SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 03 ഒന്നല്ലി നാം: നിങ്ങളോർക്കുക, വെളിയേ, ബ്രേക്കിങ് ന്യൂസ്, സ്വപ്നച്ചിറകിൽ - ചോദ്യോത്തരങ്ങൾ

Kerala Syllabus Class 8 കേരള പാഠാവലി - Unit 03 ഒന്നല്ലി നാം: നിങ്ങളോർക്കുക, വെളിയേ, ബ്രേക്കിങ് ന്യൂസ്, സ്വപ്നച്ചിറകിൽ - ചോദ്യോത്തരങ്ങൾ

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ
''ഒന്നല്ലി നാം'' എന്ന യൂണിറ്റിലെ ''നിങ്ങളോർക്കുക'', ''വെളിയേ'', ''ബ്രേക്കിങ് ന്യൂസ്'', ''സ്വപ്നച്ചിറകിൽ'' എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്രദമാകും വിധം ചോദ്യോത്തരങ്ങളും, അനുബന്ധപ്രവർത്തനങ്ങളും താഴെ നൽകിയിരിക്കുന്നു.
♦ ഒന്നല്ലി നാം - യൂണിറ്റിനെക്കുറിച്ച്  
ഭൂമിയിലുള്ള ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവുമുണ്ട്. ഒന്നും മറ്റൊന്നിനേക്കാൾ ചെറുതല്ല എന്ന ആശയത്തിന് ഇന്ന് പ്രസക്തിയേറുകയാണ്. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, ഉയർന്നവനെന്നോ താഴ്ന്നവനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യർ ഒന്നാണ് എന്ന സന്ദേശം പകരുന്ന രണ്ടു കവിതകളും രണ്ടു നോവൽഭാഗങ്ങളും ഒരു പ്രസംഗവുമാണ് ഈ യൂണിറ്റിലുള്ളത്. പ്രകൃതിയെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരെയും ചൂഷണം ചെയ്യുന്നതിനോടുള്ള പ്രതിഷേധമാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'നിങ്ങളോർക്കുക' എന്ന കവിത. ഗോത്രജീവിതാനുഭവങ്ങളെക്കുറിച്ചുള്ള പി. ശിവലിംഗന്റെ കവിതയാണ് 'വെളിയേ'. സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്ത ജോലിയൊന്നുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് “ബ്രേക്കിങ് ന്യൂസ്'. സമാധാനവും വിദ്യാഭ്യാസവും സമത്വവും എല്ലാവരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പോരാടിയ മലാലയുടെ പ്രസംഗമാണ് "സ്വപ്നച്ചിറകിൽ' എന്ന ശീർഷകത്തിൽ ചേർത്തിരിക്കുന്നത്.
♦ പ്രവേശക പ്രവർത്തനം
എന്റെ പൂർവികർ നിർഭാഗ്യവാന്മാരായിരുന്നു. പക്ഷേ, ഞങ്ങൾ എന്നും അധ്വാനികളാണ്, മറ്റുള്ളവരെ വിശ്വസിക്കുന്നവരാണ്. നൂറ് ശതമാനവും മലയുടെ മക്കൾ, മലയുടെ അരചന്മാർ. ഞങ്ങളെ അപരിഷ്കൃതരെന്ന് വിളിച്ചത് മറ്റുള്ളവരാണ്. പരിഷ്കാരം അങ്ങനെയാണല്ലോ. മലയോരത്ത് വീടുകെട്ടി, മണ്ണിൽ വിയർപ്പൊഴുക്കി ജീവിക്കുന്നവന്, സുന്ദരമായ ഉടയാടകളില്ലായിരിക്കാം, മനംമയക്കുന്ന, ചതിനിറഞ്ഞ വാചകശൈലി ഇല്ലായിരിക്കാം. എങ്കിലും ഞങ്ങൾക്ക് ഞങ്ങളുടേതായ നല്ല ജീവിതസമ്പ്രദായങ്ങളുണ്ട്.
- കൊച്ചരേത്തി (നാരായൻ)

♦ പുറംമോടികളാണോ ഒരു പരിഷ്കൃത സമൂഹത്തെ നിർണ്ണയിക്കുന്നത് ? നിങ്ങളുടെ നിരീക്ഷണങ്ങൾ ചർച്ച ചെയ്യുക. 
പുറംമോടികളല്ല ഒരു പരിഷ്കൃതസമൂഹത്തെ നിർണ്ണയിക്കു ന്നത്. മറ്റു മനുഷ്യരോട്, പ്രകൃതിയോട്, ജീവജാലങ്ങളോട് എങ്ങനെ നാം പെരുമാറുന്നു എന്നതാണ് പരിഷ്കാരത്തിന്റെ പ്രധാന മാനദണ്ഡം. പരിഷ്കാരമുള്ളവരെല്ലാം സംസ്കാരമുള്ളവരാകണമെന്നില്ല. മലയുടെ അരചന്മാർ എന്നും അധ്വാനികളായി ജീവിക്കുന്നവരാണ്. മറ്റുള്ളവരെ വിശ്വസിക്കുന്നവരുമാണ്. അവരുടെ ഇടയിലേക്ക് അതിക്രമിച്ചു കയറിയവരാണ് അവരെ അപരിഷ്കൃതർ എന്ന് വിളിച്ചത്. മനോഹരമായ വസ്ത്രങ്ങളോ മനംമയക്കുന്ന, ചതിനിറഞ്ഞ വാചകശൈലിയോ ഇല്ലാത്തതുകൊണ്ട് അവർ പരിഷ്കാരികൾ അല്ലാതാകുന്നില്ല. അവർക്ക് സ്വന്തമായ സംസ്കാരവും ജീവിതരീതിയുമുണ്ട്. സന്തോഷത്തോടെ അധ്വാനിച്ച്, പ്രകൃതിയെ സംരക്ഷിച്ച് തങ്ങളുടേതായ ജീവിതസമ്പ്രദായങ്ങളിൽ മുന്നോട്ടുപോകുന്നവരെ അപരിഷ്കൃതർ എന്ന് വിളിക്കുന്നവരാണ് യഥാർഥത്തിൽ അപരിഷ്കൃതർ. പുറംമോടിയല്ല പരിഷ്കാരത്തിന്റെ അളവുകോലായി കാണേണ്ടത്. പുറംമോടികൾക്ക് അമിത പ്രാധാന്യം നൽകുന്നവരായി നാം മാറരുത്.

പാഠം: 1
നിങ്ങളോർക്കുക - കടമ്മനിട്ട രാമകൃഷ്ണൻ 
♦ കവിതയുടെ ആശയം
മലഞ്ചൂരൽ മടയിൽ നിന്നാണ് കുറത്തിയുടെ വരവ്. മലയിറങ്ങി വന്ന് സമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് കുറത്തി. നിങ്ങൾ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നുകയാണോ? നിങ്ങൾ അവരുടെ കണ്ണീർനിറഞ്ഞ കണ്ണുകളെ ചൂഴ്‌ന്നെടുക്കുകയാണോ? ഞങ്ങളുടെ കുഴിമാടം നിങ്ങൾ കുളം തോണ്ടുകയാണോ എന്നിങ്ങനെ മേലാളവർഗത്തിനു നേരെയുള്ള ആത്മരോഷമാണ് കുറത്തിയുടെ ഓരോ ചോദ്യവും. നിങ്ങളോർക്കണം നിങ്ങളെങ്ങനെ നിങ്ങളായി എന്നാണ് കുറത്തി തുടർന്ന് ചോദിക്കുന്നത്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുകൊടുത്ത് മേലാളരുടെ വിശപ്പും കാട്ടുചോലയിലെ തെളിനീര് പകർന്നുകൊടുത്ത് ദാഹവും മാറ്റിയത് ഞങ്ങളാണ്. പൂത്ത മാമരച്ചോട്ടിൽ അവർ കാറ്റുകൊണ്ട് മയങ്ങിയപ്പോൾ കണ്ണിമയ്ക്കാതെ
അവിടെ കാവൽനിന്നു. കാട്ടുപോത്തും കരടിയും കടുവയുമെല്ലാം ആക്രമിക്കാൻ വന്നപ്പോൾ കൂർത്ത ആയുധങ്ങളുമായി അവയെ എതിരിട്ട് കാത്തു രക്ഷിച്ചു. പുലിയുടെ കൂർത്ത പല്ലിന് ഇരയായപ്പോഴും ആ പല്ല് അടർത്തിക്കളഞ്ഞ് വില്ലുമായി വീര്യത്തോടെ വീണ്ടും കുതിച്ചു പാഞ്ഞു. ഇങ്ങനെ മേലാളവർഗ്ഗത്തിന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വന്തം ജീവിതവും ജീവനുമെല്ലാം ത്യജിക്കാൻ തയാറായവരെ നിങ്ങൾ ഓർക്കുന്നുണ്ടോ എന്നാണ് കുറത്തി ചോദിക്കുന്നത്. നദിയും കാടും കടലുമെല്ലാം അരിച്ച് കനകവും സ്വർണവും മരവും പൂവും തേനുമെല്ലാം കാഴ്ചയായി നൽകിയതും കുറത്തി ഓർമിപ്പിക്കുന്നു. തങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്തതിനെ ചോദ്യം ചെയ്യുകയാണ് കുറത്തി. മദമിളകിയ കൊമ്പനാനയെയും നായ്ക്കളെയുമെല്ലാം മെരുക്കി അവർക്കായി കാഴ്ചവച്ചു. പശുക്കളെ കറന്ന് നിറയെ പാലുനൽകി. മരം മുറിച്ച് പുല്ലുമേഞ്ഞ് തട്ടൊരുക്കി തളമൊരുക്കി വീടുപണിതു കൊടുത്തു. മലയെല്ലാം കിളച്ചുമറിച്ച് ചെളികലക്കി മുളവിതച്ച് മൂടനിറയെ വിളവുനൽകി. കാട്ടുദൈവങ്ങളെ പ്രീതിപ്പെടുത്താൻ കതിരുകാളയെ ഉണ്ടാക്കി തിറയെടുത്തു. ഇങ്ങനെ സ്വന്തം ജീവിതം മറന്ന് മേലാളർക്കു വേണ്ടി അധ്വാനിച്ചവർക്ക് വിശപ്പകറ്റാൻ ആഹാരമില്ല. കുഞ്ഞുങ്ങൾക്ക് നാണം മറയ്ക്കാൻ വസ്ത്രമില്ല. അന്തിയുറങ്ങാൻ വീടില്ല. അന്തിവെട്ടത്തിന് തിരികൊളുത്താൻ എണ്ണയില്ല. എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഉറഞ്ഞുതുള്ളുകയാണ് കുറത്തി. കാലാകാലങ്ങളായി അടിസ്ഥാനവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തോടുള്ള പ്രതിഷേധമാണ് കുറത്തിയിലൂടെ കവി അവതരിപ്പിക്കുന്നത്.

♦ കണ്ടെത്താം പറയാം
♦ സമൂഹത്തോട് കവി ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ എന്തെല്ലാം? കവിത വായിച്ച് കണ്ടെത്തി അവതരിപ്പിക്കുക. 
അധ്വാനവർഗത്തെ ചൂഷണം ചെയ്തവരോടുള്ള പ്രതിഷേധം കുറത്തിയുടെ ചോദ്യങ്ങളിലുണ്ട്. നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുകയാണോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകളെ ചൂഴ്‌ന്നെടുക്കുകയാണോ? നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളം തോണ്ടുകയാണോ? നിങ്ങളെങ്ങനെയാണ് ഇന്നീ കാണുന്ന നിലയിലെത്തിയത് ? മറ്റുള്ളവർക്കായി ജീവിതസുഖങ്ങൾ ത്യജിച്ച ഞങ്ങൾക്ക് ആഹാരം എവിടെ? ഞങ്ങളുടെ മെലിഞ്ഞ പൈതങ്ങൾക്ക് നാണം മറയ്ക്കാൻ വസ്ത്രമെവിടെ? അന്തിയുറങ്ങാൻ കൂരയെവിടെ? അന്തിക്ക് വെളിച്ചം കാണുന്നതിന് തിരികൊളുത്താൻ എണ്ണയെവിടെ? എന്നെല്ലാമാണ് കുറത്തിയിലൂടെ കവി ചോദിക്കുന്നത്.

♦ ചർച്ച
♦ “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്''- ഇങ്ങനെയൊരു ഓർമ്മപ്പെടുത്തലിന് കവിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം? ചർച്ചചെയ്യുക. 
• മേലാളന്മാരുടെ സുഖജീവിതത്തിനുവേണ്ടി ജീവിതസുഖങ്ങളൊക്കെ ത്യജിക്കേണ്ടിവന്ന അധ്വാനവർഗ്ഗത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണ് കവി.
• സമൂഹരൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും ചൂഷണത്തിനു വിധേയരായ അരികുജീവിതങ്ങൾ ഉണ്ടായിട്ടുണ്ട്. നാം ഇന്നുകാണുന്ന പുരോഗതികൾ ഉണ്ടായത് ഒരു വിഭാഗം ആളുകൾ അധ്വാനിക്കുന്നതുകൊണ്ടാണ്. 
• നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്കു പിന്നിലും അവരുടെ അധ്വാനമുണ്ട്.
• അധ്വാനിക്കുന്ന വിഭാഗമാണ് സമൂഹത്തെ താങ്ങിനിർത്തുന്നത് 
• ചിലർ കൊണ്ട വെയിലാണ് നമ്മുടെ തണൽ എന്ന് മറക്കരുത് എന്നാണ് കവി പറയുന്നത്.

♦ വിവരണക്കുറിപ്പ്
♦ “നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? 
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്‌ന്നെടുക്കുന്നോ?'' - ഒരു കാലത്തിന്റെ സാമൂഹികാവസ്ഥയുടെ സൂചനയാണ് ഈ വരികൾ. മറ്റുവരികൾ കൂടി വിശകലനം ചെയ്ത് കവിതയിൽ തെളിയുന്ന സാമൂഹികജീവിതത്തെക്കുറിച്ച് വിവരണക്കുറിപ്പ് തയ്യാറാക്കുക.
ക്ലാസിൽ വികസിപ്പിച്ച സൂചകങ്ങളുടെ സഹായത്തോടെ പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്തുക. ആശയം, വാക്യഘടന, പദം, അക്ഷരം, ചിഹ്നനം, വ്യവഹാരരൂപം എന്നിവ ശ്രദ്ധിക്കുമല്ലോ. 
കാടിറങ്ങിവന്ന കുറത്തി ഉറഞ്ഞുതുള്ളുകയാണ്. ഭദ്രകാളിയെപ്പോലെ കോപിച്ചാണ് അവൾ എത്തുന്നത്. അതിനുകാരണമുണ്ട്. തന്റെ മക്കളെയെല്ലാം ആരൊക്കെയോ ചേർന്ന് കൊന്നുകളഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന ആദിവാസികളും ദരിദ്രരും അവഗണിക്കപ്പെട്ട മറ്റു സമൂഹങ്ങളും എല്ലാം കറുത്തമക്കളുടെ കൂട്ടത്തിലുണ്ട്. എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ് 'കറുത്തമക്കൾ' അവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് കുറത്തി ശബ്ദിക്കുന്നത്. എന്റെ കറുത്ത മക്കളെ നിങ്ങൾ കൊന്നു തിന്നുകയാണോ എന്ന് അധികാരികളോട്, കരനാഥന്മാരോട് അവൾ കോപത്തോടെ ചോദിക്കുന്നു. അവരെക്കൊന്നാൽ ആരും ചോദിക്കാനില്ല. എന്നാൽ ആ അമ്മ അതുചോദിക്കാൻ കാടിറങ്ങി വന്നിരിക്കുന്നു. ദുഃഖത്താൽ കണ്ണീർ നിറഞ്ഞ തന്റെ മക്കളുടെ കണ്ണുകൾ ചൂഴ്ന്നടുക്കുന്നതാരാണ് എന്ന ചോദ്യവും കുറത്തി ഉയർത്തുന്നുണ്ട്. കണ്ണു ചൂഴ്ന്നും മർദ്ദിച്ചും വിവിധരീതികളിൽ കൊലചെയ്യപ്പെടുന്ന സാധാരണ മനുഷ്യരുടെ യാതനകൾ ഉയർത്തിപ്പിടിച്ചാണ് കുറത്തി പ്രതിഷേധിക്കുന്നത്. കറുത്ത മക്കളുടെ കുഴിമാടം (മൃതദേഹം മറവുചെയ്ത സ്ഥലം) പോലും ആരെല്ലാമോ ചേർന്ന് കുളം തോണ്ടുകയാണ് (നശിപ്പിക്കുകയാണ്) മരിച്ചതിനു ശേഷവും ഒരടിമണ്ണ് അവകാശമായി തന്റെ മക്കൾക്ക് ലഭിക്കുന്നില്ല. കാടു കൈയേറി, അവരുടെ സമ്പത്തും ജീവിതവും ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയാണ് കുറത്തി ശക്തമായി പ്രതിഷേധിക്കുന്നത്.
അധികാരത്തിലുള്ളവരോടാണ് അവളുടെ മൂർച്ചയുള്ള ചോദ്യം. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളാണ് 'കറുത്ത മക്കൾ'. അവരുടെ പക്ഷം ചേർന്നുകൊണ്ട് കുറത്തി ചോദിക്കുന്ന ചോദ്യം എന്നും പ്രസക്തമാണ്. നിശ്ശബ്ദരാക്കപ്പെട്ട ജനവിഭാഗത്തിനു വേണ്ടിയാണ് 'കുറത്തി'യിലൂടെ കവി ശബ്ദിക്കുന്നത്. മേലാളവർഗത്തിനു കീഴിൽ അടിസ്ഥാനജനവിഭാഗങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു, കൊല്ലപ്പെടുന്നു. കുറത്തി, കിരാതവൃത്തം, കാട്ടാളൻ എന്നീ കവിതകളിലൂടെ കടമ്മനിട്ട ഉയർത്തുന്ന ചോദ്യങ്ങൾ അരികിലാക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്. 'കുറത്തി'യുടെ ചോദ്യങ്ങൾ സ്ത്രീ പക്ഷത്തുനിന്നുള്ള പ്രതിഷേധസ്വരമായും കണക്കാക്കാം. ഒരമ്മ മാത്രമല്ല സ്ത്രീകളുടെ പ്രതിനിധികൂടിയാണവൾ. അടിസ്ഥാനവിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി അധികാരവർഗത്തോട് കലഹിക്കുകയാണ് കുറത്തി. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നു പറഞ്ഞ് ആൾക്കൂട്ടം ഇല്ലാതാക്കിയ മധുവിനെ പോലുള്ളവരെ നമുക്കോർക്കാം. അപ്പോൾ കുറത്തിയുടെ പ്രതിഷേധത്തിന്റെ അർഥം മനസ്സിലാകും. അധികാരത്തോട്, സമുഹത്തോട് എല്ലാമുള്ള ചോദ്യമാണ് കുറത്തിയുടേത്.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 
(1 മാർക്ക് ചോദ്യങ്ങൾ)
♦ 'കാളകെട്ടിക്കാട്ടുദൈവക്കൂത്തരങ്ങിൽ
തിറയെടുത്തില്ലേ' -ഏതു കലാരൂപത്തെക്കുറിച്ചുള്ള സൂചനയാണ് ഈ വരികളിലുള്ളത് ?
(A) കുമ്മാട്ടി
(B) കതിരുകാള നൃത്തം
(C) മുടിയേറ്റ്
(D) പടയണി
ഉത്തരം: കതിരുകാള നൃത്തം

♦ കാട്ടുചോലത്തെളിനീര്
പകർന്നുതന്നില്ലേ. - അടിവരയിട്ട പദത്തിന്റെ വിഗ്രഹാർഥം ഏത്?
(A) കാട്ടിലെ ചോല
(B) കാടിന്റെ ചോല
(C) കാടും ചോലയും
(D) കാടുള്ള ചോല
ഉത്തരം: കാട്ടിലെ ചോല

♦ "മരം മുറിച്ച് പുല്ലുമേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി' - എന്തിന്റെ ഒരുക്കങ്ങളാണ് ഈ വരികളിൽ വിവരിക്കുന്നത്?
(A) കൃഷിയുടെ
(B) കാടുവെട്ടിത്തെളിക്കുന്നതിന്റെ
(C) വീടു പണിയുന്നതിന്റെ
(D) മലയിടിക്കുന്നതിന്റെ
ഉത്തരം: വീടു പണിയുന്നതിന്റെ

♦ ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?
(i) മലയൊരുക്കി - മല, യൊരുക്കി
(ii) പല്ലടർത്തി - പല്ല്, അടർത്തി
(A) i) മാത്രം ശരി
(B) (ii) മാത്രം ശരി
(C) (i) ഉം (ii) ഉം ശരി
(D) എല്ലാം തെറ്റ്
ഉത്തരം: (ii) മാത്രം ശരി

(3 മാർക്ക് ചോദ്യങ്ങൾ)
♦ 'എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങൾ? അവർക്ക് അന്നമെവിടെ? നാണമെവിടെ?' -കാവ്യസന്ദർഭം വിശകലനം ചെയ്ത് കുറിപ്പായി എഴുതു. 
മേലാളന്മാരുടെ ചൂഷണത്തിനിരയായി സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട അടിസ്ഥാനവർഗത്തിന്റെ പ്രതിനിധിയാണ് കുറത്തി. തങ്ങളുടെതായതെല്ലാം ചൂഷണം ചെയ്ത്, കവർന്നെടുത്ത് അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വകയില്ലാതാക്കിയവരോടുള്ള രോഷമാണ് കുറത്തിയുടെ വാക്കുകളിലുള്ളത്. ഒരുനേരത്തെ അന്നമോ, നാണം മറയ്ക്കാൻ വസ്ത്രമോ ഇല്ലാത്ത അടിസ്ഥാനവർഗത്തിന്റെ ജീവിതാവസ്ഥയാണ് ഇവിടെ പ്രതിഫലിക്കുന്നത്.

♦ 'നിങ്ങളോർക്കുക' എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക. നിങ്ങളോർക്കുക എന്നത് കവി സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളാണ്. നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്കു പിന്നിൽ അധ്വാനവർഗത്തിന്റെ വിയർപ്പുതുള്ളികളുണ്ട്. അത് നമുക്ക് ഓർമ്മവേണം എന്നാണ് കവി പറയുന്നത്. കാടിന്റെ മക്കളുടെ ഭൂമി കൈയേറിയും അവരെ ചൂഷണം ചെയ്തുമാണ് നമ്മൾ നമ്മളായത് എന്ന് കവി ഓർമിപ്പിക്കുന്നു. തങ്ങളെ അടിമകളാക്കിവച്ചിരിക്കുന്ന, തങ്ങളുടെ അധ്വാനത്തെയും പരിസരങ്ങളെയും ചൂഷണം ചെയ്യുന്നവർക്കുനേരെയുള്ള ഒരു ജനവിഭാഗത്തിന്റെ പ്രതിഷേധം നിങ്ങളോർക്കുക എന്ന ശീർഷകത്തിൽ പ്രതിഫലിക്കുന്നു.

(5 മാർക്ക് ചോദ്യം)
♦ 'നിങ്ങളോർക്കുക' എന്ന കാവ്യഭാഗം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യവിമർശനം വിലയിരുത്തി കുറിപ്പ് തയാറാക്കുക. 
കാടിന്റെ മക്കളുടെ, അടിസ്ഥാനവർഗത്തിന്റെ ഭൂമിയും സ്വത്തുമെല്ലാം കൈയേറിയവരോടുള്ള പ്രതിഷേധമാണ് 'കുറത്തി'യിലൂടെ കടമ്മനിട്ട അവതരിപ്പിക്കുന്നത്. കാടിന്റെ മക്കളുടെ കുലം മുടിച്ച്, അവരെ ചൂഷണം ചെയ്ത് അടിമകളാക്കി. ചൂഷണം തിരിച്ചറിയാതെ അവർക്കുവേണ്ടി അധ്വാനിച്ച് ജീവിച്ചവർക്ക് ബാക്കിയായത് പട്ടിണിയും ദുരിതങ്ങളും മാത്രം. തലമുറകളായി കാടിന്റെ മക്കൾ അനുഭവിക്കുന്ന അവഗണനകളോടുള്ള രോഷമാണ് കുറത്തിയുടെ ചോദ്യങ്ങളിലുള്ളത്. വികസനത്തിനുവേണ്ടിയും സ്വാർഥപരമായ നേട്ടങ്ങൾക്കുവേണ്ടിയും പ്രകൃതിയിലും അടിസ്ഥാനവിഭാഗങ്ങൾക്കു നേരെയും നടത്തുന്ന കടന്നുകയറ്റത്തോടും അവരെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിനോടുമുള്ള പ്രതിഷേധവും നിങ്ങളോർക്കുക എന്ന കാവ്യഭാഗത്തുണ്ട്.

♦ പദപരിചയം
• ചോല - കാട്ടരുവി
• ചിമ്മാതെ - അടയ്ക്കാതെ
• കൂര - ചെറിയ വീട്

♦ സന്ധി
1. ലോപസന്ധി
• ചൂഴ്‌ന്നെടുക്കുന്ന - ചുഴന്ന്, എടുക്കുന്ന
• പല്ലടർത്തി - പല്ല്, അടർത്തി
• കാടരിച്ച് - കാട്, അരിച്ച്
• തട്ടൊരുക്കി - തട്ട്, ഒരുക്കി

2. ദ്വിത്വസന്ധി
• കാട്ടുവള്ളിക്കിഴങ്ങ് - കാട്ടുവള്ളി, കിഴങ്ങ്
• ചോലത്തെളിനീര് - ചോല, തെളിനീര്
• മാമരച്ചോട്ടിൽ - മാമര ചോട്ടിൽ

3. ആഗമസി
• നദിയരിച്ച് - നദി, അരിച്ച്
• മയങ്ങിയപ്പോൾ - മയങ്ങി, അപ്പോൾ
• പുലിയുടെ - പുലി, ഉടെ  
• മലയൊരുക്കി - മല, ഒരുക്കി

♦ വിഗ്രഹിച്ചെഴുതാം
• കാട്ടുവള്ളിക്കിഴങ്ങ് - കാട്ടുവള്ളിയുടെ കിഴങ്ങ് 
• കാട്ടുചോലത്തെളിനീര് - കാട്ടുചോലയിലെ തെളിനീര്

♦ പകരം പദങ്ങൾ
• നദി - സരിത്ത്, തടിനി, പുഴ 
• കാട് - അടവി, വിപിനം, വനം
• കടൽ - ആഴി, അബ്ധി, സാഗരം
• കനകം - സ്വർണം, കാഞ്ചനം, ഹിരണ്യം
• തേൻ - മധു, മടു, മകരന്ദം

♦ വെളിയേ - പി.ശിവലിംഗൻ 
♦ കണ്ടെത്താം എഴുതാം 

♦ ഗോത്രജീവിതാനുഭവങ്ങൾ എങ്ങനെയാണ് കവിതയിൽ ആവിഷ്കരിച്ചിട്ടുള്ളത്? 
കേരളത്തിനകത്ത് വിവിധ ഭാഷകളും ജീവിതങ്ങളുമുണ്ട്. ഗോത്രജനതയുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും ജീവിതാവസ്ഥകളുമെല്ലാം
ആവിഷ്കരിക്കുകയാണ് വെളിയേ എന്ന കവിത. വെളിയേ എന്നാൽ പുറത്തേക്ക് എന്നാണ്. മനുഷ്യർ ജീവിക്കുന്നത് കാട്ടിലാണ്. പുറത്തുനിന്നുള്ളവർ വന്ന് കാടുകൈയേറിയപ്പോൾ കാടിന്റെ അവകാശികൾ പുറത്തായി. ഇനി എപ്പോഴാണ് ഉള്ളിലാകുന്നത് എന്ന ചോദ്യം അവർ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. അതിരാവിലെ എണീക്കുമ്പോൾ മുതൽ അവരുടെ ജീവിതം പുറത്താണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും എല്ലാം പുറത്താക്കലുകൾ കാണാം. ഇങ്ങനെ ഗോത്രസമൂഹത്തിന്റെ ജീവിതാനുഭവങ്ങളെല്ലാം വളരെക്കുറച്ചു വരികളിലൂടെ ആവിഷ്കരിക്കുകയാണ് കവി. 

♦ ഗോത്രഭാഷയിൽ നിന്നും മലയാളത്തിലേക്ക് മാറ്റിയപ്പോൾ എന്തെല്ലാം വിത്യാസങ്ങളാണ് വന്നിട്ടുള്ളത്? 
ഗോത്രഭാഷ പൊതുസമൂഹത്തിന് മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് മൊഴിമാറ്റം ഒഴിവാക്കാനാവില്ല. ഗോത്രഭാഷയിലൂടെ സംവദിക്കുന്ന എല്ലാ കാര്യങ്ങളും മൊഴിമാറ്റത്തിൽ ഉൾപ്പെടുത്താനും എളുപ്പമല്ല, ഗോത്ര ഭാഷയ്ക്ക് ഒരു താളമുണ്ട്. അത് മൊഴിമാറ്റത്തിൽ കുറയുന്നു. ഓരോ ഭാഷയും സംസ്കാരത്തിന്റെ അടയാളമാണ്. ഇരുള ഭാഷയുടെ തനിമ നിലനിർത്താൻ മൊഴിമാറ്റത്തിലൂടെ പൂർണ്ണമായി സാധിക്കില്ല. ആശയം മലയാളത്തിലാക്കാൻ സാധിക്കുമെങ്കിലും ഗോത്രഭാഷയുടെ സൗന്ദര്യം നഷ്ടപെടുന്നു എന്നതാണ് വാസ്തവം.

♦ ഒരേ അർഥതലമുള്ള പദങ്ങൾ രണ്ടുഭാഷയിൽ നിന്നും കണ്ടെത്തി പട്ടികപ്പെടുത്തുക.
• വെളിയേ - പുറത്തേക്ക്
• നാമ് - ഞങ്ങൾ
• തായ് - അമ്മ 
• മാസത്തി - മാസത്തിൽ 
• മൂന് -മൂന്ന് 
• പറന്താ - ജനിച്ചാൽ
• ശാവ്ക്ക് - മരണത്തിന്
• കാട്ക്കേ - കാട്ടിലേക്ക്
• പിന്നെമ് - പിന്നെയും
• ഇനി - ഇനി
• എപ്പ - എപ്പോഴാണ്
• ഉള്ളെ - ഉള്ളിൽ

♦ ഇതര ഗോത്രഭാഷാപദങ്ങൾ ശേഖരിച്ച് സമാനാർഥമുള്ള മലയാളപദങ്ങൾ
കണ്ടെത്തുമല്ലോ?
• തീയു - തീ 
• എരിയിഞ്ച - എരിയുന്ന
• രാജ - ആന
• ചുന്ദരി - സുന്ദരി
• റങ്ക് - ഉറക്കം
• പാളെചൂർട്ടില് - പാളചുരുട്ടിൽ 
• നേരാക്കിറ്റി - നേരെയാക്കി
• ഒയ്‌ക്ണെ - ഒഴുകുന്ന
• എത്തറെ റങ്കൂണു - എത്രയുറങ്ങണം
• തമ്പിരെ -  തമ്പുരാൻ
• കയിഞ്ചക്കു  - കഴിഞ്ഞപ്പോൾ
• അരമെ - അരയിൽ
• പൊട്ടകിണ്ണറാഞ്ചു - പൊട്ടക്കിണറാണ്
• അഗ്ഗെ - അമ്മ
• ഈപ്പി - ഈച്ച 
• കായിത - കടലാസ്
• കസ്‌നെ - കൊതുക്
• കനാസ് - സ്വപ്നം
• കോയാല് - അമ്പലം
• തെഗ്റ് - തൈര്
• ധോവി - ചന്ദ്രൻ
• ധബാരി - അനാഥൻ
• ദീന്തിക്കോൽ - തുമ്പി
• പാമ് - പഴം 
• നോനെ - മണ്ണിര 
• മാറ് - ചൂല് 
• മുട്രി - പുൽച്ചാടി 
• സൊപ്പ - ഇല 
• റല്ല് - ഉരൽ 
• സോലെ - കാട് 
• ലെ - എടീ 
• വാമറ - വാഴ 
• മസാലെ - മുയൽ 
• തട്ട - പാത്രം

പാഠം: 2
ബ്രേക്കിങ് ന്യൂസ് - കെ.ആർ.മീര 
ലോകത്താദ്യമായി ആരാച്ചാരായി നിയമിതയായ ചേതനാ ഗൃദ്ധാ മല്ലിക് എന്ന പെൺകുട്ടിയുടെ കഥയാണ് 'ആരാച്ചാർ' എന്ന നോവലിൽ കെ.ആർ.മീര ആവിഷ്കരിക്കുന്നത്. ഇന്നുവരെ ഒരു സ്ത്രീയും കടന്നുചെന്നിട്ടില്ലാത്ത തൊഴിൽമേഖലയാണത്. 'സ്ത്രീകൾക്കു ചെയ്യാൻ സാധിക്കാത്ത ജോലിയൊന്നുമില്ലെന്ന് ഇതോടെ തെളിയിക്കപ്പെടും' എന്നാണ് ചേതന പറയുന്നത്. സ്ത്രീശക്തിയുടെ പ്രതീകമായി ചേതന മാറുകയാണ്. 'ബ്രേക്കിങ് ന്യൂസ്' എന്ന പാഠഭാഗത്ത് നിന്നുമുള്ള പഠനപ്രവർത്തനങ്ങൾ താഴെ നൽകുന്നു.

♦ പ്രതികരിക്കാം
♦ ''ലോകത്തിൽ ആദ്യമായി ഒരു പെൺകുട്ടി ആരാച്ചാരുടെ തസ്തികയിൽ നിയമിതയായിരിക്കുന്നു. ഇത് എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. ഈ പ്രസ്താവനയോട് പ്രതികരിക്കുക.
ചേതനാ ഗൃദ്ധാ മല്ലിക് ലോകത്തിൽ ആദ്യമായി ആരാച്ചാരായി നിയമിതയായപ്പോൾ 'ഇത് എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്' എന്ന് ചേതന പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്ത ജോലിയൊന്നുമില്ലെന്ന് ഇതോടെ തെളിയിക്കപ്പെടും എന്നാണ് ചേതന അഭിപ്രായപ്പെടുന്നത്. പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയാണ് ആരാച്ചാരുടേത്. കോടതി വധശിക്ഷ വിധിച്ച കുറ്റവാളിയെ തൂക്കിക്കൊല്ലുകയാണ് ആരാച്ചാരുടെ ജോലി, ചേതന ആരാച്ചാരുടെ ജോലി ഏറ്റെടുക്കുന്നത് സ്ത്രീശക്തീകരണം എല്ലാരംഗത്തേക്കും കടന്നുവരുന്നതിന് ഉദാഹരണമാണ്. സ്ത്രീകൾ അബലകളല്ല എന്ന തിരിച്ചറിവും ഇത് നൽകുന്നു. പുരുഷൻ ചെയ്യുന്ന ഏതു ജോലിയും സ്ത്രീകൾക്കും ചെയ്യാൻ സാധിക്കും എന്ന ബോധ്യമാണ് ചേതനയെ മുന്നോട്ടു നയിക്കുന്നത്. ഒരു രംഗത്തുനിന്നും മാറ്റിനിർത്തപ്പെടേണ്ടവളല്ല സ്ത്രീയെന്ന ബോധം ചേതന പ്രകടിപ്പിക്കുന്നു. പുരുഷാധിപത്യപ്രവണതയെ ശക്തമായി ചോദ്യം ചെയ്യാനും തിരുത്താനും ‘ആരാച്ചാർ' എന്ന നോവലിൽ കെ. ആർ. മീര ശ്രമിക്കുന്നുണ്ട്. ആരാച്ചാരുടെ ജോലി നേടി ചേതനാ ഗൃദ്ധാ മല്ലിക് ചരിത്രത്തിൽ സ്ഥാനം നേടുന്നു. സ്ത്രീകളെ ആരാച്ചാർ ജോലിയിൽ നിന്ന് മാറ്റിനിർത്തിയ കാലം പഴങ്കഥയായി മാറുന്ന മുഹൂർത്തത്തിൽ അവർക്ക് അഭിമാനിക്കാനുള്ള അവകാശമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ തൊഴിലിടങ്ങളിലും ശോഭിക്കാൻ സ്ത്രീകൾക്കു കഴിയുമെന്ന യാഥാർഥ്യമാണ് പാഠഭാഗത്ത് ആവിഷ്കരിക്കുന്നത്.

♦ ചർച്ച
♦ യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റിയതോടെ ലോകത്തെ ആദ്യവനിതാ ആരാച്ചാരായിത്തീരുന്നു ചേതനാ ഗൃദ്ധാ മല്ലിക്. കുറ്റവാളികളെ തൂക്കിലേറ്റുക എന്ന ശിക്ഷാരീതി പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്? ക്ലാസിൽ പൊതുവായി ചർച്ച ചെയ്യൂ.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസിൽ ചർച്ച നടത്താം. ചർച്ച നിയന്ത്രിക്കാൻ ഒരു മോഡറേറ്ററെ തെരഞ്ഞെടുക്കണം. 
മോഡറേറ്റർ : ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരായി
ചേതനാ ഗൃദ്ധാ മല്ലിക് നിയമിതയായിരിക്കുന്നു. ഈ സാഹചര്യത്തിൽ തൂക്കിക്കൊല്ലുക എന്ന ശിക്ഷാരീതിയെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. വലിയ കുറ്റവാളികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ഒരു വിഭാഗമാളുകൾ പറയുന്നുണ്ട്. എന്നാൽ വധശിക്ഷ പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല എന്ന അഭിപ്രായം ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ട്. ചില വികസിത രാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കിയിട്ടുമുണ്ട്. ഈ കാര്യത്തിലുള്ള നിങ്ങളുടെ അഭിപ്രായം തുറന്നുപറയുക. 
ഒന്നാംഗ്രൂപ്പ്: ഞങ്ങളുടെ അഭിപ്രായം വധശിക്ഷ നടപ്പാക്കുന്നതിൽ തെറ്റില്ല എന്നാണ്. കൊടുംകുറ്റവാളികൾ സമൂഹ ത്തിൽ എല്ലാക്കാലത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. വലിയ കുറ്റവാളികളിൽ പലർക്കും മറ്റു ശിക്ഷകളിലൂടെ മാനസാന്തരം ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് വധശിക്ഷ നടപ്പാക്കണമെന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. 
രണ്ടാം ഗ്രൂപ്പ് : വധശിക്ഷ പരിഷ്കൃതസമൂഹത്തിന് യോജിച്ച ശിക്ഷാരീതിയല്ല എന്നാണ് ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നത്. കുറ്റവാളിക്ക് മാനസാന്തരത്തിനുള്ള അവസരം നൽകാത്ത ശിക്ഷയാണ് വധശിക്ഷ. തെറ്റു ചെയ്യാനുണ്ടായ സാഹചര്യങ്ങൾ മനസ്സിലാക്കി കുറ്റവാളിക്ക് സ്വയം തിരുത്താനുള്ള സാഹചര്യമാണ് ഭരണകൂടം ഒരുക്കിക്കൊടുക്കേണ്ടതെന്നാണ് ലോകം അംഗീകരിക്കുന്ന കാഴ്ചപ്പാട്. വധശിക്ഷ നിയമവ്യവസ്ഥ നടത്തുന്ന കൊലപാതകമാണെന്നും ചില നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വധശിക്ഷയ്ക്കുപകരം മറ്റു ശിക്ഷകളാണ് അഭികാമ്യം എന്നാണ് ഞങ്ങളുടെ അഭിപ്രായം അതോടൊപ്പം അപകടകാരികളായ കുറ്റവാളികൾ തുടർന്ന് കുറ്റകൃത്യങ്ങൾ ചെയ്യാത്ത തരത്തിൽവേണം ശിക്ഷ വിധിക്കാൻ. മോഡറേറ്റർ: ചർച്ചയിൽ പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. വധശിക്ഷ നിലനിർത്തണമെന്ന് പറയുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. കൊടുംകുറ്റവാളികൾ സമൂഹത്തിന് വെല്ലുവിളിയാകുന്ന സാഹചര്യമുണ്ട് എന്നതാണ് അവരുടെ വാദം. എന്നാൽ കുറ്റം ചെയ്തവർക്ക് പശ്ചാത്തപിക്കാനും തിരുത്താനുമുള്ള അവസരം വധശിക്ഷ നിഷേധിക്കുന്നു എന്ന കാഴ്ചപ്പാടും ശ്രദ്ധേയമാണ്. വധശിക്ഷ നടപ്പാക്കിയാൽ സ്വയം തിരുത്താനാകില്ലല്ലോ.

♦ വിലയിരുത്തൽ കുറിപ്പ്
♦ വാർത്തകൾ സൃഷ്ടിച്ച് റേറ്റിങ് കൂട്ടുന്നതിനായി മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങളെ നോവൽഭാഗത്ത് എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്? വിമർശനാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
റേറ്റിങ് കൂട്ടുന്നതിനായി പലതരം ശ്രമങ്ങൾ മാധ്യമങ്ങൾ നടത്താറുണ്ട്. അത്തരം ചില ശ്രമങ്ങൾ നോവൽഭാഗത്ത് എഴുത്തുകാരി അവതരിപ്പിക്കുന്നു. സി.എൻ.സി. ചാനൽ പറയുന്നത് തക്കിക്കൊല്ലാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥ് ബാനർജി ഭാഗ്യവനാണ് എന്നാണ്. ചരിത്രത്തിലാദ്യമായി വളയിട്ട കൈകളൊരുക്കുന്ന കുടുക്ക് കഴുത്തിലണിഞ്ഞ് കാലപുരിപൂകാനുള്ള ഭാഗ്യമാണ് യതീന്ദ്രനാഥ് ബാനർജിക്ക് കൈവന്നിരിക്കുന്നത് എന്നാണ് ചാനൽ പറയുന്നത്. തൂക്കിക്കൊലവരെയുള്ള ഓരോ നിമിഷവും സി. എൻ. സി. ചാനൽ ചേതനയുടെ കൂടെ തന്നെയുണ്ടാകും. ഒരു വ്യക്തിയുടെ വധശിക്ഷ ആഘോഷമാക്കി റേറ്റിങ് കൂട്ടാനുള്ള എല്ലാ ശ്രമവും ചാനൽ നടത്തുന്നു.
ലോകത്താദ്യമായി ഒരു സ്ത്രീ ആരാച്ചാർ തസ്തികയിൽ നിയമിതയായത് പ്രധാനപ്പെട്ട വാർത്തയാണ്. അർഹിക്കുന്ന പ്രാധാന്യത്തോടെ ആ വാർത്ത അവതരിപ്പിക്കുക ആവശ്യവുമാണ്. അതിനുമപ്പുറം തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ട ആളിന്റെ ജീവിതം ചർച്ച ചെയ്ത് സമയം കളയുന്നതുകൊണ്ട് വ്യക്തികൾക്കും സമൂഹത്തിനും പ്രയോജനമൊന്നും കിട്ടുന്നില്ല. ഇത്തരം വാർത്തകളും ദുരന്തങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും സംപ്രേഷണം ചെയ്യുമ്പോൾ ചാനലുകൾ മിതത്വം പാലിക്കേണ്ടതുണ്ട്. ആ മിതത്വം സി. എൻ.സി. ചാനൽ പാലിക്കുന്നില്ല. ദൃശ്യമാധ്യമങ്ങളുടെ മത്സരസ്വഭാവം പലപ്പോഴും അതിരുകടക്കുന്നു എന്നതാണ് വാസ്തവം. വൈകാരികമായ കാര്യങ്ങൾ ചർച്ചചെയ്ത് റേറ്റിങ് കൂട്ടാനുള്ള ശ്രമം ആപഹാസ്യംതന്നെയാണ്. വാർത്തകളുടെ സ്വഭാവവും സാഹചര്യവും അതിലുൾപ്പെട്ട വ്യക്തികളുടെ മാനസികാവസ്ഥയും എല്ലാം പരിഗണിക്കേണ്ടതുണ്ട്. സി. എൻ. സി ചാനൽ കാണിക്കുന്ന ആവേശം ഇന്നത്തെ കാലത്തെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നതു തന്നെയാണ്.

♦ തത്സമയ വാർത്ത
♦ തത്സമയ വാർത്തയുടെ സവിശേഷതകൾ എന്തെല്ലാം? ചർച്ചയ്യുക. നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. 
• ആശയസമഗ്രത
• ആകർഷകവും ചടുലവുമായ അവതരണം
♦ നിങ്ങളുടെ സ്കൂളിലെ കലോത്സവം, കായികോത്സവം എന്നിവ തത്സമയ വാർത്തയായി അവതരിപ്പിക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരമായും സംഘടിപ്പിക്കുമല്ലോ.
തത്സമയ വാർത്ത അവതരിപ്പിക്കുമ്പോൾ...
നാം അവതരിപ്പിക്കാൻ പോകുന്ന ആശയത്തിന്റെ, സംഭവത്തിന്റെ ഭിന്നവശങ്ങൾ നോക്കിക്കാണാൻ കഴിയണം. അവതരണം ഒരിക്കലും പക്ഷപാതപരമായിരിക്കാൻ പാടില്ല. അതുപോലെ ആകർഷകമായി, ചടുലമായി അവതരണം നടത്താൻ സാധിക്കണം. കാണുന്നവരിൽ ആകാംക്ഷയും തുടർന്നു കാണാനുള്ള താൽപര്യവും ഉണ്ടാക്കണം. കാണികളെക്കൂടി പങ്കാളികളാക്കുന്നതരത്തിൽ വേണം അവതരണം. ഭാഷാരീതിയും ശ്രദ്ധിക്കേണ്ടതാണ്. നല്ല ഭാഷയിൽ കാണികൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കണം. മത്സരങ്ങളുടെ കമന്ററി ശ്രദ്ധിച്ചിട്ടില്ലേ. ആ മാതൃക ചിലപ്പോഴെങ്കിലും സ്വീകരിക്കാവുന്നതാണ്. അമിതാവേശം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ആർക്കും വിഷമമുണ്ടാക്കാതിരിക്കണം. സമഗ്രമായി ആശയം വ്യക്തമാക്കാൻ സാധിക്കണം. നേരിട്ടുകാണുന്ന അനുഭവം പകർന്നുകൊടുക്കാൻ കഴിയണം. ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ഗ്രൂപ്പ് കലോത്സവങ്ങളും അടുത്ത ഗ്രൂപ്പ് കായികമത്സരവും തത്സമയ വാർത്തയായി അവതരിപ്പിക്കുക. മത്സരവിജയികൾക്ക് സമ്മാനവും നൽകാം.

♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 
♦ അച്ഛൻ അതുകേട്ട് വിടർന്നു ചിരിച്ചു.
കാര്യം: ഗൃദ്ധാമല്ലിക്കുമാർക്ക് പേടിയെന്താണെന്ന് അറിയില്ലെന്ന് ചേതന പറഞ്ഞു.
കാരണം: മകൾക്ക് ജോലി കിട്ടിയതിലുള്ള സന്തോഷം 
(A) കാര്യം ശരി, കാരണം തെറ്റ്
(B) കാരണം ശരി, കാര്യം തെറ്റ് 
(C) കാര്യവും കാരണവും തെറ്റ് 
(D) കാര്യവും കാരണവും ശരി 
ഉത്തരം: (A) കാര്യം ശരി, കാരണം തെറ്റ്

♦ ഞാനും അച്ഛനും ഇറങ്ങിച്ചെല്ലുന്നതു ഷൂട്ട് ചെയ്യാൻ സഞ്ജീവ് കുമാറിന്റെ ക്യാമറാമാൻ തക്കം പാർത്തിരിക്കുകയായിരുന്നു. തക്കംപാർത്തിരിക്കുക എന്ന പ്രയോഗംകൊണ്ട് അർഥമാക്കുന്നത്?
(A) ഒളിച്ചിരിക്കുക
(B) അവസരം നോക്കിയിരിക്കുക 
(C) തഞ്ചത്തിലിരിക്കുക
(D) പതുങ്ങിയിരിക്കുക
ഉത്തരം: (B) അവസരം നോക്കിയിരിക്കുക 

♦ അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
പ്രേക്ഷകരോട് ഒരുകാര്യം അറിയിക്കാൻ സി.എൻ.സി. ചാനലിന് അഭിമാനമുണ്ട്. യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല വരെയുള്ള എല്ലാ ദിവസങ്ങളിലും ഇനി ചേതന ഗൃദ്ധാ മല്ലിക് സി.എൻ.സി. ചാനലിന്റെ കൂടെത്തന്നെയുണ്ടാകും.
ഉത്തരം: യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല വരെയുള്ള എല്ലാ ദിവസങ്ങളിലും ചേതന ഗൃദ്ധാ മല്ലിക് സി.എൻ.സി. ചാനലിന്റെ
കൂടെത്തന്നെയുണ്ടാകുമെന്ന കാര്യം പ്രേക്ഷകരെ അറിയിക്കാൻ ചാനലിന് അഭിമാനമുണ്ട്.

♦ ലോകത്തെ ആദ്യ സ്ത്രീ ആരാച്ചാരായി നിയമിതയായ ചേതന ഗൃദ്ധാ മല്ലിക്കിനെ അഭിനന്ദിച്ച് കത്തു തയാറാക്കുക.
സ്ഥലം
തീയതി
പ്രിയ ചേതനാ
നിന്നെക്കുറിച്ച് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സ്ത്രീകൾക്കു ചെയ്യാൻ കഴിയാത്തതായി ഒരു ജോലിയുമില്ലെന്ന് നീ തെളിയിച്ചിരിക്കുകയാണ്. ലോകത്തെ മുഴുവൻ സ്ത്രീകളും ഇപ്പോൾ നിന്നെയോർത്ത് അഭിമാനിക്കുന്നുണ്ട്. കുടുംബത്തിന്റെ പാരമ്പര്യവും അച്ഛന്റെ ആഗ്രഹവുമാണ് കഠിന പരിശ്രമത്തിലൂടെ നീ യാഥാർഥ്യമാക്കിയത്. ഔദ്യോഗിക ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവം
- പേര് 

♦ ചേതനാ ഗൃദ്ധാ മല്ലിക്കുമായി അഭിമുഖം നടത്താൻ 5 ചോദ്യങ്ങൾ തയാറാക്കുക.
• പുതിയ ജോലിയെപ്പറ്റി എന്താണ് പറയാനുള്ളത്?
• ആരാച്ചാരുടെ ജോലി സ്വീകരിക്കാൻ പ്രേരിപ്പിച്ച സാഹചര്യം എന്താണ് ?
• എന്തുകൊണ്ടാണ് ഈ രംഗത്തേക്ക് വരാൻ സ്ത്രീകൾ മടിക്കുന്നത്?
• സമൂഹത്തോട് എന്താണ് പറയാനുള്ളത് ?
• മറ്റൊരു ജോലി കിട്ടിയാൽ ഈ ജോലി ഉപേക്ഷിക്കുമോ?

♦ പദപരിചയം
• തക്കം പാർത്തിരിക്കുക - അവസരം നോക്കിയിരിക്കുക 
• ആരാച്ചാർ - വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നയാൾ
• തസ്തിക - ഔദ്യോഗികസ്ഥാനം
ഫെമിനിസ്റ്റ് - സ്ത്രീസ്വാതന്ത്ര്യവാദി

♦ ലോപസന്ധി
• ലോകത്താദ്യമായി - ലോകത്ത്, ആദ്യമായി 
• എനിക്കറിഞ്ഞുകൂടാ - എനിക്ക് , അറിഞ്ഞുകൂടാ

♦ ആഗമസന്ധി
• പൂർത്തിയാക്കുക - പൂർത്തി, ആക്കുക 
• നിയമിതയായിരിക്കുകയാണ് - നിയമിത, ആയിരിക്കുകയാണ്
• പേടിയെന്താണ് - പേടി, എന്താണ്
• കിട്ടിയതിൽ --കിട്ടി, അതിൽ

♦ ദ്വിത്വസന്ധി 
• തൂക്കിക്കൊല - തൂക്കി, കൊല
• ഉയർത്തിക്കൊണ്ട് - ഉയർത്തി, കൊണ്ട്
• ഒരുക്കങ്ങളെക്കുറിച്ച് - ഒരുക്കങ്ങളെ, കുറിച്ച് 
• ഇറങ്ങിച്ചെല്ലുന്നത് - ഇറങ്ങി, ചെല്ലുന്നത്

♦ ആദേശസന്ധി 
• പിതാവും - പിതാവ്, ഉം
• ലോകത്തെ - ലോകം, എ 
• ദിവസവും - ദിവസം, ഉം 
• സംസ്ഥാനത്തിന്റെ - സംസ്ഥാനം, ഇന്റെ 

♦ പകരം പദങ്ങൾ
• മുടി - കുന്തളം, വേണി, കേശം 
• പിതാവ് - താതൻ, ജനകൻ, ജനയിതാവ് 
• കൈ - കരം, ഹസ്തം, പാണി
• സ്ത്രീ - നാരി, യോഷ, വനിത, മഹിള 
• മുഖം - ആനനം, ആസ്വം, വദനം

പാഠം: 3
സ്വപ്നച്ചിറകിൽ - വിവ: ഡോ.ശുഭ 
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പോരാടിയവൾ എന്നറിയപ്പെടാൻ ആഗ്രഹിച്ച പെൺകുട്ടിയാണ് മലാല. 'സ്വപ്നച്ചിറകിൽ' എന്ന പാഠഭാഗത്ത് മലാലയുടെ പ്രസംഗം വായിച്ചില്ലേ? ഇനി പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നോക്കാം.

♦ അഭിപ്രായം പറയാം
♦ മലാലയുടെ പ്രസംഗം വായിച്ചുവല്ലോ. മലാല ലോകത്തോട് പറയാൻ ശ്രമിക്കുന്ന പ്രധാന ആശയങ്ങൾ വ്യക്തിഗതമായി ക്ലാസിൽ അവതരിപ്പിക്കൂ.
സമാധാനവും വിദ്യാഭ്യാസവും സമത്വവും എല്ലാവരുടെയും അവകാശമാണ്. വെടിയുണ്ടകൾ ഭയപ്പെടുത്തുന്നതിനു പകരം ആത്മവിശ്വാസവും കരുത്തും ആണ് നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കാകണം ഭരണാധികാരികൾ മുൻഗണന കൊടുക്കേണ്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നയങ്ങൾ തിരുത്തണമെങ്കിൽ തിരുത്തണം. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തണം. ദരിദ്ര -വികസ്വര രാജ്യങ്ങളിലെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണം. തീവ്രവാദവും അക്രമവും അവസാനിപ്പിക്കണം. ജാതിയുടെയും വംശത്തിന്റെയും വർണത്തിന്റെയും ലിംഗഭേദത്തിന്റേതുമായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കണം. സ്ത്രീകൾക്കും തുല്യഅവസരവും തുല്യനീതിയും ലഭിക്കണം. എല്ലാ കുഞ്ഞുങ്ങൾക്കും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും അറിവും സമാധാനവും വേണം. നമ്മുടെ അവകാശത്തിനുവേണ്ടി ഒരുമിച്ച് ശബ്ദമുയർത്തണം. അറിവുകൊണ്ട് സ്വയം കരുത്തുനേടണം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാകണം.

♦ പ്രഭാഷണം തയ്യാറാക്കാം
♦ കുട്ടികൾക്ക്, വിശേഷിച്ച് പെൺകുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് മലാല ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? സ്തീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വനിതാദിനത്തിൽ നടത്താനായി ഒരു പ്രഭാഷണം തയ്യാറാക്കുക.
മാനസദസ്സിന് നമസ്കാരം,
ഒരു പുരുഷന് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു വ്യക്തിക്ക് വിദ്യാഭ്യാസം നൽകുന്നു. എന്നാൽ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു കുടുംബത്തിന് മുഴുവൻ വിദ്യാഭ്യാസം നൽകുന്നു എന്ന് പറയാറുണ്ട്. ഇവിടെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യമാണ് തുറന്നുകാട്ടുന്നത്.
വീടാണ് സ്ത്രീയുടെ ലോകം എന്നായിരുന്നു ഒരു കാലത്തെ ചിന്ത. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അന്നത്തെ സമൂഹം വിമുഖത കാണിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. കാലം മുന്നോട്ടു പോയപ്പോൾ പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഏവരും തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം നേടാൻ കഴിയാത്ത പെൺകുട്ടികൾ ഇപ്പോഴും ധാരാളമുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല.
ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതവും സ്വപ്നങ്ങളും ആയിക്കേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം നിലനിൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാത പോകുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകില്ല. ഈ അജ്ഞതയാണ് മറ്റുള്ളവർ മുതലെടുക്കുന്നത്. ഈ അജ്ഞത ഇല്ലായ്മ ചെയ്യാൻ, സ്വന്തം ശക്തി തിരിച്ചറിഞ്ഞ് മുന്നേറാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. അസമത്വം ഇല്ലാതാക്കുന്നതിനും ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വിദ്യാഭ്യാസം അനിവാര്യമാണ്.
നമ്മുടെ നാട് നേടിയെടുത്ത പല കാര്യങ്ങളുടെയും പിന്നിൽ വിദ്യാസമ്പന്നരായ സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഉണ്ട്. വിലക്കുകളെ മറികടന്ന് പെൺകുട്ടികൾ അറിവു നേടി മുന്നേറുമ്പോൾ മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കപ്പെടും. ലോകം കൂടുതൽ സുന്ദരമാകും. തുല്യ അവസരവും തുല്യനീതിയുമാകണം നമ്മുടെ ലക്ഷ്യം. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനുവേണ്ടി നമുക്ക് കൈ കോർക്കാം.
നന്ദി, നമസ്കാരം

♦ പാനൽ ചർച്ച
♦ സ്വപ്നച്ചിറകിൽ, ബ്രേക്കിങ് ന്യൂസ് എന്നീ പാഠങ്ങളെ ആസ്പദമാക്കി 'സ്ത്രീമുന്നേറ്റത്തിലെ പ്രതിബന്ധങ്ങൾ' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
പാനൽ ചർച്ച നടത്തുമ്പോൾ താഴെ നൽകിയിരിക്കുന്ന ആശയങ്ങൾ പ്രയോജനപ്പെടുത്തു.
സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ചില ഘടകങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അവയെന്തെല്ലാമെന്ന് വിശകലനം ചെയ്യണം. ബ്രേക്കിങ് ന്യൂസ്, സ്വപ്നച്ചിറകിൽ എന്നീ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് ചർച്ച മുന്നോട്ടു കൊണ്ടുപോകേണ്ടത്. കൂടാതെ ഇന്നത്തെ സമൂഹത്തിൽ സ്ത്രീമുന്നേറ്റത്തിനു പ്രതിബന്ധമാകുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കണം.
ബ്രേക്കിങ് ന്യൂസ് എന്ന പാഠഭാഗം കെ. ആർ. മീരയുടെ 'ആരാച്ചാർ' എന്ന നോവലിൽ നിന്നുള്ള ഭാഗമാണ്. ആരാച്ചാർ തസ്തികയിൽ നിയമിതയായ ചേതന എന്ന പെൺകുട്ടിക്ക് നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങൾ നോവലിലൂടെ കടന്നു പോകുമ്പോൾ നാം മനസ്സിലാക്കുന്നു. വനിതാ ആരാച്ചാർ എന്നത് പുതിയ കാര്യമാണ്. പുരുഷന്മാർ മാത്രമാണ് അന്നുവരെ ആരാച്ചാർ ആയിട്ടുള്ളത്. സ്ത്രീകൾ ഈ രംഗത്ത് അന്നുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് ഇത് 'ബേക്കിങ് ന്യൂസ്' ആകുന്നത്. സഹോദരനില്ലാത്തതു കൊണ്ടാണ് ചേതന ഈ രംഗത്തുവന്നത്. ആരാച്ചാർ ജോലിയിൽ എത്തുന്നതുവരെ നിരവധിയായ പ്രതിസന്ധികൾ ചേതനയ്ക്ക് നേരിടേണ്ടിവന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ചേതന ആരാച്ചാരായത്. പരമ്പരാഗതമായ ചിന്താഗതികൾ വച്ചു പുലർത്തുന്ന സമൂഹം സ്ത്രീകളെ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. മാത്രമല്ല അവരെ പിന്തിരിപ്പിക്കാനും തടസ്സം നിൽക്കാനും ശ്രമിക്കും. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ആരാച്ചാർ പദവിയിലെത്തിയ ചേതന എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്.
'സ്വപ്നച്ചിറകിൽ' എന്ന പാഠഭാഗം മലാലയുടെ പ്രഭാഷണമാണ്. തന്റെ നാട്ടിലെ ഒരു വിഭാഗമാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായി നിൽക്കുകയും സ്കൂളുകൾ തകർക്കുകയും ചെയ്തു. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ത്രീകൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ വിദ്യാഭ്യാസം വളരെ പ്രധാനമെന്ന് മലാല വിശ്വസിച്ചു. വെടിയുണ്ടകൾക്ക് തന്നെ തോല്പിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയി.
യാഥാസ്ഥിതികരായ ചിലയാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ, മുന്നേറ്റങ്ങളെ ഇന്നും ചെറുക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമാളുകളുണ്ട്. അവർ ലോകം മാറുന്നത് കാണുന്നില്ല. ഈ ലോകം സ്ത്രീകളുടേതുകൂടിയാണ് എന്ന് തിരിച്ചറിയാത്ത അവർ എന്നും പ്രശ്നങ്ങൾ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നു. പുരുഷന്മാരാണ് ലോകം ഭരിക്കേണ്ടതെന്ന് അവർ വിചാരിക്കുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവർ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു.
ഇന്നും സ്ത്രീമുന്നേറ്റങ്ങൾ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്നാൽ പഴയകാലത്തെ അത്ര പ്രതിഷേധം ഇന്നില്ല. ഭരണതലത്തിലും രാഷ്ട്രീയതലത്തിലും തൊഴിൽരംഗത്തും നേത്യസ്ഥാനത്ത് മികച്ച സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങളിലാണ് സ്ത്രീ പുരുഷ സമത്വം യാഥാർഥ്യമാവുകയെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. ലോകത്തിന് പുരോഗമനം ഉണ്ടാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്.

♦ ശില്പശാല
♦ പ്രസംഗകലയിൽ നിങ്ങൾക്ക് പ്രാവീണ്യം നേടുന്നതിനുവേണ്ടി ഭാഷാ ക്ലബ്ബുമായി ചേർന്ന് ഒരു പ്രസംഗപഠന ശില്പശാല സംഘടിപ്പിക്കുക. ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്? ചർച്ചചെയ്തു തീരുമാനിക്കൂ.
• സ്ഥലവും തീയതിയും നിശ്ചയിക്കൽ.
• പരിശീലകരെ കണ്ടെത്തൽ.
• സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കണ്ടെത്തൽ 
• വിവരശേഖരണം
• ശില്പശാലയുടെ ഉള്ളടക്കം നിശ്ചയിക്കൽ, ആസൂത്രണം. 
• പരസ്യം, നോട്ടീസ്, പോസ്റ്റർ, അനൗൺസ്മെന്റ്
• പങ്കാളിത്തം ഉറപ്പാക്കൽ.

♦ കൂടുതൽ ചോദ്യോത്തരങ്ങൾ 
♦ നിങ്ങളുടെ ആലോചനകളുടെ മുഖ്യവിഷയം എന്താവണമെന്നാണ് മലാല പറയുന്നത് ?
(i) സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ 
(ii) ആത്മാഭിമാനത്തോടെയുള്ള ജീവിതം 
(A) (i) ഉം (ii) ഉം ശരിയാണ്
(B) (i) മാത്രം ശരിയാണ്
(C) (ii) മാത്രം ശരിയാണ് 
(D) രണ്ടും ശരിയല്ല
ഉത്തരം: (i) മാത്രം ശരിയാണ്

♦ ലോകത്ത് അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ എല്ലാ സ്ത്രീകളുടെയും എല്ലാ കുട്ടികളുടെയും ദിവസമാണ് ഇന്ന്. ഏതുദിവസത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) വനിതാദിനം
(B) മലാല ദിനം
(C) യുവജനദിനം
(D) മനുഷ്യാവകാശദിനം
ഉത്തരം: (B) മലാല ദിനം

♦ ആ അവകാശങ്ങൾക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.
എന്തൊക്കെയാണ് അവകാശങ്ങൾ?
സമാധാനവും വിദ്യാഭ്യാസവും സമത്വവും നേടിയെടുക്കാൻ വേണ്ടി പോരാടുന്ന ഒരുപാട് പേരുണ്ട്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ഈ അവകാശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

♦ കത്തു തയാറാക്കാം
♦ സമാധാനവും വിദ്യാഭ്യാസവും സമത്വവും നമ്മുടെയെല്ലാവ രുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പോരാടിയ മലാലയെ അഭിനന്ദിച്ചുകൊണ്ട് കത്ത് തയാറാക്കുക.
സ്ഥലം
തീയതി
പ്രിയ മലാല 
വെടിയുണ്ടകൾക്ക് നിശ്ശബ്ദമാക്കാൻ കഴിയാത്തതാണ് ഇച്ഛാശക്തി എന്ന് ലോകത്തിനു കാണിച്ചുതന്ന നിനക്ക് അഭിനന്ദനങ്ങൾ! ഭയവും നിരാശയും പലകാര്യങ്ങളിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുമ്പോഴും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ധൈര്യപൂർവം അവകാശങ്ങൾക്കുവേണ്ടി പോരാടുകയാണ് നീ ചെയ്തത്. അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ച് നിന്ന് ശബ്ദമുയർത്താം എന്ന നിന്റെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമാണ്. അനീതികൾക്കെതിരെ, വിവേചനങ്ങൾക്കെതിരെ ഒരുമിച്ചു നിന്നാൽ നമ്മളെ തടയാൻ ആർക്കും കഴിയില്ല എന്ന ബോധ്യം ഇന്ന് ഞങ്ങൾക്കുണ്ട്. നിന്റെ പ്രവർത്തനമേഖലകളിൽ വിജയിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവം
പേര്
ഒപ്പ്

♦ മലാല യൂസഫ്സായിയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം എത്രമാത്രം ഉചിതമാണ്? കുറിപ്പായി എഴുതൂ. 
ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദിച്ച പെൺകുട്ടിയാണ് മലാല. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയർത്തിയതിന് താലിബാൻ സൈനികർ മലാലയ്ക്കുനേരെ വെടിയുതിർത്തു. പക്ഷേ വെടിയുണ്ടകൾക്ക് അവളുടെ ഇച്ഛാശക്തിയെയോ ആത്മ വിശ്വാസത്തെയോ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞില്ല. പഴയതിലും ഊർജ്ജത്തോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി. സ്വപ്നങ്ങളുടെ ചിറകിലേറി ലക്ഷ്യത്തിലെത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതായിരുന്നു മലാലയുടെ ഓരോ വാക്കുകളും. ജാതി മത-വംശ-ലിംഗഭേദങ്ങൾ മറികടന്ന് ഉയർന്നുവരാൻ, പുതിയൊരു ലോകം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലാലയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം ഏറെ ഉചിതമാണ്.

♦ പദപരിചയം
• അഭ്യർഥിക്കുക - അപേക്ഷിക്കുക
• വിവേചനം - വ്യത്യാസം കല്പിക്കൽ
• സജ്ജം - ഒരുക്കം

♦ ആദേശസന്ധി
• സമത്വവും - സമത്വം, ഉം
• തീവ്രവാദവും - തീവ്രവാദം, ഉം 
• ദിനത്തിൽ - ദിനം, ഇൽ 
• ജീവിതത്തിൽ - ജീവിതം, ഇൽ
• ധൈര്യവും - ധൈര്യം, ഉം
• ലോകത്തെ - ലോകം, എ
• അക്രമവും - അക്രമം, ഉം

♦ ആഗമസന്ധി
• വേണ്ടിയാണ് - വേണ്ടി, ആണ്
• നിശ്ശബ്ദതയല്ല - നിശ്ശബ്ദത, അല്ല
• വെടിയുതിർത്തു - വെടി, ഉതിർത്തു

♦ ലോപസന്ധി
• ഒരുമിച്ചുള്ള - ഒരുമിച്ച്, ഉള്ള
• അവകാശങ്ങൾക്കായി - അവകാശങ്ങൾക്ക്, ആയി

♦ ദ്വിത്വസന്ധി
• എന്നെപോലെ - എന്നെ, പോലെ
• സ്വപ്നച്ചിറക് - സ്വപ്ന, ചിറക്
• അക്ഷരത്തിളക്കം - അക്ഷര, തിളക്കം

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments