit 03 കാറ്റേ കടലേ: മാനത്തും താഴത്തും, അതിരും കതിരും - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ

Kerala Syllabus Class 4 കേരള പാഠാവലി Unit 03 കാറ്റേ കടലേ: മാനത്തും താഴത്തും, അതിരും കതിരും - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ

നാലാം ക്ലാസ്സ്‌ കേരള പാഠാവലിയിലെ ''
കാറ്റേ കടലേ'' എന്ന യൂണിറ്റിലെ ''മാനത്തും താഴത്തും, അതിരും കതിരും'', എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.

♦ വാതിൽ - നിർഭയ
സുഗതകുമാരിയുടെ കവിതാശകലം പരിചയപ്പെടുത്തിക്കൊണ്ടാണ് യൂണിറ്റിലേക്ക് പ്രവേശിക്കുന്നത്.
മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയിൽ നിൽക്കുന്നു കൊച്ചു തുമ്പച്ചെടി,
വഴിയിൽ നിൽപ്പൂ ചമഞ്ഞു തുമ്പച്ചെടി.
- (സുഗതകുമാരി)
ആശയം
മനുഷ്യൻ തങ്ങളുടെ സുഖസൗകര്യങ്ങൾക്കായി നശിപ്പിക്കുന്ന ലോലമായ പ്രകൃതിയുടെ നിസ്സഹായതയാണ് സുഗതകുമാരിയുടെ ഈ വരികളുടെ സാരം.
വളരെ ചെറുതും ദുർബലവുമായ തുമ്പച്ചെടി മലയിടിച്ചു വരുന്ന വലിയ യന്ത്രത്തിനു മുന്നിൽ പ്രതിരോധിക്കാൻ കഴിയാതെ നിഷ്കളങ്കയായി നിൽക്കുന്നു.
ഒരുപാട് വേഗതയിലുള്ള വളർച്ചയെയും, പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയെയുമാണ് യന്ത്രം സൂചിപ്പിക്കുന്നത്. തുമ്പച്ചെടി പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നു. 'വഴിയിൽ നിൽപ്പൂ ചമഞ്ഞു തുമ്പച്ചെടി' എന്ന വരികൾ, വരാനിരിക്കുന്ന നാശത്തെക്കുറിച്ച് ചിന്തിക്കാതെ പ്രകൃതി അണിഞ്ഞൊരുങ്ങി മനോഹരമായി നിൽക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നതാണ് മലയിടിച്ചുവരുന്ന യന്ത്രം.

♦ ചിത്രവായന (പാഠപുസ്തകം പേജ്: 58)
ജെസിബി പോലുള്ള ഒരു മണ്ണുമാന്തൽ യന്ത്രം മല ഇടിക്കുന്ന ചിത്രമാണ് പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്.
മനുഷ്യൻ പ്രകൃതിയിലേൽപിച്ച മുറിപ്പാടിൽനിന്നും ചോര പൊടിയുന്നുണ്ട്. മലയുടെ അരികിലായി ചെറിയൊരു പെൺകുട്ടി ഒരു ചെടിയെ കെട്ടിപ്പിടിച്ചുനിൽക്കുന്നു. മഴവെള്ളം കുത്തിയൊലിച്ചു വരുന്നതും കാണാം.
‘മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയിൽ നിൽക്കുന്നു കൊച്ചു തുമ്പച്ചെടി'
എന്ന വരി സൂചിപ്പിക്കുന്നതുപോലെ, മലയിടിക്കുന്ന യന്ത്രത്തിനു മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന ഒരു കുട്ടിയെയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കാനുള്ള അവളുടെ ദൃഢനിശ്ചയത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു. മഴ മാറി സൂര്യൻ തെളിഞ്ഞ ആകാശവും ഈ ചിത്രത്തിൽ കാണാം. സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുകയാണ് പെൺകുട്ടിയും ചെടിയും.

♦ പാഠം: 01- മാനത്തും താഴത്തും

♦ എങ്ങനെയാണ് നാം പ്രകൃതിയെ അനുഭവിക്കാറുള്ളത്?
മാനത്തും താഴത്തും മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമുണ്ട്. പ്രകൃതിയിലെ ഈ മനോഹര കാഴ്ചകളൊക്കെ മഴയായും കാറ്റായും പുഴയായും പൂക്കളായും എല്ലാം നാം അനുഭവിച്ചറിയുന്നു.

♦ കാറ്റു പറഞ്ഞത് - ഇ. ജിനൻ 
കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും കാറ്റിനെ എങ്ങനെ അറിയാമെന്ന് ലളിതവും മനോഹരവുമായി ഈ കവിതയിൽ അവതരിപ്പിക്കുന്നു. കാറ്റിനെക്കുറിച്ച് ഒരു കുട്ടിക്ക് ഉണ്ടാകുന്ന സംശയവും, അതിന് കാറ്റ് നൽകുന്ന മറുപടിയുമാണ് ഇ. ജിനന്റെ കാറ്റു പറഞ്ഞത് എന്ന കവിതയിലുള്ളത്.

♦ കവിതയുടെ ആശയം
കാറ്റിനെ കാണാൻ സാധിക്കാത്തതുകൊണ്ട് 'എനിക്ക് നിന്നെ എങ്ങനെ കാണാൻ സാധിക്കും?' എന്ന് കുട്ടി ചോദിക്കുമ്പോൾ തന്റെ സാന്നിധ്യം എങ്ങനെയെല്ലാമാണെന്ന് കാറ്റ് അറിയിക്കുന്നു.
'തൊട്ടിലിലാട്ടിയ കാലംതൊട്ടേ തൊട്ടറിഞ്ഞല്ലോ നീയെന്നെ' എന്ന വരിയിലൂടെ, കുഞ്ഞ് ജനിച്ചപ്പോൾ മുതൽ കാറ്റിന്റെ സ്പർശം അനുഭവിക്കുന്നുണ്ടെന്ന് പറയുന്നു. തൊട്ടിലിലാടുമ്പോഴും ഊഞ്ഞാലാടുമ്പോഴുമെല്ലാം കാറ്റിന്റെ തണുപ്പ് നമുക്ക് അനുഭവിക്കാൻ കഴിയും. വീടിനകത്തും പുറത്തും വീശിയും തഴുകിയും കാറ്റ് എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നും കവിതയിൽ വ്യക്തമാക്കുന്നു.
‘ആലിന്നിലകളും മാവും മറ്റും ആടുമ്പൊഴെന്നെ നീ കാണും' എന്ന വരികൾ നോക്കൂ. കാറ്റ് വീശുമ്പോൾ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ നമുക്ക് കാറ്റിനെ കാണാൻ സാധിക്കുന്നതിനെക്കുറിച്ചാണ് കവി പറയുന്നത്. കാറ്റ് വീശുമ്പോൾ മരങ്ങളുടെ ഇലകൾ ആടും. ആ ഇലകളുടെ ചലനത്തിലൂടെ കാറ്റിന്റെ സാന്നിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയും. പീപിയിലൂടെയും ഓടക്കുഴലിലൂടെയും കാറ്റ് കടന്നുപോകുമ്പോൾ സംഗീതം ഉണ്ടാകും. അങ്ങനെ കാറ്റിനെ കേൾക്കാനും നമുക്ക് കഴിയുന്നു. അതാണ് 'പീപ്പിയുമോടക്കുഴലും
മറ്റും പാടുമ്പൊഴെന്നെ നീ കേൾക്കും' എന്ന വരികളിൽ അവതരിപ്പിക്കുന്നത്. കടലിലൂടെ വീശുന്ന കാറ്റ് കടലിലെ ഉപ്പുരസം വഹിച്ചുകൊണ്ടുവരുന്നു. അത് നമ്മുടെ വായിൽ ഉപ്പുരസമായി അനുഭവപ്പെടുമ്പോൾ കാറ്റിനെ ‘രുചിച്ചറിയാനും' നമുക്ക് കഴിയുന്നു.
ആഴിത്തിരകൾക്കു മീതെഞാനൊ-
ന്നാടിക്കളിച്ചതിനു ശേഷം
ഓടി നിൻനാവിലേക്കുപ്പായ്, വന്നു
കൂടുമ്പൊഴെന്നെ രുചിക്കും' എന്ന വരികളിൽ സൂചിപ്പിക്കുന്നത് ഇതാണ്.
'സന്ധ്യയ്ക്കു പൂക്കുന്ന പൂവിൽ നിന്നും
ഗന്ധമായ് ഞാൻ നിന്നിലെത്തും' എന്ന വരിയിൽനിന്ന് ഗന്ധത്തിലൂടെയും കാറ്റിനെ അറിയാൻ സാധിക്കുന്നതിനെക്കുറിച്ച് പറയുന്നു.
പൂക്കളുടെ സുഗന്ധം വഹിച്ചുകൊണ്ടുവരുന്നത് കാറ്റാണ്. കാറ്റ് വീശുമ്പോഴാണ് പൂന്തോട്ടത്തിലെ സുഗന്ധം നമ്മുടെ അടുത്തേക്ക് ഒഴുകിയെത്തുന്നത്. ‘കുഞ്ഞേ, നിൻശ്വാസമായെന്നും കൂടെക്കൊണ്ടു നടക്കും നീയെന്നെ' എന്ന വരിയിലൂടെ കാറ്റ് നമ്മുടെ നിലനിൽപും ജീവശ്വാസവുമാണെന്ന് സൂചിപ്പിക്കുന്നു.

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ തന്നെ കാണാനുള്ള എന്തെല്ലാം വഴികളാണ് കാറ്റ് നിർദേശിക്കുന്നത്?
കാറ്റിനെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും അതിന്റെ സാന്നിധ്യം തിരിച്ചറിയാൻ പല വഴികളുമുണ്ട്. തൊട്ടിലിലാടുമ്പോഴും വീശുമ്പോഴും കാറ്റിനെ തൊട്ടറിയാൻ നമുക്ക് കഴിയും. മരത്തിന്റെ ഇലകളും മറ്റും ആടുമ്പോൾ കാറ്റിന്റെ സാന്നിധ്യം കാണുന്നു. പീപ്പിയും ഓടക്കുഴലുമെല്ലാം ഊതുമ്പോൾ കാറ്റുണ്ടാക്കുന്ന സംഗീതം കേട്ടുകൊണ്ട് കാറ്റിനെ അറിയുന്നു. കടലിലൂടെ വരുന്ന കാറ്റ് നാവിൽ ഉപ്പുരസമായി അനുഭവപ്പെടുമ്പോൾ രുചിയിലൂടെ കാറ്റിനെ അറിയുന്നു. പൂക്കളിലെ സുഗന്ധമായി ഗന്ധത്തിലൂടെയും കാറ്റിനെ അറിയുന്നു. കാറ്റ് നമ്മുടെ ജീവശ്വാസമായി എപ്പോഴും കൂടെയുണ്ട്. കാറ്റിനെ കാണാനുള്ള വഴികളായി നിർദ്ദേശിക്കുന്നത് ഇവയെല്ലാമാണ്.

♦ അക്ഷരങ്ങളുടെ ആവർത്തനം കൊണ്ട് കൂടുതൽ ഭംഗി തോന്നുന്ന ഭാഗങ്ങൾ കവിതയിൽ നിന്നു കണ്ടെത്തൂ. ഇത്തരത്തിലുള്ള മറ്റു പ്രയോഗങ്ങൾ തയ്യാറാക്കി എഴുതു.
• 'കണ്ണിൽപ്പെടാത്തൊരു കാറ്റേ, നിന്നെ 
കണ്ടുകിട്ടാനെന്തു മാർഗം?'

• 'തൊട്ടടുത്തുണ്ടു ഞാൻ കുഞ്ഞേ, നിന്നെ 
തൊട്ടുതലോടുന്നുമുണ്ടേ. 
തൊട്ടിലിലാട്ടിയ കാലംതൊട്ടേ 
തൊട്ടറിഞ്ഞല്ലോ നീയെന്നെ 

• 'വീശിത്തരുന്നില്ലേയിന്നും നിന്നെ 
വീട്ടിന്നകത്തും പുറത്തും?' 

• 'ആലിന്നിലകളും മാവും മറ്റും 
ആടുമ്പൊഴെന്നെ നീ കാണും' 

• 'പീപ്പിയുമോടക്കുഴലും മറ്റും 
പാടുമ്പൊഴെന്നെ നീ കേൾക്കും'

♦ കാറ്റു പറഞ്ഞത് എന്ന കവിത പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കൂ.
ഇ. ജിനൻ എഴുതിയ 'കുരുത്തോലക്കിളി' എന്ന പുസ്തകത്തിലെ മനോഹരമായ ഒരു കവിതയാണ് 'കാറ്റുപറഞ്ഞത്. കാറ്റിനെക്കുറിച്ച് ഒരു കൊച്ചുകുട്ടിക്ക് ഉണ്ടാകുന്ന കൗതുകകരമായ സംശയവും അതിന് കാറ്റുതന്നെ നൽകുന്ന മറുപടിയുമാണ് ഈ കവിതയുടെ പ്രധാന വിഷയം. കാറ്റ് തന്റെ സാന്നിധ്യം പഞ്ചേന്ദ്രിയങ്ങളിലൂടെ എങ്ങനെയാണ് അറിയിക്കുന്നത് എന്ന് ഈ കവിതയിൽ വിശദീകരിക്കുന്നു. 'കാറ്റു പറഞ്ഞത്' എന്ന ഈ കവിത, കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ മനസ്സിലാക്കാനും ചുറ്റുമുള്ള ലോകത്തെ നിരീക്ഷണബുദ്ധിയോടെ സമീപിക്കാനും സഹായിക്കുന്നു. ലളിതമായ ഭാഷയും മനോഹരമായ ഭാവനയും ഈ കവിതയെ കൂടുതൽ ഹൃദ്യമാക്കുന്നു.

♦ കുട്ടി കാറ്റിനെ അനുഭവിക്കുന്നതുപോലെ, നേരിട്ടു കാണാതെ നിങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്ന മറ്റെന്തൊക്കെയുണ്ട് ?
കുട്ടി കാറ്റിനെ നേരിട്ട് കാണാതെ അനുഭവിക്കുന്നതുപോലെ, ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റാത്തതും, എന്നാൽ അനുഭവിക്കാൻ കഴിയുന്നതുമായ കാര്യങ്ങളുണ്ട്. തണുപ്പ്, ചൂട്, സങ്കടം, സ്നേഹം, വിശ്വാസം, സന്തോഷം, ചിന്തകൾ, സമയം, വാക്ക്, സംഗീതം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവയൊന്നും നമുക്ക് കാണാൻ കഴിയില്ലെങ്കിലും ജീവിതത്തിൽ പലതരത്തിൽ ഇവയെല്ലാം അനുഭവിക്കാൻ നമുക്ക് കഴിയുന്നുണ്ട്.

♦ പദപരിചയം
• ആഴി - കടൽ
• നാവ് - നാക്ക് 
• ഗന്ധം - മണം

♦ പകരം പദങ്ങൾ
• കടൽ - സമുദ്രം, ആഴി, ജലധി, അബ്ധി 
• നാവ് - ജിഹ്വ, രസന, രസജ്ഞ 
• മണം - ഗന്ധം, വാസന, പരിമളം
• കണ്ണ് - നേത്രം, അക്ഷി, ലോചനം, നയനം
• ചെവി - കർണ്ണം, ശ്രോത്രം, ശ്രുതി
• സന്തോഷം - ആഹ്ലാദം, ആനന്ദം, ഹർഷം, മോദം
• സൂര്യൻ - ആദിത്യൻ, അർക്കൻ, ദിവാകരൻ
• കാറ്റ് - പവനൻ, മാരുതൻ, വാതം
• പുഴ - നദി, തടിനി, സരിത്ത്
• മനുഷ്യൻ - മർത്ത്യൻ, മനുജൻ, നരൻ
• മാവ് - ചൂതം, ആമം, മാകന്ദം
• ഉപ്പ് - ലവണം, വസിരം, അക്ഷീവം
• സന്ധ്യ - അന്തി, ദിനാന്തം, സായംകാലം 
• പൂവ് - സുമം, മലർ, സൂനം

♦ പിരിച്ചെഴുതാം
• കണ്ണിൽപ്പെടാത്തൊരു - കണ്ണിൽ + പെടാത്ത + ഒരു 
• തൊട്ടടുത്ത് - തൊട്ട് + അടുത്ത്
• തൊട്ടുതലോടുന്നു - തൊട്ട് + തലോടുന്നു 
• തൊട്ടറിഞ്ഞല്ലോ - തൊട്ട് + അറിഞ്ഞല്ലോ
• വീശിത്തരുന്നില്ലേ - വീശി + തരുന്നില്ലേ
• പീപ്പിയുമോടക്കുഴലും - പീപ്പിയും + ഓടക്കുഴലും 
• ഞാനൊന്നാടിക്കളിച്ചതിൻ - ഞാൻ + ഒന്ന് ആടിക്കളിച്ചതിൻ
• നിൻനാവിലേക്കുപ്പായ് - നിൻ - നാവിലേക്ക് + ഉപ്പായ് 
• നിൻശ്വാസമായെന്നും - നിൻ + ശ്വാസം + ആയി + എന്നും

♦ കുട്ടിയുടെ പുഴ - പ്രേമജ ഹരീന്ദ്രൻ 
പുഴയെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു അധ്യാപിക. അതിനിടെ ഒരു പെൺകുട്ടി തന്റെ കളർപെൻസിൽ ഉപയോഗിച്ച് പുസ്തകത്തിൽ ഒരു നീല വര വരയ്ക്കുന്നു. ആ വര ഒരു പുഴയായി. ഒരു കടലാസുതോണിയിൽ കയറി ആ പുഴയിലൂടെ ഒരു സങ്കല്പയാത്ര നടത്തുകയാണ് കുട്ടി. ഈ യാത്രയിൽ പലതരം ജീവികളെയും സസ്യങ്ങളെയും അവൾ കണ്ടുമുട്ടുന്നു. കുട്ടികൾക്ക് പ്രകൃതിയോടുള്ള ഇഷ്ടവും പ്രകൃതി നിരീക്ഷണത്തിനുള്ള താൽപര്യവും വളർത്താൻ സഹായിക്കുന്നു ഈ പാഠഭാഗം.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ പാഠഭാഗത്തെ ചിത്രം കഥയ്ക്കു ചേർന്നതാണോ? വിശദമാക്കുക.
പാഠഭാഗത്തെ ചിത്രങ്ങൾ കഥയ്ക്ക് വളരെ അനുയോജ്യമാണ്. ഓരോ ചിത്രവും
കഥയിലെ പ്രധാന ആശയങ്ങളെ ദൃശ്യവൽക്കരിച്ചിരിക്കുന്നു. ചിത്രത്തിൽ കുട്ടി പുസ്തകത്തിൽ വരയ്ക്കുന്നതും, ആ വരയിൽനിന്ന് പുഴ ഒഴുകിവരുന്നതും, കുട്ടി കടലാസുതോണിയിൽ കയറി പുഴയിലൂടെ യാത്ര ചെയ്യുന്നതും കാണാം. ഭാവനാലോകത്തുകൂടിയുള്ള കുട്ടിയുടെ യാത്രയാണ് ഇവിടെ വിവരിക്കുന്നത്.
കുട്ടിയുടെ കടലാസുതോണിക്കു ചുറ്റും മീനുകൾ ചാടിമറിയുന്നത് കാണാം. 'മീനുകൾ ചാടിമറിഞ്ഞ് പുഴവെള്ളത്തിൽ മുങ്ങിപ്പൊങ്ങിക്കളിച്ചു' എന്ന ഭാഗവും
'കൂട്ടത്തിലൊരു മീനിനെ, വെളുവെളുത്ത കൊറ്റി വന്ന് റാഞ്ചിക്കൊണ്ടുപോയി.
അയ്യോ! പാവം മീൻ' എന്ന് കുട്ടി സങ്കടപ്പെടുന്ന ഭാഗവും കൊറ്റിയും മീനുകളും തോണിയും ഉൾപ്പെടുന്ന ദൃശ്യങ്ങളിലൂടെ മനോഹരമായി വരച്ചുകാട്ടുന്നു.
തോണിയുടെ അടുത്തേക്കുവന്ന ഞണ്ടിനോട്
'ഏയ് ചങ്ങാതീ, നിൽക്ക്. നിനക്കെത്ര കാലുകളുണ്ട്?' എന്ന് കുട്ടി ചോദിക്കുന്നതും പുഴക്കരയോടു ചേർന്ന് വളരുന്ന കണ്ടൽക്കാടുകളെ അടുത്തുകാണുന്നതുമെല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

♦ 'എനിക്ക് ഒളിക്കാൻ ഈ കുഞ്ഞുതോണിയിൽ സ്ഥലമില്ല' ഈ വാക്യത്തെ എങ്ങനെയെല്ലാം മാറ്റിയെഴുതാം?
• ഈ കുഞ്ഞുതോണിയിൽ എനിക്ക് ഒളിക്കാൻ സ്ഥലമില്ല.
• എനിക്ക് ഈ കുഞ്ഞുതോണിയിൽ ഒളിക്കാൻ സ്ഥലമില്ല.
• എനിക്ക് സ്ഥലമില്ല ഈ കുഞ്ഞുതോണിയിൽ ഒളിക്കാൻ.

♦ കുട്ടിയുടെ ചിത്രംവരയാണല്ലോ കഥയായി മാറിയത്. ഇത്തരത്തിൽ നിങ്ങളുടെ അനുഭവത്തെ കഥയാക്കി മാറ്റാമോ?
എഴുതി നോക്കൂ കൂട്ടുകാരെ.

♦ ഡയറിയെഴുത്തിലും മറ്റും ഉപയോഗിക്കുന്ന എന്തൊക്കെ പ്രയോഗങ്ങളും രീതികളും ഈ കഥയിൽ കണ്ടെത്താൻ കഴിയും?
ഈ കഥ മുഴുവൻ ഒരു പെൺകുട്ടി കാണുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങളാണ്. 'ഞാൻ വരച്ചു', 'എനിക്ക് സ്ഥലമില്ല' എന്നൊക്കെ കുട്ടി പറയുന്നത് അവളുടെ സ്വന്തം കാര്യങ്ങളാണ്. ഡയറിയിൽ 'ഞാൻ ഇന്ന് ഇത് ചെയ്തു', 'എനിക്ക് സന്തോഷമായി' എന്നൊക്കെ നമ്മൾ എഴുതാറുണ്ടല്ലോ. കുട്ടിക്ക് സന്തോഷം വരുമ്പോൾ കൈകൊട്ടിച്ചിരിക്കുന്നതും മീനിനെ കൊറ്റി പിടിച്ചപ്പോൾ സങ്കടപ്പെടുന്നതുമെല്ലാം കഥയിൽ പറയുന്നുണ്ട്. ഇതുപോലെ ഡയറിയിലും നമ്മുടെ സന്തോഷവും സങ്കടവുമെല്ലാം എഴുതാറുണ്ട്. പുഴയിൽ മീനുകളെ കണ്ടത്, ഞണ്ടിനെ കണ്ടത്, കണ്ടൽക്കാടുകൾ കണ്ടത് തുടങ്ങി കുട്ടി ഒരു ദിവസം കണ്ടതും കേട്ടതും മനസ്സിനെ സ്പർശിച്ചതുമായ കാര്യങ്ങളെല്ലാം ഡയറിയിൽ എഴുതുന്നതുപോലെ പാഠഭാഗത്തിലും വിവരിച്ചിരിക്കുന്നു.
'അയ്യോ! ഇത്ര സമയമായോ! ഉച്ചഭക്ഷണത്തിനുള്ള ബെല്ലാണ്" എന്നു പറയുമ്പോൾ, പെട്ടെന്ന് ഒരു കാര്യം ഓർമ്മവരുന്നതുപോലെ സ്വാഭാവികമായ പ്രതികരണവും കാണാം. ഡയറിയിലും നമ്മൾ ഇതുപോലുള്ള കാര്യങ്ങൾ ഓർമ്മിച്ചെടുത്ത് എഴുതാറുണ്ടല്ലോ.

♦ പകരംപദങ്ങൾ
• തോണി - വഞ്ചി, നൗക, തരണി 
• മീൻ - മത്സ്യം, ഝഷം, ശകുലി
• കൊറ്റി കൊക്ക്, ബകം, കഹ്വം

♦ പദം പിരിക്കാം
• പുഴയായി - പുഴ + ആയി
• മാറിയപ്പോൾ - മാറി + അപ്പോൾ
• കുണുങ്ങിച്ചിരിച്ചു - കുണുങ്ങി + ചിരിച്ചു 
• കയറിയിരുന്ന് - കയറി + ഇരുന്ന്
• മുങ്ങിപ്പൊങ്ങി - മുങ്ങി + പൊങ്ങി 
• നീന്തിക്കളിക്കാൻ - നീന്തി + കളിക്കാൻ 
• രസമായിരിക്കും - രസം + ആയിരിക്കും 
• നിനക്കെത്ര - നിനക്ക് + എത്ര 
• ഞാനൊന്നെണ്ണി - ഞാൻ + ഒന്ന് + എണ്ണി 

♦ ചേർത്തെഴുതുക
• ഇനി + ആരുണ്ട് - ഇനിയാരുണ്ട് 
• വെള്ള + പൂക്കൾ - വെള്ളപ്പൂക്കൾ 
• ചില്ലകൾ + ആട്ടി - ചില്ലകളാട്ടി 
• നീങ്ങി + കഴിഞ്ഞു - നീങ്ങിക്കഴിഞ്ഞു 
• പുഴ + ഒഴുകുന്ന - പുഴയൊഴുകുന്ന 
• ഓടി + പോയി - ഓടിപ്പോയി 

♦ കറുമ്പിപ്പയ്യ് - ഇടശ്ശേരി (പാഠപുസ്തകം പേജ്: 66)
ഇടശ്ശേരി ഗോവിന്ദൻ നായരുടെ 'ചെറുനെൽവിത്ത്' എന്ന കവിതയിലെ ഭാഗമാണിത്. വളരെ ലളിതമായ വാക്കുകളിൽ വലിയ ആശയം പകർന്നുതരുന്നു കവി. ഒരു കൊച്ചു നെൽവിത്തിനെയാണ് കവിതയിൽ വർണ്ണിക്കുന്നത്.
നെൽവിത്തിനെ കുഞ്ഞായും മഴമേഘത്തെ അമ്മയായും സങ്കല്പിച്ചാണ് ഈ കവിത.

♦ കവിതയുടെ ആശയം
നെൽവിത്തിനെ കവി ഒരു കൊച്ചു പശുക്കുട്ടിയായി സങ്കൽപ്പിക്കുന്നു. ആ പശുക്കുട്ടി ഉച്ചനേരത്ത് അനങ്ങാതെ, നിശ്ശബ്ദമായി ഉറങ്ങുകയാണ്. എത്ര തല്ലിയുണർത്താൻ ശ്രമിച്ചാലും അത് ഉണരില്ല, കരയാനും അതിന് അറിയില്ല. നെൽവിത്ത് മണ്ണിൽ മുളയ്ക്കുന്നതും കാത്ത് നിശ്ശബ്ദമായി, അനങ്ങാതെ കിടക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. പുറമെനിന്ന് നോക്കിയാൽ അതിൽ ഒരു ചലനവും കാണാൻ കഴിയില്ല. ഈ കൊച്ചു പശുക്കുട്ടിയുടെ അമ്മപ്പശു കടൽക്കരയിലോ മറ്റോ, മേഞ്ഞുനടക്കുകയാണ്. കറുമ്പിയായ അവൾക്ക് കുറച്ചു കുറുമ്പുണ്ടെന്നും വിളിച്ചാൽ വരില്ലെന്നും മെല്ലെ തെളിച്ചാൽ വാലുമുയർത്തി കുതിച്ചോടാൻ ഇഷ്ടമുള്ളവളാണെന്നും കവിതയിൽ പറയുന്നുണ്ട്. മഴമേഘമാണ് ഈ അമ്മപ്പശു.
മഴമേഘത്തിന്റെ നിറം കറുപ്പാണ്. കാറ്റിന്റെ ഗതിയനുസരിച്ച് മഴമേഘം നീങ്ങിപ്പോകുന്നത് നമ്മൾ കാണാറുണ്ട്. മഴമേഘം കുന്നിൻമുകളിലെത്തി മഴയായി പെയ്യും. ആ മഴത്തുള്ളിയാണ് വിത്തിനെ ഉണർത്തുന്നത്.
പശുക്കുട്ടി (നെൽവിത്ത്) ഉണർന്ന് നിശ്ശബ്ദമായി അമറുമ്പോൾ തള്ളപ്പശു
ഉമ്പാവിളികളുമായി എവിടെനിന്നോ ഓടിയെത്തും എന്നുപറയുന്നു.
‘ഉമ്പാവിളികളാദ്യം’ എന്നത് മഴയ്ക്ക് മുമ്പുള്ള ഇടിയും മുഴക്കങ്ങളുമെല്ലാമാണ്.
'കനത്തൊരകിടുമായി കടന്നുവരുമതിന്റെ 
കിതപ്പാണീ പ്രപഞ്ചത്തിന്റെ പ്രസക്തതാളം' എന്ന വരിയാണ് കവിതയുടെ കാതൽ.
മഴയുടെ താളമാണ് ഈ പ്രപഞ്ചത്തിന്റെ ജീവതാളം. കനത്ത വേനലിൽ
ഉറങ്ങിക്കിടക്കുന്ന വിത്തുകളെ, കരിഞ്ഞുണങ്ങിയ പുൽക്കൊടികളെ ഉണർത്തുന്നത് പുതുമഴയുടെ നനവാണ്. ഉണർന്നെണീക്കുന്ന വിത്തിൽനിന്ന് വലിയൊരു ജീവിതചക്രം ആരംഭിക്കുന്നു.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ കവിതയിൽ ഒരു കുഞ്ഞും അമ്മയുമുണ്ടല്ലോ. ആരാണിവിടെ കുഞ്ഞ്? ആരാണ് അമ്മ? 
കവിതയിലെ കുഞ്ഞ് നെൽവിത്താണ്. മുളയ്ക്കാൻ കാത്തുകിടക്കുന്ന നെൽവിത്തിന് ജീവൻ നൽകുന്ന മഴമേഘമാണ് ഇവിടെ അമ്മ. കടുത്തവേനലിൽ കരിഞ്ഞുണങ്ങാറായ പ്രക്യതിക്ക് ജീവൻ നൽകുന്നത് പുതുമഴയാണ്. 

♦ ഈ കുഞ്ഞ് ഉറങ്ങിക്കിടക്കുകയാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഒരു കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ അനക്കവും ഒച്ചയുമുണ്ടാക്കില്ലല്ലോ. അതു പോലെയാണ് നെൽവിത്ത് മണ്ണിൽ കിടക്കുന്നത്. നെൽവിത്ത് വളരാൻ തുടങ്ങിയിട്ടില്ല. അതിനകത്ത് വളരാനുള്ള ശക്തിയുണ്ട്. ശരിയായ വെള്ളവും വെളിച്ചവും കിട്ടുമ്പോൾ നെൽവിത്തിൽ നിന്നും ചെടി വളർന്നുവരും. അത് വലിയ ചെടിയായി മാറും. വളർച്ചയുടെ ശരിയായ സമയം വരുന്നതുവരെ നെൽവിത്ത് മണ്ണിൽ ക്ഷമയോടെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പിനെയാണ് 'ഉറക്കം' എന്ന് കവി മനോഹരമായി വർണിച്ചിരിക്കുന്നത്.

♦ 'കടൽക്കരയിൽ മേയുന്ന കറുമ്പിപ്പയ്യ്'. അമ്മയെപ്പറ്റി കവി അങ്ങനെ പറയാൻ കാരണമെന്ത്? 
കടലിൽനിന്ന് ഉയരുന്ന നീരാവിയാണ് മഴ മേഘങ്ങളായി പലദിക്കിലും മഴപെയ്യിക്കുന്നത്. കടൽക്കരയിൽ മേയുന്ന കറുമ്പിപ്പയ്യ് എന്ന് മഴമേഘത്തെപ്പറ്റി കവി പറയുന്നതിന് കാരണം ഇതാണ്.

♦ എങ്ങുനിന്നോ കേൾക്കാം "ഉമ്പാ' വിളികളാദ്യം. എന്താണ് 'ഉമ്പാ' വിളി? എന്തിനാണ് ഇങ്ങനെ വിളിക്കുന്നത്?
കവിതയിൽ നെൽവിത്തിനെ ഒരു കുഞ്ഞു പശുക്കുട്ടിയായിട്ടാണ് കവി സങ്കൽപ്പിച്ചിട്ടുള്ളത്. അതുപോലെ, നെൽവിത്തിന് ജീവൻ നൽകുന്ന മഴമേഘത്തെ അമ്മപ്പശുവായും സങ്കൽപിച്ചിരിക്കുന്നു. നെൽവിത്ത് മണ്ണിൽനിന്നും ഉണരുമ്പോൾ ഭക്ഷണത്തിനായി അമ്മയെ വിളിക്കുന്നതായി കവി സങ്കൽപിക്കുന്നു. നെൽവിത്ത് മുളയ്ക്കാൻ ഒരുങ്ങുമ്പോൾ അതിന് വെള്ളവും മറ്റുപോഷകങ്ങളും വേണം. വെള്ളത്തിനായി അത് നിശ്ശബ്ദമായി അമറുമ്പോൾ ആകാശത്തുകൂടി അലഞ്ഞുനടക്കുന്ന മഴമേഘം (അമ്മപ്പശു) അത് കേൾക്കുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ പുതുമഴ വന്നെത്തുന്നു. അതിനെയാണ് 'ഉമ്പാ വിളികൾ' എന്നു കവി വിശേഷിപ്പിക്കുന്നത്. കനത്ത അകിടുമായി വന്നെത്തുന്ന അമ്മപ്പശു മേഘം തന്നെയാണ്. നെൽവിത്ത് മുളയ്ക്കുമ്പോൾ വെള്ളവും പോഷകവും നൽകി പ്രകൃതി അതിനെ വളർത്തിയെടുക്കുന്നു, ഒരമ്മ കുഞ്ഞിനെ എന്നപോലെ. ഈ വരികൾ പ്രകൃതിയിലെ ജീവന്റെയും വളർച്ചയുടെയും താളത്തെ സൂചിപ്പിക്കുന്നു. ഒരു കുഞ്ഞ് അമ്മയിൽ നിന്ന് പാൽ കുടിച്ച് വളരുന്നതുപോലെ നെൽവിത്ത് ഭൂമിയിൽനിന്ന് വെള്ളവും വളവും മറ്റു പോഷകങ്ങളും വലിച്ചെടുത്താണ് വളരുന്നത് എന്ന് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നു. 

♦ 'കറുമ്പിപ്പയ്യ്' എന്ന കവിതയിലെ വരികളെ വാക്യങ്ങളാക്കി എഴുതൂ.
• ഈ ചെറു നെൽവിത്തിൽ ഒരു കൊച്ചു പശുക്കുട്ടിയുണ്ട്.
• ഉച്ചയ്ക്കെല്ലാം അത് അനങ്ങാതെ കിടന്നുറങ്ങും.
• അടിച്ചു വലിച്ചിഴച്ചാലും അത് ഉണരുകയില്ല. 
• പാവം! അതിന് ഒച്ചയിട്ടു കരയാനും വശമില്ലല്ലോ!
• ഇതിന്റെ അമ്മപ്പശു കടൽക്കരകളിലെങ്ങോ മേയുന്നുണ്ടാകാം.
• കറുത്തനിറമുള്ള അവൾക്ക് എന്ത് കുറുമ്പാണെന്നോ!
• വിളിച്ചാൽ അവൾ വരില്ല. മെല്ലെ തെളിച്ചാൽ അവൾ വാലുയർത്തി കുതിച്ചോടി, കുന്നിന്റെ മുകളിൽ കളിച്ചുനിൽക്കും.
• എങ്കിലും, ഈ കുഞ്ഞ് നിശ്ശബ്ദമായി ഉണർന്ന് വിളിക്കുമ്പോൾ, എവിടെ നിന്നോ 'ഉമ്പാ' വിളികൾ ആദ്യം കേൾക്കാം.
• കനത്ത അകിടുമായി കടന്നുവരുന്ന അതിന്റെ കിതപ്പാണ് ഈ പ്രപഞ്ചത്തിന്റെ പ്രധാനപ്പെട്ട താളം.

♦ 'വേനൽക്കാലം കഴിഞ്ഞാർത്തു
വേഗമെത്തിയ കാർമുകിൽ
വിട്ട നീർത്തുള്ളി വന്നെന്നെ
വിളിച്ചു മധുരസ്വരം.'
           - (ജി. ശങ്കരക്കുറുപ്പ്)
ജി. ശങ്കരക്കുറുപ്പ് കവിതയിൽ സൂചിപ്പിച്ച കാര്യങ്ങൾ ചിത്രത്തിൽ കടന്നുവരുന്നതെങ്ങനെയാണ്? 
വേനൽകഴിഞ്ഞ് മഴ വരുന്നതിനെയും, മഴ ഭൂമിക്ക് നൽകുന്ന സന്തോഷത്തെയും ഉണർവിനെയും കുറിച്ചാണ് കവിതയിൽ പറയുന്നത്. ചിത്രത്തിൽ മഴത്തുള്ളികളെയും മഴ ലഭിക്കുമ്പോൾ മരങ്ങളിലും ചുറ്റുമുള്ള സസ്യങ്ങളിലും
തളിരിലകൾ കിളിർക്കുന്നതിനെയും ഭൂമിയിൽ പുതുനാമ്പുകൾ മുളച്ചു വരുന്നതിനെയും ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഇങ്ങനെ കവിതയിലെ ആശയം ചിത്രത്തിലും കടന്നുവരുന്നു.

♦ “എങ്കിലുമിക്കുഞ്ഞുണർന്നു
നിശ്ശബ്ദമായമറുമ്പോൾ
എങ്ങുനിന്നോ കേൾക്കാം,
'ഉമ്പാ' വിളികളാദ്യം'. - ജി യുടെ വരികളും ഈ കവിതയിലെ വരികളും തമ്മിൽ താരതമ്യം ചെയ്തു കണ്ടെത്തിയ കാര്യങ്ങൾ പറയൂ.
കടുത്ത വേനലിനു ശേഷം പെയ്യുന്ന മഴയെക്കുറിച്ചും അത് പ്രകൃതിയിലെ ജീവജാലങ്ങളെ എങ്ങനെ ഉണർത്തുന്നുവെന്നും ജി. ശങ്കരക്കുറുപ്പ് തന്റെ കവിതയിൽ പറയുന്നു. ഒരു നെൽവിത്തിന്റെ വളർച്ചയിലൂടെ ജീവന്റെ തുടക്കത്തെയും അതിന് ഭൂമിയുമായുള്ള ബന്ധത്തെയും ഇടശ്ശേരി കവിതയിൽ അവതരിപ്പിക്കുന്നു. ഈ രണ്ടു കവിതകളും ഭൂമിയിലെ ജീവജാലങ്ങളെ പരിപോഷിപ്പിക്കുന്നതിന് പ്രകൃതി അതിന്റെ ശക്തി എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

♦ പദപരിചയം
• പൈക്കുട്ടി - പശുക്കുട്ടി
• അമറുക - പശുവിന്റെയും മറ്റും കരച്ചിൽ 
• തച്ചു വലിച്ചിഴയ്ക്കുക - അടിച്ചു വലിച്ചിഴയ്ക്കുക 
• വശമില്ല - അറിയുകയില്ല
• നിശ്ചലം - അനങ്ങാതെ 
• കുറുമ്പ് - കുസൃതി
• പ്രസക്തം - പ്രധാനം

♦ പകരം പദങ്ങൾ
• ഉറക്കം - നിദ്ര, ശയനം, സുഷുപ്തി 
• പശു - ഗോവ്, സുരഭി, അർജുനി 
• കടൽ - ആഴി, സമുദ്രം, അബ്ജി

♦ പദം വികസിപ്പിക്കാം 
• കടൽക്കര - കടലിന്റെ കര
• പ്രസക്തതാളം - പ്രസക്തമായ താളം
• നെൽവിത്ത് - നെല്ലിന്റെ വിത്ത്
• പൈക്കുട്ടി - പശുവിന്റെ കുട്ടി
• കറുമ്പിപ്പയ്യ് - കറുമ്പിയായ പയ്യ്

♦ പിരിച്ചെഴുതാം
• ഇച്ചെറുനെൽവിത്ത് - ഇ + ചെറു + നെൽവിത്ത്
• കിടന്നുറക്കം - കിടന്ന് + ഉറക്കം
• കുറുമ്പാണെന്നോ - കുറുമ്പ് + ആണെന്നോ 
• മെല്ലെത്തെളിച്ചാൽ - മെല്ലെ + തെളിച്ചാൽ
• കനത്തൊരകിടുമായി - കനത്ത + ഒരു + അകിടുമായി 
• കടന്നുവരുമതിന്റെ - കടന്നുവരും + അതിന്റെ

♦ പാഠം: 2 - അതിരും കതിരും 
ഈ ഭൂമിയിൽ മനുഷ്യൻ മാത്രം മതിയോ?
അങ്ങനെ മനുഷ്യനു മാത്രമായി ഒരിക്കലും ജീവിക്കാൻ കഴിയില്ല.
മനുഷ്യരെപ്പോലെ തന്നെ മറ്റെല്ലാവസ്തുക്കളും ജീവജാലങ്ങളും ഈ ഭൂമിയിൽ വേണം. ഇതിനെക്കുറിച്ചൊക്കെയാണ് അതിരും കതിരും' എന്ന ഭാഗത്ത് നമ്മൾ മനസ്സിലാക്കുന്നത്. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.

♦ കാന്താരിക്കുട്ടിയും കൂട്ടുകാരും - എസ്.ശിവദാസ്  
പ്രൊഫ. എസ്. ശിവദാസ് എഴുതിയ 'കാന്താരിക്കുട്ടിയും കൂട്ടുകാരും' എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് പാഠഭാഗം. ചുറ്റുപാടും വിളയുന്ന പോഷക സമ്പുഷ്ടമായ പച്ചക്കറികളും ഇലക്കറികളും അവകൊണ്ട് അമ്മയുണ്ടാക്കിയ വിഭവങ്ങളുമൊക്കെയാണ് ഈ പുസ്തകമെഴുതാൻ അദ്ദേഹത്തിന് പ്രേരണയായത്.

♦ അഖിലലോക പഴം - പച്ചക്കറി സഭയുടെ സെക്രട്ടറി മത്തങ്ങ, കാന്താരിക്കുട്ടിയെ സമ്മേളനത്തിന് ക്ഷണിച്ചുകൊണ്ട് എഴുതിയ കത്ത് പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ളത് കൂട്ടുകാർ വായിച്ചല്ലോ (പാഠപുസ്തകം പേജ്: 69).
കത്തിലെ വിവരങ്ങൾ കാന്താരിമുളക് മറ്റു പച്ചക്കറികളോട് പറയുകയാണ്. അവൾ എന്തെല്ലാം പറഞ്ഞിട്ടുണ്ടാവും? 
കൂട്ടുകാരേ, നമ്മുടെ പ്രിയപ്പെട്ട മത്തങ്ങാച്ചേട്ടൻ എനിക്കൊരു കത്തയച്ചിട്ടുണ്ട്. ഈവരുന്ന ശനിയാഴ്ച നമ്മുടെ ആലുംമൂട് പച്ചക്കറിച്ചന്തയിൽ വച്ച് ഒരു വലിയ പരിപാടിയുണ്ട്! അഖിലലോക പഴം -പച്ചക്കറി സമ്മേളനം! യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് തണ്ണി മത്തനാണ്. ഒരു പ്രസംഗം നടത്താൻ അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. എല്ലാവരും വരണം. നമുക്കൊരുമിച്ച് ഈ സമ്മേളനം ഗംഭീരമാക്കാം. 

♦ കാന്താരിക്കുള്ള കത്തു പരിശോധിച്ച്, കത്തിന് എന്തെല്ലാം പ്രത്യേകതകൾ ഉണ്ടെന്ന് കണ്ടെത്തൂ. 
പച്ചക്കറികൾക്ക് മനുഷ്യരെപ്പോലെ സംസാരിക്കാനും കത്തെഴുതാനും സമ്മേളനം നടത്താനും കഴിയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വളരെ ലളിതമായ അവതരണം വായനയെ കൂടുതൽ രസകരമാക്കുന്നു. പച്ചക്കുപ്പായക്കാരൻ തണ്ണി മത്തൻ, തീപ്പൊരി പ്രസംഗം, പച്ചക്കറികളുടെ ഉറക്കം മാറ്റാൻ തുടങ്ങിയ പ്രയോഗങ്ങൾ കത്തിനെ രസകരമാക്കുന്നു.
സമ്മേളനം എന്തിനാണ് നടത്തുന്നത്, എപ്പോഴാണ് നടത്തുന്നത്, എവിടെയാണ് നടത്തുന്നത്, ആരാണ് അധ്യക്ഷൻ, കാന്താരിയുടെ പങ്ക് എന്താണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യർ ഉണരുന്നതിനുമുൻപ് യോഗം നടത്താനുള്ള കാരണവും ഇതിൽ വ്യക്തമാക്കുന്നു. കാന്താരിക്കുള്ള കത്തിൽ അവളെ പ്രശംസിക്കുകയും പ്രസംഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കത്തിലെ 'പ്രിയപ്പെട്ട', 'സ്നേഹാദരങ്ങളോടെ', 'സ്വന്തം' തുടങ്ങിയ വാക്കുകൾ മത്തങ്ങയും കാന്താരിയും തമ്മിലുള്ള സ്നേഹബന്ധത്തെ സൂചിപ്പിക്കുന്നു.

♦ പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന (പാഠപുസ്തകം പേജ്: 70) അഖിലലോക പഴം - പച്ചക്കറി സമ്മേളനത്തിന്റെ ചിത്രം നോക്കൂ. കാന്താരിക്കുട്ടിയുടെ പ്രസംഗം നടക്കുകയാണ്. പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന കാന്താരിക്കുട്ടിയുടെ പ്രസംഗം കൂട്ടുകാർ വായിച്ചല്ലോ. 
ഇനി കാന്താരിയുടെ പ്രസംഗം ഉച്ചത്തിൽ വായിക്കാം. ഒരു കഥയോ ലേഖനമോ വായിക്കുന്ന രീതിയും പ്രസംഗം വായിക്കുന്ന രീതിയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
കഥവായിക്കുമ്പോൾ ഒരേയൊരു താളവും ശബ്ദവും നിലനിർത്താൻ ശ്രമിക്കും. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം.
വായിക്കുമ്പോൾ സാധാരണയായി ഭാവങ്ങൾ മുഖത്തോ ശരീരത്തിലോ അത്ര പ്രകടമാകില്ല. ശബ്ദത്തിലെ ഉയർച്ചതാഴ്ചകൾ, ഊന്നലുകൾ എന്നിവയെല്ലാമാണ് പ്രസംഗത്തിന് ജീവൻ നൽകുന്നത്. പ്രസംഗിക്കുന്നയാൾക്ക് ശരീരഭാഷ വളരെ പ്രധാനമാണ്. ആംഗ്യങ്ങൾ, മുഖഭാവങ്ങൾ, കണ്ണുകൾ കൊണ്ട് സദസ്സുമായി സംവദിക്കൽ എന്നിവയെല്ലാം പ്രസംഗകന് ആവശ്യമാണ്.

♦ 'അന്യജീവനുതകി സ്വജീവിതം 
ധന്യമാക്കുമമലേ വിവേകികൾ'. - കുമാരനാശാന്റെ നളിനി എന്ന കൃതിയിലെ വരികളാണിത്. ഈ ആശയം ഉൾക്കൊള്ളുന്ന ഭാഗം കാന്താരിയുടെ പ്രസംഗത്തിലുണ്ട്. കണ്ടെത്തൂ. 
പ്രിയപ്പെട്ട പഴങ്ങളേ, പച്ചക്കറികളേ, എന്താണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം? മനുഷ്യനും മറ്റു ജന്തുക്കൾക്കും ഭക്ഷണമാവുക എന്നതുതന്നെ.
അതിൽ ആരും ദുഃഖിക്കേണ്ട. ഇവിടെ ഈ ചന്തയിൽ കാത്തിരിക്കുന്ന നൂറു കണക്കിനു പഴങ്ങളും പച്ചക്കറികളും ഇന്നോ നാളെയോ മറ്റന്നാളോ ഏതെങ്കിലും മനുഷ്യന് ആഹാരമാകാൻ പോവുകയാണ്. അല്ലെങ്കിൽ മറ്റേതെങ്കിലും ജീവിയുടെ തീറ്റയാകാൻ പോവുകയാണ്. തണ്ണിമത്തൻ ചേട്ടൻ പറഞ്ഞത് ശരി തന്നെയാണ്. മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവച്ചു കാത്തിരിക്കുന്നിടത്തോളം വലിയ ത്യാഗം മറ്റെന്താണ്? 
ഇതാണ് കവിതയിലെ വരികളെ ഉൾക്കൊള്ളുന്ന പ്രസംഗത്തിലെ ഭാഗം.

♦ “ആളൊരു കാന്താരിയാണ്. ഈ ശൈലികൊണ്ട് എന്താണ് അർഥമാക്കുന്നത്?
ഒരാൾ വളരെ ചുറുചുറുക്കുള്ള, തന്റേടമുള്ള, അല്ലെങ്കിൽ അല്പം കുസൃതിയോടു കൂടിയ വ്യക്തിയാണ് എന്നാണ് ‘ആളൊരു കാന്താരിയാണ്' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നത്.

♦ കാന്താരിക്കുട്ടി പറയുന്നത് പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യം മാത്രമാണോ? ചർച്ച ചെയ്ത് എഴുതു. 
ചർച്ചയിൽ വരേണ്ട ചില പ്രധാന സൂചനകൾ
• സൂപ്പർ കമ്പ്യൂട്ടർ കണ്ടുപിടിച്ച മനുഷ്യനുപോലും സസ്യങ്ങളെപ്പോലെ സ്വയം ആഹാരം നിർമ്മിക്കാനറിയില്ല. സസ്യങ്ങൾ ഉണ്ടാക്കിവച്ച പഴങ്ങളും ഫലങ്ങളും ഇലകളും വിത്തുകളും പ്രയോജനപ്പെടുത്താനേ അറിയൂ എന്ന് കാന്താരി ഓർമിപ്പിക്കുന്നു.
• മനുഷ്യനും മറ്റു ജന്തുക്കൾക്കും വിശപ്പുമാറ്റാനുള്ള ഭക്ഷണമാവുക എന്ന, വിശക്കുന്നവനും വിശപ്പകറ്റുക എന്ന മഹത്തായ കർമ്മമാണ് നമ്മൾ നിർവഹിക്കുന്നത് എന്നതിൽ കാന്താരി അഭിമാനിക്കുന്നു.
• ഭൂമിയുടെ മുന്നോട്ടുള്ള പോക്കിന് മഹത്തായ സംഭാവനകൾ ചെയ്ത് ജീവൻ ത്യജിക്കുന്നതിൽ പ്രകൃതിയമ്മയുടെ പ്രിയപ്പെട്ട മക്കൾ ആനന്ദിക്കണം എന്നാണ് കാന്താരി പറയുന്നത്.

♦ പദപരിചയം
• ത്യാഗം - ഉപേക്ഷിക്കൽ 
• തീറ്റ - ഭക്ഷണം
• വീർപ്പുമുട്ടുക - ശ്വാസംമുട്ടുക 
• പോക്ക് - യാത്ര
• അത്യുച്ചത്തിൽ - വളരെ ഉച്ചത്തിൽ 

♦ പദംപിരിക്കാം
• പച്ചക്കറിച്ചന്ത - പച്ചക്കറി + ചന്ത 
• മനുഷ്യരൊക്കെ - മനുഷ്യർ + ഒക്കെ 
• കാത്തിരിക്കും - കാത്ത് + ഇരിക്കും 
• ചന്തയിൽത്തന്നെ - ചന്തയിൽ + തന്നെ 
• രൂപത്തിലുള്ള - രൂപത്തിൽ + ഉള്ള 
• തോഴരായ - തോഴർ + ആയ 
• പ്രകൃതിയമ്മ - പ്രകൃതി + അമ്മ 
• അത്യുച്ചത്തിൽ - അതി + ഉച്ചത്തിൽ 

♦ പദം വികസിപ്പിക്കാം
• പച്ചക്കറിച്ചന്ത - പച്ചക്കറി വിൽക്കുന്ന ചന്ത 
• പച്ചക്കുപ്പായക്കാരൻ - പച്ചനിറമുള്ള കുപ്പായം ഇട്ടവൻ 
• മഹാഭാഗ്യം - മഹത്തായ ഭാഗ്യം
• പ്രകൃതിയമ്മ - പ്രകൃതിയാകുന്ന അമ്മ

♦ മണിയപ്പന്റെ മഴു - മനോജ് കുറൂർ
♦ കവിതയുടെ ആശയം
“മഴുവും വൻവടവും താങ്ങി 
മണിയപ്പൻ മുറ്റത്ത്.
'സുഖമല്ലേ?' കുശലം ചോദി-
ച്ചൊരുചിരി, യച്ഛനടുത്ത്.''
മരം വെട്ടാനുള്ള മഴുവും വടവുമായി മണിയപ്പൻ
വീട്ടുമുറ്റത്ത് നിൽക്കുന്ന കാഴ്ചയാണ് ആദ്യനാലുവരികളിൽ. ഈ സമയത്ത് അച്ഛൻ മണിയപ്പനോട് സുഖവിവരങ്ങൾ തിരക്കുന്നു.

‘സുഖമാർക്ക് ?' മരത്തിൽനിന്നൊരു
പക്ഷി ചിലച്ചതു നോക്കി
മണിയപ്പനൊരുങ്ങി, മഴുവാൽ
നഖമോരോന്നു മിനുക്കി.
'സുഖമല്ലേ?' എന്ന അച്ഛന്റെ ചോദ്യത്തിന് മണിയപ്പൻ മറുപടി പറയുന്നത് മനസ്സിലാണ് ‘സുഖം ആർക്കാണ്' എന്ന് . തൊഴിലിനോടുള്ള മടുപ്പും വിഷാദവുമെല്ലാം അയാളുടെ മറുപടിയിലുണ്ട്. മരത്തിലിരുന്ന് ഒരു പക്ഷി ചിലയ്ക്കുന്നതു നോക്കി, മഴുവിന്റെ മൂർച്ച പരിശോധിക്കുകയും നഖം വെട്ടുകയുമൊക്കെ ചെയ്യുന്നു. മരംവെട്ടാനുള്ള മണിയപ്പന്റെ മടി കാരണം അവൻ സമയം കളയുകയാണ്. 

'പൂക്കാത്തൊരു മാവും മഴുവിൻ
വായ്ത്തല കണ്ടാൽ കായ്ക്കും.'
മുഖമങ്ങു തിരിക്കും, ഞാനാ
ച്ചില്ലകൾ വെട്ടിയിറക്കും.
മഴുവിന്റെ മൂർച്ചയും താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ തീവ്രതയും മണിയപ്പന്റെ വാക്കുകളിലൂടെ കവി വർണ്ണിക്കുന്നു. മഴുവിന്റെ മൂർച്ചയുള്ള വായ്ത്തല കണ്ടാൽ പൂക്കാത്ത മാവുപോലും പൂക്കുമെന്ന് ഒരു ചൊല്ലുണ്ട്. മനസ്സില്ലാമനസ്സോടെ മരത്തിന്റെ ചില്ലകൾ താൻ വെട്ടിയിറക്കും എന്നാണ് മരംവെട്ടുകാരൻ പറയുന്നത്. മരങ്ങളോടുള്ള ദയയും എന്നാൽ ആ തൊഴിൽ ചെയ്യാതിരിക്കാനാവാത്ത മരംവെട്ടുകാരന്റെ നിസ്സഹായതയും ഈ വരികളിൽ കാണാം. 

‘തടിവെട്ടിമറിക്കാനൊടുവിൽ 
വടമതിലിട്ടു വലിക്കെ,
പിടയുന്ന കരച്ചിൽ കേൾക്കാം, 
കേട്ടില്ലെന്നു നടിക്കും.
മരം മുറിക്കാനായി വടം അതിലിട്ട് വലിക്കുമ്പോൾ കേൾക്കുന്ന ശബ്ദങ്ങളെ 'കരച്ചിൽ' ആയി മണിയപ്പൻ സങ്കൽപ്പിക്കുന്നു. ജീവൻ പോയ മരത്തിന്റെ വേദനയും അതിൽ വസിച്ചിരുന്ന നൂറുകണക്കിന് ജീവജാലങ്ങൾക്ക് ആവാസസ്ഥാനം നഷ്ടപ്പെട്ടതിന്റെ വേദനയുമാണ് കരച്ചിലായി മണിയപ്പന് തോന്നുന്നത്. ഇത് മരങ്ങളോട് അവനുള്ള അടുപ്പത്തെയും തന്റെ പ്രവൃത്തി അവയ്ക്ക് എത്രമാത്രം വേദനാജനകമാണെന്നുള്ള തിരിച്ചറിവിനെയും സൂചിപ്പിക്കുന്നു. എന്നാൽ ഈ വേദന 'കേട്ടില്ലെന്ന് നടിക്കാൻ' അവൻ നിർബന്ധിതനാകുന്നു.

‘ഒരു പച്ചയെടുത്തെൻ ജീവിത- 
മെങ്ങനെ പച്ചപിടിക്കും?
പണിനിർത്തുകിലെന്നും 
കൂരയിലെങ്ങനെ കഞ്ഞികുടിക്കും?'
ഈ അവസാന വരികളിൽ മണിയന്റെ ദുരവസ്ഥയുടെ ആഴം വെളിപ്പെടുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചാൽ തന്റെ ജീവിതം എങ്ങനെയാണ് മെച്ചപെടുക (പച്ചപിടിക്കുക) എന്ന് അവൻ ചോദിക്കുന്നു. മരംവെട്ട് നിർത്തിയാൽ എങ്ങനെ കഞ്ഞികുടിച്ചു ജീവിക്കും എന്ന ചോദ്യവും ഇതോടൊപ്പമുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യേണ്ടി വരുന്നതിലുള്ള അവന്റെ നിസ്സഹായാവസ്ഥയും ദുഃഖവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ കവിത താളമിട്ട് ചൊല്ലൂ (പാഠപുസ്തകം പേജ്: 74, 75).
കൂട്ടുകാർ പല ഗ്രൂപ്പായി തിരിഞ്ഞ് വ്യത്യസ്ത താളത്തിൽ കവിത ചൊല്ലിനോക്കണേ.

♦ 'പൂക്കാത്തൊരു മാവും മഴുവിൻ 
വായ്ത്തല കണ്ടാൽ കായ്ക്കും' - എന്താണിതിനർഥം?
പൂക്കാത്ത മാവ് സാധാരണയായി കായ്ക്കുകയില്ല. എന്നാൽ മഴുവിന്റെ മൂർച്ചയുള്ള വായ്ത്തല കണ്ടാൽ, ഭയം കാരണം ആ മാവ് കായ്ക്കുമെന്ന് പഴമക്കാർ പറയാറുണ്ട്. മരംവെട്ടുകാരൻ മഴു ഓങ്ങുമ്പോൾ മരങ്ങൾപോലും ഭയന്ന് വഴങ്ങുമെന്ന ഒരു ഭാവനയാണിത്.

♦ 'പിടയുന്ന കരച്ചിൽ കേൾക്കാം' ആരുടെയെല്ലാം? 
മണിയപ്പൻ മരം വെട്ടുമ്പോൾ, മരങ്ങൾക്ക് ജീവനുണ്ടെന്നും അവ വേദനിക്കുന്നുണ്ടെന്നും കവി സങ്കൽപിക്കുന്നു. ആഴത്തിൽ വേരൂന്നി നിൽക്കുന്ന മരങ്ങൾ മറിഞ്ഞുവീഴുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ, 'പിടയുന്ന കരച്ചിലായി' കവി ഇവിടെ ചിത്രീകരിക്കുന്നു. മരത്തിൽ കൂടൊരുക്കിതാമസിക്കുന്ന നൂറുകണക്കിന് ജീവജാലങ്ങളുടെ ഉച്ചത്തിലുള്ളതും നിശ്ശബ്ദവുമായ കരച്ചിലും കവി ഇവിടെ അർത്ഥമാക്കുന്നുണ്ടാവാം.

♦ 'ഒരു പച്ചയെടുത്തെൻ ജീവിതമെങ്ങനെ പച്ച പിടിക്കും?' പച്ചയെടുക്കുക, പച്ച പിടിക്കുക ഈ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്താമോ?
കവിതയിൽ 'പച്ചയെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു പച്ചമരം മുറിക്കുക അല്ലെങ്കിൽ പ്രകൃതിയുടെ പച്ചപ്പിനെ അപഹരിക്കുക എന്നാണ്. ഇവിടെ 'പച്ച' എന്നത് മരങ്ങളെയും സസ്യങ്ങളെയും സൂചിപ്പിക്കുന്നു. 'പച്ചപിടിക്കുക' എന്നത് ഒരു ശൈലിയാണ്. ഇതിനർത്ഥം ജീവിതത്തിൽ അഭിവൃദ്ധിപ്പെടുക, സാമ്പത്തികമായി മെച്ചപ്പെടുക, കഷ്ടപ്പാടുകളിൽനിന്ന് കരകയറി നല്ല അവസ്ഥയിൽ എത്തുക എന്നൊക്കെയാണ്.

♦ ഒരു വാക്കിന് ഒന്നിലധികം അർഥം വരുന്ന മറ്റ് സന്ദർഭങ്ങൾ കണ്ടെത്തൂ. കറുത്ത കരങ്ങൾ, പൊളിച്ചടുക്കുക, കണ്ണു തുറക്കുക, അടിച്ചു പൊളിക്കുക, വട്ടം കറങ്ങുക, വലയിൽ വീഴുക, നിറം മങ്ങുക, കല്ലെറിയുക, തട്ടിക്കളിക്കുക.

♦ നെഞ്ച് (നഞ്ച്) - ക്രിസ്റ്റി ഇലക്കണ്ണൻ
സ്വച്ഛമായി ഒഴുകുന്ന കാട്ടുതോട്ടിലെ കൗതുകകരമായ പേരുകളുള്ള
നാനാവിധം മീനുകൾ! ആർത്തിയുള്ള ആധുനിക മനുഷ്യൻ അവിടെയും കൊടുംവിഷം കലക്കി. നഞ്ചു കലക്കിയ വെള്ളത്തിൽ കുഞ്ഞുമീനുകൾ പോലും ചത്തുപൊങ്ങി. അതോടെ ആ തോടും ചത്തുപൊങ്ങി എന്നാണ് കവി പറയുന്നത്. 
പ്രകൃതിയുമായി ഇടപഴകി രമ്യതയോടെ പുലരുന്ന ഗോത്രജീവിതത്തിന്റെ തിരിച്ചറിവാണ് ക്രിസ്റ്റി ഇലക്കണ്ണന്റെ ഈ കവിതയെ തിളക്കമുള്ളതാക്കുന്നത്.

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ തോട്ടിൽ വിഷം കലക്കിയപ്പോൾ എന്തെല്ലാമാണ് ചത്തു പൊങ്ങിയത്?
കല്ലുമുട്ടി, ആരൽ, വരാൽ, പള്ളത്ത്, വാള, മുഷി, കോല, മുതുക്കില, മുള്ളി ഇവയെല്ലാമാണ് തോട്ടിൽ വിഷം കലക്കിയപ്പോൾ ചത്തുപൊങ്ങിയത്.

♦ അവസാനം ആ തോടും ചത്തുപൊങ്ങി. തോടെങ്ങനെ ചത്തുപൊങ്ങും?
മീനുകളോ മറ്റ് ജീവികളോ ഇല്ലാത്തതിനാൽ തോടിന് അതിന്റെ സ്വാഭാവികമായ ജീവൻ നഷ്ടപ്പെട്ടു എന്നാണ് കവി അർത്ഥമാക്കുന്നത്. അതായത്, മീനുകളോ മറ്റ് ജീവികളോ ഇല്ലാത്ത വെറും വെള്ളം മാത്രമുള്ള തോടിന് ജീവനുണ്ടെന്ന് പറയാൻ കഴിയില്ല. അത് ജലാശയം എന്ന നിലയിൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ട് നിർജ്ജീവമായി എന്ന് അർത്ഥം.

♦ തോട്ടിൽ നഞ്ചു കലർത്തുന്നവരോടു മാത്രമല്ല, ഭൂമിയെ നശിപ്പിക്കുന്നവരോടെല്ലാം ചിലതു പറയാനില്ലേ? എന്തെല്ലാമാണവ? 
ഭൂമി നമ്മുടെയെല്ലാം പൊതു സ്വത്താണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു തലമുറയുടെയോ സ്വന്തമല്ല, വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. നിങ്ങളുടെ ലാഭത്തിനുവേണ്ടി നിങ്ങൾ നശിപ്പിക്കുന്നത് അവരുടെ ഭാവിയാണ്. നിങ്ങൾ വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്കുകവറും, വെട്ടിവീഴ്ത്തുന്ന ഓരോ മരവും, വിഷം കലർത്തുന്ന ഓരോ ജലാശയവും പ്രകൃതിയെ മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിനെക്കൂടി അപകടത്തിലാക്കുന്നുണ്ട്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരുമ്പോൾ കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും വർദ്ധിക്കും. പ്രകൃതിയെ സംരക്ഷിക്കുന്നത് കേവലം നിയമങ്ങളിലൂടെ മാത്രം സാധ്യമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും മനസ്സിൽ പ്രകൃതിയോടുള്ള സ്നേഹവും ബഹുമാനവും ഉണ്ടാകുമ്പോഴാണ് അത് പൂർണ്ണമാവുക. നമുക്കൊരുമിച്ച് ഈ ഭൂമിയെ അടുത്ത തലമുറയ്ക്ക് കൈമാറാം, അതിന്റെ സൗന്ദര്യവും സമ്പത്തും നിലനിർത്തിക്കൊണ്ട്.

♦ കവിതയും അതിനുശേഷമുള്ള ചിത്രവും തമ്മിൽ (പാഠപുസ്തകം പേജ്: 77) എന്തു ബന്ധമാണുള്ളത്? 
ഈ കവിതയും ചിത്രവും ഒരേ ആശയമാണ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ബോംബു വർഷിക്കുന്ന ഹെലിക്കോപ്റ്ററുകളും യുദ്ധവിമാനങ്ങളും ചിത്രത്തിൽ കാണാം. ആളുകൾ ജീവനുംകൊണ്ടോടുന്നു. കെട്ടിടം തകർന്നുവീഴുകയും അന്തരീക്ഷം പുക നിറഞ്ഞു മലിനമാവുകയും ചെയ്തിരിക്കുന്നു. തോട്ടിൽ നഞ്ചുകലക്കുന്നതു പോലെതന്നെ യുദ്ധം പോലുള്ള മനുഷ്യന്റെ വിനാശകരമായ പ്രവൃത്തികൾ പ്രകൃതിക്കും ജീവജാലങ്ങൾക്കും വരുത്തുന്ന നാശത്തെ ചിത്രത്തിൽ വരച്ചുകാട്ടുന്നു.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments