Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: അമ്മമ്മ, മലയാളിയുടെ ഹെലൻകെല്ലർ, തോട്ടക്കാരി, ഭഗീരഥപ്രയത്നം - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ
എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ' എന്ന യൂണിറ്റിലെ 'അമ്മമ്മ, മലയാളിയുടെ ഹെലൻകെല്ലർ, തോട്ടക്കാരി, ഭഗീരഥപ്രയത്നം', എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ.
♦ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ ജീവിതമാകുന്ന ചൂടിൽ വാടാതെ നിൽക്കുന്ന, പ്രതിസന്ധികളിൽ തളരാതെ നിൽക്കുന്ന ചില ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് മാതൃകാപരമായ രീതിയിൽ ജീവിതം മാറ്റിത്തീർക്കാൻ കഴിയുമ്പോഴാണ് മറ്റുള്ളവരുടെ ഹൃദയത്തെ തൊടുന്ന നക്ഷത്രങ്ങളായി മാറാൻ കഴിയുക. വാർധക്യം ആസ്വദിക്കുകയും കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന അമ്മമ്മയെക്കുറിച്ച് എം. മുകുന്ദൻ എഴുതിയ കഥയാണ് ഈ യൂണിറ്റിലെ ആദ്യപാഠം. 'മലയാളിയുടെ ഹെലൻ കെല്ലർ' എന്ന് പ്രശസ്തയായ, അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയെയും ഈ ഭാഗത്ത് പരിചയപ്പെടുന്നു. പി. ഭാസ്കരന്റെ 'തോട്ടക്കാരി' എന്ന കവിതയും ഡോ. എം. എസ്. വല്യത്താന്റെ ജീവിതവും അറിവും അനുഭവങ്ങളും പകർന്നുതരുന്ന 'മയൂരശിഖ: ജീവിതം അനുഭവം അറിവ്' എന്ന ക്യതിയിൽ നിന്നും 'ഭഗീരഥപ്രയത്നം' എന്ന ഭാഗവും പി. കെ. വാരിയരുടെ അത്കഥ 'തിപർവ'ത്തിലെ 'പഠനം സഫലം' എന്ന ഭാഗവുമാണ് മറ്റ് പാഠങ്ങൾ.
♦ പ്രവേശക പ്രവർത്തനംമാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദനാത്മകമായ വാക്കുകളും അതിന്റെ മലയാളവിവർത്തനവുമാണ് യൂണിറ്റ് പ്രവേശകമായി കൊടുത്തിരിക്കുന്നത്.♦ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്യുക.ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. 'എനിക്കു സാധിക്കും' എന്ന വിശ്വാസമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനം. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ നമ്മുടെ മനോഭാവം ശുഭാത്മകമായിരിക്കണം. എന്തു പ്രശ്നം നേരിട്ടാലും പതറാതെയിരിക്കുക. നല്ലതു സംഭവിക്കും എന്ന് പ്രതീക്ഷിക്കുക.വിജയത്തിലെത്തിയവരൊക്കെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും പരാജയങ്ങൾ നേരിട്ടവരായിരിക്കും. പറക്കാൻ കഴിയുന്നവർ പറക്കണം. പറക്കാൻ സാധിക്കാത്തവർ ഓടണം. ഓടാൻ സാധിക്കാത്തവർ നടക്കുക. നടക്കാനും സാധിക്കില്ലെങ്കിൽ ഇഴയുകയെങ്കിലും ചെയ്യുക എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. എന്തു സംഭവിച്ചാലും മുന്നോട്ടുതന്നെ പോവുക എന്നതാണ് പ്രധാനം. 'ചലിക്കുന്നത്. നിലനിൽക്കും, ചലിക്കാത്തത് നശിക്കും' എന്ന വാക്കുകളും ഇതോടൊപ്പം ചേർത്ത് പറയാവുന്നതാണ്.എല്ലാം അനുകൂലമാകുന്നതുവരെ വെറുതെ കാത്തിരിക്കുക എന്ന് ഇതിനർഥമില്ല. പ്രതികൂലാവസ്ഥകളെ നിരന്തരശ്രമത്തിലൂടെ അനുകൂലമാക്കി മാറ്റാൻ സാധിക്കണം. 'നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും' എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾ ജീവിത വിജയത്തിനുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രയത്നിച്ചാൽ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് ഉറപ്പിച്ചു പറയുന്നതാണ്.
♦ പാഠം: 01- അമ്മമ്മ - എം. മുകുന്ദൻ പ്രായമാകുന്നതോടെ അസുഖങ്ങളെക്കുറിച്ചും ചുറ്റുപാടുകളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും പുതുതലമുറയുടെ മനോഭാവങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചുമൊക്കെ വേവലാതിപ്പെടുന്നവരിൽ നിന്ന് വ്യത്യസ്തമായ മനോഭാവമുള്ള ഒരു അമ്മമ്മയെയാണ് എം. മുകുന്ദൻ ഈ കഥയിൽ നമുക്ക് പരിചയപ്പെടുത്തുന്നത്. കാലത്തിനൊപ്പം നടന്ന് മാറ്റങ്ങളെ നെഞ്ചോടുചേർത്ത് വാർധക്യം സന്തോഷകരമാക്കുന്ന അമ്മമ്മയുടെ ജീവിതം എല്ലാവർക്കും പാഠമാണ്, അനുകരണീയമാണ്.
♦ കാലവും കാഴ്ചപ്പാടും• “മോനേ, ആ മിനി ഉരലിങ്ങെടുത്താട്ടെ''• ''കൃപാകരാ, നിന്നെപ്പോലെ ഞാൻ ബോംബെയും കൽക്കത്തയും ഒന്നും കണ്ടിട്ടില്ല എന്നാലും ഈ അമ്മമ്മയ്ക്ക് കുറേശെ ഇംഗ്ലീഷെല്ലാം അറ്യാം'' • "മദിരാശി കണ്ടിട്ട് എന്താകാര്യം! കാണണെങ്കില് ദുബായി കാണണം'' • "ഇംഗ്ലീഷ് വെക്ക്, അബ്ബയുണ്ടെങ്കിൽ അതുവെക്ക്''.മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകുന്ന വാർധക്യത്തിന്റെ പുതുകാഴ്ചപ്പാടാണ് അമ്മമ്മ അവതരിപ്പിക്കുന്നത്. മുകളിൽ കൊടുത്ത വാക്യങ്ങളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കുന്നവരും സഞ്ചരിക്കാത്തവരുമുണ്ട്. കഥയിലെ അമ്മമ്മ കാലത്തിനൊത്ത് സഞ്ചരിക്കുന്ന വാർധക്യത്തിന്റെമാതൃകയാണ്. പുതുകാഴ്ചകളും അനുഭവങ്ങളും പുതുതലമുറയുടെ അഭിരുചികളും ഉൾക്കൊണ്ട് പുതിയ തലമുറയോടൊപ്പം സഞ്ചരിക്കാൻ കരുത്തു നേടി, കൃപാകരനും വാസന്തിക്കും മക്കൾക്കും അമ്മമ്മ ഒരു അദ്ഭുതമായി മാറി. മുറുക്കാൻ ഇടിക്കുന്ന ചെറിയ ഉരലിനെ ‘മിനി ഉരൽ' എന്നാണ് അമ്മമ്മ വിളിക്കുന്നത്. ബോംബെയും കൽക്കത്തയുമൊന്നും കണ്ടിട്ടില്ലെങ്കിലും കുറച്ചൊക്കെ ഇംഗ്ലീഷ് തനിക്കും അറിയാം എന്നാണ് അമ്മമ്മ പറയുന്നത്. പഴമകളുടെ ലോകത്ത് ജീവിക്കുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നുമ്പോഴും പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് അമ്മമ്മ അറിയുന്നുണ്ടായിരുന്നു.മദിരാശി കണ്ടിട്ടു കാര്യമൊന്നുമില്ലെന്നും കാണുകയാണെങ്കിൽ ദുബായി കാണണമെന്നും അമ്മമ്മ പറയുന്നുണ്ട്. ലോകത്തെക്കുറിച്ച് ശരിയായ ധാരണ അമ്മമ്മയ്ക്കുണ്ട്. സ്വീഡനിലെ പോപ്പ് സംഗീതജ്ഞരായ ‘അബ്ബ'യുടെ സംഗീതം വയ്ക്കാൻ അമ്മമ്മ പറയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടുന്നുണ്ട്. അമ്മമ്മ പോപ്പ് സംഗീതം കേൾക്കണമെന്നു പറയുമെന്ന് ആരും കരുതിയില്ല. പുതിയ കാലത്തെ അവർ ഉൾക്കൊണ്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. കുറച്ച് 'ക്രിസാന്തിമം' കൂടി പൂന്തോട്ടത്തിൽ വേണം എന്നു പറയുമ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നൂഡിൽസും ചിക്കൻ ചില്ലിയും എടുക്കുമ്പോഴും അമ്മമ്മയുടെ അഭിരുചിയിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പ്രായമായ അമ്മമ്മയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണ തിരുത്തപ്പെടുകയാണിവിടെ.പുതുതലമുറയ്ക്കൊപ്പം സഞ്ചരിക്കാൻ അമ്മമ്മയ്ക്കു സാധിക്കുന്നു. പ്രായമാകുന്നതുകൊണ്ട് ആരും പഴഞ്ചന്മാരാകുന്നില്ല എന്ന സത്യമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്. വാർധക്യത്തിലെത്തിയവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയുമാണ് അമ്മമ്മ.
♦ ചോദ്യോത്തരവേള♦ അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ നിർമ്മിക്കുക. സംഘം തിരിഞ്ഞ് ചോദ്യോത്തരമത്സരം നടത്തുക.1. അമ്മമ്മയുടെ കുട്ടിക്കാലത്തെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യാമോ?2. അമ്മമ്മ പുതിയകാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 3. പുതിയ അറിവുകൾ അമ്മമ്മ എപ്രകാരമാണ് നേടിയെടുക്കുന്നത്?4. ഭക്ഷണത്തിലും ജീവിതത്തിലും സംഗീതാഭിരുചിയിലും പുതിയ സാധ്യതകൾ കണ്ടെത്താൻ കഴിയുന്നതെന്തുകൊണ്ടാണ്?5. നാടും നഗരവും തമ്മിൽ എങ്ങനെ വിലയിരുത്തുന്നു? 6. പഴയകാലത്തെയും പുതിയ കാലത്തെയും താരതമ്യംചെയ്ത് ഗുണദോഷങ്ങൾ വിലയിരുത്താൻ സാധിക്കുമോ?7. കാലത്തോടൊപ്പം മുന്നോട്ടുപോകാൻ അമ്മമ്മയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത് ?8. അമ്മമ്മയുടെ ജീവിതനിരീക്ഷണം ചുരുക്കി അവതരിപ്പിക്കാമോ? 9. അമ്മമ്മ വാർധക്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
♦ കണ്ടെത്താം പ്രയോഗിക്കാം♦ 'അമ്മമ്മ ചെല്ലം മുന്നിൽ വച്ച് മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു'. വട്ടം കൂട്ടുക എന്ന നാടൻ പ്രയോഗത്തിലൂടെ അമ്മയുടെ വെറ്റിലമുറുക്കാനുള്ള തയ്യാറെടുപ്പിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചത് കണ്ടല്ലോ. ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക. അവയുടെ അർഥം വിശദീകരിക്കുകയും പുതിയ സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്യുക• ചോര നീരാക്കുകഅർഥം: കഷ്ടപ്പെടുക എന്നാണ് പ്രയോഗത്തിന്റെ അർഥം. പുതിയ സന്ദർഭം: പഴയ തലമുറ ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളുടെയും പിന്നിലുള്ളത്.• പരക്കം പാഞ്ഞു.അർഥം: കടുത്ത പരിഭ്രമത്തെക്കുറിക്കാനാണ് പരക്കം പാഞ്ഞു എന്ന് പ്രയോഗിച്ചിരിക്കുന്നത്.പുതിയ സന്ദർഭം: ഉത്സവപ്പറമ്പിൽ ആന വിരണ്ടപ്പോൾ ആളുകൾ പരക്കം പാഞ്ഞു.• പുല്ലുതിന്നാൽ പോലും വകയില്ല.അർഥം: ഒരു നിവൃത്തിയുമില്ല എന്നർഥത്തിലാണ് പുല്ലുതിന്നാൻപോലും വകയില്ല എന്നു പറയുന്നത്.പുതിയ സന്ദർഭം: രാവും പകലും അധ്വാനിച്ചിട്ടും പുല്ലുതിന്നാൻപോലും വകയില്ല.• ഊണിലും ഉറക്കത്തിലുംഅർഥം: സദാനേരവുംപുതിയ സന്ദർഭം: ഊണിലും ഉറക്കത്തിലും പഠനത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
♦ ഉപന്യാസം♦ 'വാർധക്യം അവസ്ഥയാണ്, ശാപമല്ല - അവരെ ഒറ്റപ്പെടുത്തു കയല്ല, ചേർത്തുനിർത്തുകയാണ് വേണ്ടത്'.'വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.വ്യക്തിഗതമായി തയ്യാറാക്കിയത് ഗ്രൂപ്പിൽ വായിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂചനകളുടെ സഹായത്തോടെ വിലയിരുത്തി മെച്ചപ്പെടുത്തുമല്ലോ.സൂചനകൾ• വാർധക്യത്തിലെ ഒറ്റപ്പെടൽ • സമൂഹത്തിന്റെ മനോഭാവം • കുടുംബബന്ധങ്ങളിലെ വിള്ളൽ • പുതുതലമുറയുടെ കാഴ്ചപ്പാട് • ചേർത്തുപിടിക്കലിന്റെ ആവശ്യകതഉപന്യാസം - മാതൃകവൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ ഇരുപത് ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്ന് അടുത്തയിടെ നടന്ന ചില പഠനങ്ങൾ സൂചിപിക്കുന്നു. ഈ ഒറ്റപ്പെടൽ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അവഗണന, ശാരീരിക പീഡനം, ഏകാന്തത, ദാരിദ്ര്യം, രോഗങ്ങൾ തുടങ്ങി വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽത്തന്നെ പ്രധാനമാണ് വാർധക്യത്തിലെ ഒറ്റപ്പെടൽ, ജോലിക്കായും മറ്റും പുതുതലമുറ അന്യനാടുകളിലേക്ക് ചേക്കേറുന്നതോടെ പ്രായമായ മാതാപിതാക്കൾ നാട്ടിലെ വീടുകളിൽ ഒറ്റപ്പെടുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം കുറഞ്ഞുപോകുന്നതും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്നേഹവും പരിഗണനയും പരിചരണവും കൂടുതൽ ആവശ്യമായ വാർധക്യത്തിൽ പലർക്കും അത് ലഭിക്കാതെ പോകുകയാണ്. പുതുതലമുറ പലപ്പോഴും വൃദ്ധജനങ്ങളെ അവഗണിക്കുന്നതായും കാണാം. അവർ കൊണ്ട വെയിലാണ് നാം ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് തിരിച്ചറിയാത്തതുകൊണ്ടാണിത്. അവരുടെ അനുഭവപരിചയവും അറിവും തങ്ങൾക്ക് മുന്നേറാനുള്ള ഊർജമാണ് എന്ന വസ്തുതയും സൗകര്യപൂർവം വിസ്മരിക്കുന്നു.പ്രായമായവരെ ഉപയോഗമില്ലാത്തവരായിക്കണ്ട് ഉപേക്ഷിക്കുകയോ വൃദ്ധസദനത്തിലാക്കുകയോ ചെയ്യുന്ന പ്രവണത നിലവിലുണ്ട്. എന്നാൽ നമ്മുടെ ജീവിതം നല്ല നിലയിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച് ഇന്ന് വാർധക്യത്തിന്റെ അവശതകളിൽ എത്തിപ്പെട്ടവരാണവർ. വയോജനങ്ങളെ ദുർബലവിഭാഗമായി കാണാതെ അവരുടെ ഒരുപാടുകാലത്തെ അറിവും അനുഭവങ്ങളും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്.വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രായമായി എന്നതു കൊണ്ടുമാത്രം ഒരാളും അവഗണിക്കപ്പെടാൻ പാടില്ല. രണ്ടു തലമുറകൾ - പഴയതും പുതിയതും - ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ലോകം മനോഹരമാകും. പഴയ അറിവും പുതിയ അറിവും സംഗമിക്കുമ്പോഴാണ് അറിവ് പൂർണമാകുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ആരോഗ്യമുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവോടെ നമുക്ക് മുന്നോട്ടു പോകാം.
♦ മൊഴിമാറ്റം♦ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിച്ചല്ലോ. അതുപോലെ, താഴെ കൊടുത്തിരിക്കുന്ന വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക."Strength does not come from winning. When you go through hardships and decide not to surrender, that is strength" - Mahatma Gandhiവിജയത്തിൽ നിന്നല്ല ബലം കൈവരുന്നത്. നിങ്ങൾ കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ, അവയ്ക്ക് കീഴടങ്ങാതിരിക്കലാണ് യഥാർഥ ബലം.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ 'ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കുന്ന ഒരു മുഹൂർത്തമാണ് അത്. ഏതു മുഹൂർത്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്? (A) അമ്മമ്മയുമായി സംസാരിക്കുന്നത്(B) സൂര്യോദയം ദർശിക്കുന്നത്(C) കുടുംബവുമൊത്ത് സംസാരിച്ചിരിക്കുന്നത് (D) യാത്ര ചെയ്യുന്നത് ഉത്തരം: (B) സൂര്യോദയം ദർശിക്കുന്നത്
♦ കാണാനുള്ളതെല്ലാം ഇനി അങ്ങുചെന്നിട്ട്. അടിവരയിട്ട പദം സൂചിപ്പിക്കുന്നത്? (A) ദുബായിലെത്തിയിട്ട്(B) കൃപാകരന്റെ വീട്ടിൽ എത്തിയിട്ട് (C) മരണശേഷം(D) തറവാട്ടിലെത്തിയിട്ട്ഉത്തരം: (C) മരണശേഷം
♦ വീടുപണിയുവാൻ വേണ്ടി വീണ്ടും എനിക്കു ചോര നീരാക്കേണ്ടി വന്നു.അടിവരയിട്ട പദത്തിന്റെ അർഥം?(A) പട്ടിണികിടക്കുക(C) ക്ഷമിക്കുക(B) കഠിനാധ്വാനം ചെയ്യുക(D) തർക്കിക്കുകഉത്തരം: (B) കഠിനാധ്വാനം ചെയ്യുക
♦ താഴെ പറയുന്നതിൽ അമ്മമ്മ എന്ന കഥാപാത്രത്തിനു യോജിക്കുന്ന ശൈലി ഏത്?(A) ഒറ്റക്കാലിൽ നിൽക്കുക.(B) ഉണ്ടെങ്കിൽ ഓണംപോലെ, ഇല്ലെങ്കിൽ ഏകാദശി.(C) നാടോടുമ്പോൾ നടുവെ ഓടണം.(D) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.ഉത്തരം: (C) നാടോടുമ്പോൾ നടുവെ ഓടണം.
♦ കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങൾ അമ്മമ്മ എന്ന കഥയിൽ നിന്ന് കണ്ടെത്തി എഴുതുക.മിനി ഉരൽ, ക്രിസാന്തിമം എന്നീ വാക്കുകൾ, തണുത്ത സ്ക്വാഷ് കുടിക്കുന്നത്, നൂഡിൽസിനു മുകളിൽ സോയാസോസ് ഒഴിച്ചു കഴിക്കുന്നത്, അബ്ബയുടെ പാട്ടുകൾ ആസ്വദിക്കുന്നത്, തീൻമേശയിലിരുന്ന് അമ്മമ്മ കഴിക്കുമോ എന്ന ക്യപാകരന്റെ സംശയം അസ്ഥാനത്താകും വിധം അമ്മമ്മ തീൻമേശയിലിരിക്കുന്നത്, ദുബായി കാണണം എന്നു പറയുന്നത് ഇതെല്ലാം കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞതിന്റെ ഉദാഹരണങ്ങളാണ്.
♦ അർഥവ്യത്യാസം വരാതെ മൂന്ന് വാക്യങ്ങളാക്കുക.അമ്മമ്മ മടിയിലിരുത്തി പറഞ്ഞുതന്നിട്ടുള്ള എണ്ണമറ്റ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.അമ്മമ്മ എന്നെ മടിയിലിരുത്തി. എണ്ണമറ്റ കഥകൾ പറഞ്ഞു തന്നു. ആ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
♦ 'എന്റെ സംശയം അസ്ഥാനത്തായിരുന്നു' 'കൃപാകരൻ ഇങ്ങനെ ചിന്തിക്കുവാൻ കാരണമെന്തായിരുന്നു? വ്യക്തമാക്കുക.എൺപതുവയസ്സായ അമ്മമ്മ പഴയകാലത്തെ ശീലങ്ങൾ വച്ചുപുലർത്തുന്ന ഒരാളാണ് എന്ന ചിന്താഗതിയായിരുന്നു ക്യപാകരന്. തന്റെ വീട്ടിലെത്തിയ അവരെ ആ രീതിയിലാണ് കുടുംബാംഗങ്ങൾ പരിഗണിച്ചത്. വിദേശിയും സ്വദേശിയുമായ ഭക്ഷണവിഭവങ്ങൾ നിരത്തിയ തീൻമേശയിൽ അവർ കഴിക്കാനിരിക്കുമോ എന്നു ശങ്കിച്ചിരുന്ന കൃപാകരനെ അമ്പരപ്പിച്ചുകൊണ്ട് അവർ മേശയിലിരുന്ന് നൂഡിൽസ് കഴിച്ചു. അതെല്ലാം തനിക്ക് പരിചിതമെന്ന രീതിയിലാണ് അമ്മമ്മ പെരുമാറിയത്.
♦ കഥാപാത്രനിരൂപണം• "ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഞാൻ ഈ ഇരുപതു സെന്റ് ഭൂമി വാങ്ങിയത്.• നിനക്ക് ഒരു മാറ്റോം ഇല്ല. ആ പഴയ കൃപാകരൻ തന്നെ. • തിരികെ തനിയെ കാറോടിച്ചുവരുമ്പോൾ ലോകമാകെ മാറിയതായി എനിക്കു തോന്നി.മുകളിൽ കൊടുത്ത സൂചനകളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത് കൃപാകരൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക. അമ്മമ്മ എന്ന കഥയിലെ ശ്രദ്ധേയ കഥാപാത്രമാണ് ക്യപാകരൻ. ഏറെക്കാലം പ്രവാസജീവിതം നയിച്ച് ചോരനീരാക്കിയുണ്ടാക്കിയ പണംകൊണ്ട് കൃപാകരൻ പട്ടണത്തിൽ സ്ഥലം വാങ്ങി വീടു വച്ചു. അതോടെ തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായ സന്തോഷത്തോടെ സംതൃപ്തമായ ജീവിതം നയിക്കുകയാണയാൾ. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം തനിക്ക് നടന്നെത്താൻ സാധിച്ചില്ല എന്ന് അയാൾ തിരിച്ചറിയുന്നത് അമ്മമ്മയുമായി ചെലവിട്ട സമയങ്ങളിലാണ്.അമ്മമ്മയെ പുതിയതായി വച്ച വീടുകൊണ്ടുപോയി കാണിക്കാൻ സുഹൃത്തിന്റെ കാറുമായി കൃപാകരൻ എത്തി. കാലത്തിനനുസരിച്ച് അയാൾക്ക് മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് അമ്മമ്മയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഭൂമി വാങ്ങിയതും വീടുവച്ചതും വലിയ നേട്ടമാണെന്ന് വിചാരിച്ച കൃപാകരന്റെ ചിന്തകളെ അമ്മമ്മ തിരുത്തുന്നുണ്ട്. അതയാളെ വേദനിപ്പിക്കുന്നുവെങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ അയാൾ സന്നദ്ധനാണ്. ഭക്ഷണകാര്യത്തിലും സംഗീതത്തിലും പഴമ ഇഷ്ടപ്പെടുന്ന ആളാണ് ക്യപാകരൻ. നൂഡിൽസും ചിക്കൻ ചില്ലിയും കഴിച്ച് അബ്ബയുടെ സംഗീതം ആസ്വദിച്ച്കാലത്തിനൊപ്പം അമ്മമ്മ നടക്കുമ്പോൾ ക്യപാകരനിഷ്ടം ചോറും കറിയും അടങ്ങിയ നാടൻ ഭക്ഷണവും സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങളുമാണ്. അമ്മമ്മയുടെ അടുത്തെത്തുമ്പോഴാണ് താൻ ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെയാണ് ജീവിക്കുന്നത് എന്നയാൾ തിരിച്ചറിയുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് കാലത്തിനനുസരിച്ച് മാറാൻ കഴിയാതെപോയ കഥാപാത്രമാണ് കൃപാകരൻ. അമ്മമ്മയെ തറവാട്ടിലെത്തിച്ച് തിരികെ പോരുമ്പോൾ മാറ്റങ്ങളെ നെഞ്ചേറ്റാൻ അയാളുടെ മനസ്സും പാകപ്പെടുന്നു.
♦ പദപരിചയം• ദർശിക്കും - കാണും• ചെല്ലം - പിച്ചളകൊണ്ടുള്ള ചെറിയപെട്ടി, മുറുക്കാൻ പെട്ടി• വട്ടംകൂട്ടുക - തയാറെടുക്കുക• പാർത്തിട്ട് - താമസിച്ചിട്ട്• റെഡ് കാർപറ്റ് സ്വീകരണം - ഉജ്ജ്വലസ്വീകരണം. വിശിഷ്ടാതിഥികൾക്ക് ചുവന്ന പരവതാനി വിരിച്ച് നൽകുന്ന സ്വീകരണം.• പരിവർത്തനം - മാറ്റം • ക്രിസാന്തിമം - ജമന്തി• വിഹഗം - പക്ഷി• വീക്ഷിച്ചു - നോക്കി
♦ പകരം പദങ്ങൾ• വീട് - ഗൃഹം, ഗേഹം, ആലയം• ചോര - രക്തം, രുധിരം, നിണം• പ്രഭാതം - ഉഷസ്, പ്രാതഃകാലം, വിഭാതം • സൂര്യൻ - അർക്കൻ, ആദിത്യൻ, ദിവാകരൻ• സന്ധ്യ - അന്തി, ദിനാന്തം, സായംകാലം • മഞ്ഞ് - തുഷാരം, തുഹിനം, ഹിമം• ഭാര്യ - കളത്രം, ജായ, പത്നി • പല്ല് - ദന്തം, രദനം, ദശനം• ഉരൽ - ഉലൂഖലം, കോഷ്ഠം• ലോകം - ജഗത്ത്, ഭുവനം, വിഷ്ടപം• ചോറ് - അന്നം, ഓദനം• ഉറക്കം - നിദ്ര, ശയനം, സുഷുപ്തി
♦ ലോപസന്ധി• അതെടുത്ത് - അത്, എടുത്ത്• യാത്രയ്ക്കൊന്നും - യാത്രയ്ക്ക്, ഒന്നും • എനിക്കല്ലാതെ - എനിക്ക്, അല്ലാതെ• ഇതൊക്കെ - ഇത്, ഒക്കെ• വീടാകെ - വീട്, ആകെ
♦ ദ്വിത്വസന്ധി• പൊട്ടിച്ചിരിച്ചു - പൊട്ടി, ചിരിച്ചു • ഇക്കാലത്ത് - ഇ, കാലത്ത്• അവിടെത്തന്നെ - അവിടെ, തന്നെ • ചട്ടിപ്പൂക്കൾ - ചട്ടി, പൂക്കൾ
♦ ആദേശസന്ധി• പട്ടണത്തിന്റെ - പട്ടണം, ഇന്റെ • പ്രഭാതത്തിൽ - പ്രഭാതം, ഇൽ • അവസരത്തിൽ - അവസരം, ഇൽ• പ്രയോഗത്തെ - പ്രയോഗം, എ
♦ ആഗമസന്ധി• താഴെയിറങ്ങി - താഴെ, ഇറങ്ങി • അവിടെയിരുന്നു - അവിടെ, ഇരുന്നു • തലയാട്ടി - തല, ആട്ടി • വൃത്തിയായി - വൃത്തി, ആയി
♦ വിഗ്രഹിച്ചെഴുതാം• സൂര്യോദയം - സൂര്യന്റെ ഉദയം• പുലർകാലസ്വപ്നങ്ങൾ - പുലർകാലത്തെ സ്വപ്നങ്ങൾ• ദൂരയാത്ര - ദരേക്കുള്ള യാത്ര • പാചകവിരുത് - പാചകത്തിലുള്ള വിരുത്
♦ മലയാളിയുടെ ഹെലൻ കെല്ലർ - സിജു ചെറുതാഴംപ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നേറിയ അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മലയാളിയുടെ ഹെലൻ കെല്ലർ. തലശ്ശേരി കുണ്ടുചിറയിൽ വി. ആനന്ദകൃഷ്ണന്റെയും കെ. പി. പ്രീതയുടെയും മകളായിട്ടാണ് സിഷ്നയുടെ ജനനം. ആറു വയസ്സിനിടെ ആറുതവണ അവൾ ഓപ്പറേഷന് വിധേയയായി. ഈ പെൺകുട്ടി എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചവർക്കു മുന്നിൽ, പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു മുന്നിൽ സിഷ്നയുടെ ജീവിതം അദ്ഭുതം എന്ന കേവല വാക്കിനും അപ്പുറമാണ്.സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. വിരൽത്തുമ്പു തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ (ടാക്ടൈൽ സൈൻ ലാംഗ്വേജ്) യിലൂടെ ആശയവിനിമയം നടത്തുന്ന സിഷ്നയിൽ നിന്നും അച്ഛനും അമ്മയും ആ ഭാഷ പഠിച്ചെടുത്തു. സിഷ്നയ്ക്ക് പറയാനുള്ളത് അവർ കൃത്യമായി മറ്റുള്ളവരോട് പറഞ്ഞു. നൃത്തം പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനൊപ്പവും അവർ നിന്നു. കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ ഫാർമസിയിൽ നാലുവർഷത്തിലേറെയായി സിഷ്ന ജോലി ചെയ്യുന്നു. അതിജീവനത്തിന്റെ നേർക്കാഴ്ചയായി സിഷ്നയുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.
♦ ചർച്ചാക്കുറിപ്പ്♦ സിഷ്നയുടെ ജീവിതാനുഭവം വായിച്ചല്ലോ? മലയാളിയുടെ ഹെലൻ കെല്ലർ എന്ന് അവളെ വിശേഷിപ്പിച്ചത് എന്തുകൊണ്ടാവാം? ഈ പാഠഭാഗം നമുക്ക് നൽകുന്ന തിരിച്ചറിവ് എന്താണെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.പത്തൊമ്പതു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട, എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ജീവിതം അതിജീവനത്തിന്റെ മാതൃകയാക്കി മാറ്റിയ, ഏവർക്കും പ്രചോദനമായ വ്യക്തിയാണ് ഹെലൻ കെല്ലർ. 'ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണാ കൈയോ വേണ്ട, ഹൃദയം മതിയെന്ന്' ഈ വനിത ലോകത്തെ ബോധ്യപ്പെടുത്തി. അന്ധതയും ബധിരതയും മൂകതയുമൊന്നും നമ്മുടെ സ്വപ്നങ്ങൾക്ക് പരിമിതികൾ തീർക്കുന്ന കാരണങ്ങളല്ല എന്ന് ഹെലൻ കെല്ലറെപ്പോലെ ലോകത്തിനു കാണിച്ചു കൊടുത്ത മലയാളി പെൺകുട്ടിയാണ് സിഷ്ന. ചെറിയ വേദനകൾ വരുമ്പോൾ, വിഷമങ്ങൾ അലട്ടുമ്പോൾ തളർന്നു പോകുന്ന നമുക്ക് സിഷ്ന വലിയൊരു മാതൃകയാണ്.സിഷ്ന വിരൽത്തുമ്പിലൂടെയാണ് ലോകത്തെ അറിഞ്ഞത്. മറ്റുള്ളവരുടെ ആശയവിനിമയത്തെ ഉൾക്കൊള്ളാനോ സ്വന്തം ആശയങ്ങളെ പ്രകടിപ്പിക്കാനോ കഴിയാത്ത ഒരു കുട്ടി എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിഷ്ന അവൾ നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. ഇച്ഛാശക്തിക്ക് അതിജീവിക്കാൻ കഴിയാത്ത വൈകല്യങ്ങളില്ല എന്ന് സിഷ്നയുടെ ജീവിതം തെളിയിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ പൊരുതി ഹെലൻ കെല്ലറെപ്പോലെ മുന്നേറിയ മലയാളി പെൺകുട്ടിയായതിനാൽ മലയാളിയുടെ ഹെലൻ കെല്ലർ എന്ന വിശേഷണം ഉചിതമാണ്.
♦ പാഠം: 02 - തോട്ടക്കാരി - പി.ഭാസ്കരൻ പത്തുദിവസത്തെ ദൂരവാസത്തിനുശേഷം തിരിച്ച് വീട്ടിലെത്തിയ കവിയും ഭാര്യയുമാണ് ഈ കവിതയിലുള്ളത്. നട്ടുനനച്ചുവളർത്തിയ ചെടികൾ വെള്ളം കിട്ടാതെ വാടിനിൽക്കുന്നതുകണ്ട് ഭാര്യയുടെ മുഖം വാടുമ്പോൾ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടതാണ് കവിയെ ആകുലനാക്കുന്നത്. എങ്കിലും ശുഭാപ്തിവിശ്വാസം പകർന്നുനൽകി ഭാര്യയുടെ സങ്കടങ്ങളെ ഇല്ലാതാക്കുകയും അവൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുകയാണ് കവി. നഷ്ടങ്ങളെ, തകർച്ചകളെ എണ്ണിപ്പറഞ്ഞ് സങ്കടപ്പെടുന്നതിലർഥമില്ല എന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം തേടുകയും ജീവിതത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയുമാണ് വേണ്ടതെന്ന സന്ദേശം പകരുകയാണ് ഈ കവിതയിലൂടെ പി. ഭാസ്കരൻ. പാഠാനുബന്ധ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
♦ കവിതയുടെ ആശയംകവിയും ഭാര്യയും പത്തുദിവസം വാടകവീട്ടിൽ നിന്നും മറുനാട്ടിലേക്ക് യാത്രപോയി. തിരികെയെത്തിയപ്പോൾ വീട്ടിലെ ചെടികളെല്ലാം ഉണങ്ങിനില്ക്കുന്നതുകണ്ട് ഭാര്യ സങ്കടപ്പെടുന്നു. 'തുളസി വാടിപ്പോയി' എന്നു പറയുമ്പോൾ കൂടുതൽ കരിഞ്ഞത് ഭാര്യയുടെ മുഖമാണെന്ന് കവി പറയുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയതിനാൽ വീടു തുറക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു കവി. ബലം പ്രയോഗിച്ച് കവി പൂട്ടുതുറന്നപ്പോൾ ഭാര്യ അലിവോടെ നോക്കുന്നതുകണ്ട്, മണ്ടത്തരം പറ്റിയതാണ് അതുപോട്ടെ, മറ്റൊരു താഴ് വാങ്ങാം എന്നു കവി പറയുന്നു. അപ്പോഴും അവർ വേദനിക്കുന്നതും ആകുലപ്പെടുന്നതും തന്റെ പിച്ചി പൂക്കാതെ ഉണങ്ങിപ്പോയതിലും നിശാഗന്ധി വെള്ളം കിട്ടാതെ നിലംപൊത്തിയതിലുമൊക്കെയാണ്. താക്കോലുപോയാൽ പോകട്ടെ, ഇക്കൊല്ലം ഓണമെത്തുമ്പോൾ മുറ്റത്ത് ഒരു പൂച്ചെടിയെങ്കിലും ഉണ്ടാകേണ്ടേ (പൂക്കാലം വിരുന്നെത്തേണ്ടേ) എന്ന ആശങ്കയാണ് ഭാര്യയ്ക്കുള്ളത്. ഭാര്യയുടെ ആശങ്കനിറഞ്ഞ ചോദ്യം കേട്ട് കവി മറുപടി പറയുന്നത് 'അല്ലയോ തോട്ടക്കാരി, നീ രണ്ടുനേരവും കുടത്തിൽ വെള്ളമെടുത്തുകൊണ്ടുപോയി നിന്റെ ഉള്ളിലെ വാത്സല്യവും ചേർത്ത് നനയ്ക്കുമ്പോൾ അവ വീണ്ടും തളിർത്ത് പൂവിടുകില്ലേ' എന്നാണ്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന സൂചനയാണ് കവി ഇവിടെ നൽകുന്നത്.ചെടികൾ വാടിക്കരിഞ്ഞതുകണ്ട് ഭാര്യ കണ്ണീരൊഴുക്കി. അവളുടെ ദുഃഖം കണ്ട് കവിക്കും ദുഃഖം തോന്നി. ആശ്വാസവാക്കുകളാൽ കവി ഭാര്യയുടെ മനസ്സ് തണുപ്പിക്കുന്നു. അവളുടെ കണ്ണീർ മായുകയും മുഖം പ്രകാശമാനമാകുകയും ചെയ്യുന്നു. ഭാര്യയുടെ മനസ്സ് സന്തോഷഭരിതമായപ്പോൾ കവിയുടെ മനസ്സിലും സന്തോഷം നിറഞ്ഞു എന്നതിനെയാണ് 'മനസ്സിന്റെ വാതിൽ അധരങ്ങളാൽ പൊൻതാക്കോലുകൊണ്ട് തുറന്നു' എന്ന വരികളിൽ സൂചിപ്പിക്കുന്നത്.
♦ ഈണത്തിൽ ചൊല്ലാം♦ കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക.കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ഗ്രൂപ്പുകളായി തിരിഞ്ഞ് കാസിൽ അവതരിപ്പിക്കുക.
♦ വിശകലനക്കുറിപ്പ്"കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീവർണ്ണം അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം നിന്നുടെയധരങ്ങൾ തുറന്നു പൊൻതാക്കോലാൽ'' - വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. പത്തുദിവസത്തെ ദൂരെയാത്ര കഴിഞ്ഞ് കവിയും സഹധർമ്മിണിയും വാടക വീട്ടിലെത്തിയപ്പോൾ വാടിനിൽക്കുന്ന ചെടികൾ കണ്ട് ഭാര്യ വിഷമിക്കുന്നു. അവൾ സ്നേഹപൂർവം പരിപാലിച്ചിരുന്നതാണ് ആ ചെടികൾ. വാടിപ്പോയ തുളസിയും ഉണങ്ങിയ പിച്ചിയും നിലംപൊത്തിക്കിടക്കുന്ന നിശാഗന്ധിയുമൊക്കെക്കണ്ട് അവളുടെ കണ്ണുനിറഞ്ഞൊഴുകുന്നു. കവിയാകട്ടെ കളഞ്ഞുപോയ താക്കോലിന്റെ കാര്യമോർത്താണ് വിഷമിക്കുന്നത്. കവി ഓരോന്നും പറഞ്ഞ് ഭാര്യയെ സമാധാനിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ സംരക്ഷകയായ ഭാര്യയെ തോട്ടക്കാരി എന്നാണ് കവി സംബോധന ചെയ്യുന്നത്. തോട്ടക്കാരിയും ചെടികളും തമ്മിലുള്ള ആത്മബന്ധം കവിതയിൽ നിന്ന് മനസ്സിലാക്കാം.ഇനിയും നീ സ്നേഹപൂർവം വെള്ളം കൊടുത്താൽ ചെടികൾ പഴയതുപോലെ ജീവസ്സുറ്റതാകും, പുഷ്പിക്കും എന്ന കവിയുടെ സാന്ത്വനവാക്കുകൾ ഭാര്യയുടെ ദുഃഖം ശമിപ്പിക്കുന്നു. കണ്ണീർ ഒഴുകി വറ്റിയ അവരുടെ കവിളിൽ ചുവപ്പ് പടർന്നു. കവിയുടെ സാന്ത്വന വാക്കുകളിൽ നിന്നുണ്ടായ പ്രതീക്ഷയുടെ ചുവപ്പായിരിക്കാം അവരുടെ കവിളിൽ തുടിപ്പായി പടർന്നത്. ഭാര്യയുടെ സന്തോഷം കണ്ടപ്പോൾ കവിയുടെ മനസ്സു നിറഞ്ഞതിനെയാണ് മനസ്സിന്റെ അടഞ്ഞവാതിൽ അവരുടെ അധരങ്ങളാകുന്ന പൊൻതാക്കോൽ കൊണ്ട് തുറന്നു എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.പ്രത്യാശ നിറഞ്ഞ ഈ വാക്കുകൾകൊണ്ട് ഭാര്യയുടെ വിഷമം ഇല്ലാതാക്കിയപ്പോൾ തന്റെ മനസ്സും സ്വസ്ഥമായി എന്ന് കവി കരുതുന്നു. വാടിയതും കരിഞ്ഞതുമായ ചെടികളെല്ലാം വീണ്ടും തളിരണിയിക്കാൻ തോട്ടക്കാരിയുടെ ആർദ്രത കാരണമാകും എന്ന് കവി ഭാര്യയോട് പറയുന്നു. ആ പ്രത്യാശയുടെ വെളിച്ചമാണ് താൽക്കാലികമായ ദുഃഖത്തിന്റെ ഇരുട്ടിനെ അകറ്റിക്കളയുന്നത്.
♦ ആസ്വാദനമെഴുതാം''അപ്പോൾ ഞാൻ ചൊല്ലി: തോട്ടക്കാരീ, നിൻ വാത്സല്യത്തിൻ അദ്ഭുതവർഷമേഘം മൺകുടമൊക്കത്തേറ്റിഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ ഇവിടം നനച്ചിടും, പേടിക്കാനെന്തിരിപ്പൂ''ഈ വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി ചർച്ചചെയ്യുക. തുടർന്ന് "തോട്ടക്കാരി' എന്ന കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ (സാദൃശ്യഭംഗി, താളാത്മകത, പ്രയോഗങ്ങൾ) എന്നിവ പരിഗണിച്ച് ഒരു ആസ്വാദനം എഴുതു. പരസ്പരം വായിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകളോടെ മെച്ചപ്പെടുത്തുമല്ലോ. വരികളുടെ വിശകലനം'തോട്ടക്കാരി' എന്ന കവിതയിലെ ഏറ്റവും ശ്രദ്ധേയമായ, കാവ്യഭംഗി നിറഞ്ഞ വരികളാണിത്. വാടിക്കരിഞ്ഞു നിൽക്കുന്ന ചെടികൾ കണ്ട് വിഷമിച്ചു നിൽക്കുന്ന ഭാര്യയെ കവി ആശ്വസിപ്പിക്കുകയാണ്. ഇനി എല്ലാ ദിവസവും രണ്ടുനേരവും മുടങ്ങാതെ ചെടികളെല്ലാം നിന്റെ വാത്സല്യവും കൂടി ചേർത്ത് നനക്കുമ്പോൾ അവ പഴയതുപോലെ ജീവസുറ്റതാകും എന്ന് കവി ഭാര്യയോട് പറയുന്നു. വാടിവീണതെല്ലാം കൂടുതൽ കരുത്തോടെ ഉയിർത്തെണീക്കും എന്ന പ്രതീക്ഷ നൽകുന്ന വാക്കുകളാണ് കവിയുടേത്. വാത്സല്യത്തിൻ അത്ഭുത വർഷ മേഘമായി മാറുന്ന തോട്ടക്കാരിക്ക് അസാധ്യമായി ഒന്നുമില്ല എന്നാണ് കവി കരുതുന്നത്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ പുഷ്പിപ്പിക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന ആശയമാണ് ഈ വരികളിൽ നിറയുന്നത്. കുടുംബത്തെയും പൂന്തോട്ടത്തെയും ബാധിച്ച താളപ്പിഴകൾ തന്റെ വാത്സല്യമാകുന്ന അദ്ഭുതവർഷമേഘത്താൽ ഉർവരമാക്കാൻ സ്ത്രീക്ക് സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ പറയുന്നത്. കാവ്യഭംഗിയും പ്രതീക്ഷയുടെ വെളിച്ചവും പകർന്നു നൽകുന്ന സന്ദർഭമാണിത്.ആസ്വാദനം പി. ഭാസ്കരന്റെ അതിമനോഹരവും അർഥസാന്ദ്രവുമായ കവിതയാണ് തോട്ടക്കാരി. ആഖ്യാതാവിന്റെ ഭാര്യയെയാണ് തോട്ടക്കാരിയായി അവതരിപ്പിക്കുന്നത്. പ്രമേയത്തിലും ആസ്വാദനാംശങ്ങളിലും കവിത ശ്രദ്ധേയമാണ്. വാടകവീട് പൂട്ടി, പത്തുദിവസത്തെ മറുനാടൻ വാസവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുടുംബിനി പരിചരിച്ചുപോന്ന ചെടികൾ വാടിയും കരിഞ്ഞും നിൽക്കുന്നത് ആഖ്യാതാവ് കാണുന്നു. വീടിന്റെ താക്കോൽ നഷ്ടപ്പെട്ടതോർത്ത് വിഷമിക്കുകയാണ് ഭർത്താവ്. എന്നാൽ ഭാര്യ വിഷമിക്കുന്നത് ചെടികൾക്കുണ്ടായ മാറ്റങ്ങൾ കണ്ടാണ്. ഇനിയും വെള്ളമൊഴിച്ച് പരിപാലിച്ചാൽ ചെടികൾ മുമ്പത്തേതിനേക്കാൾ നന്നായി വളർന്നുവരും എന്നാണ് ഭർത്താവ് പറയുന്നത്. ഈ പ്രത്യാശയിൽ ഭാര്യയുടെ ദുഃഖം അലിഞ്ഞില്ലാതാകുന്നു. നിരാശയിൽ നിന്ന് പ്രത്യാശയിലേക്കുള്ള വളർച്ചയാണ് കവിതയുടെ ആശയത്തിന് മിഴിവ് നൽകുന്നത്. കവിതയിലെ വർണ്ണനകളും സാദൃശ്യഭംഗിയും എടുത്തുപറയേണ്ടതുതന്നെയാണ്. തുളസി വാടിപ്പോയി എന്നു പറഞ്ഞപ്പോൾ കുടുംബിനിയുടെ 'മുഖത്തളിരാണ്' കരിഞ്ഞത് എന്ന് കവി വർണ്ണിക്കുന്നു. തോട്ടക്കാരിയുടെ വാത്സല്യത്തിൻ അത്ഭുവർഷമേഘം, കണ്ണിലെ മഴത്തുള്ളി, കവിൾത്തടത്തിലെ ഗന്ധമാദിനീ വർണ്ണം എന്നിങ്ങനെയുള്ള കാവ്യാത്മക പ്രയോഗങ്ങളും സാദൃശ്യകല്പനകളും കവിതയുടെ ആത്മാവിനോടു ചേർന്നു നിൽക്കുന്നവയാണ്. അർഥപൂർണ്ണവും ധ്വനിസാന്ദ്രവുമാണ് ഈ കാവ്യകല്പനകൾ.‘കേക' വൃത്തത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ ചൊല്ലാൻ ഈ താളം സഹായകമാകുന്നു. അങ്ങനെ ഈണത്തിലും താളത്തിലും ചൊല്ലുമ്പോൾ കവിത മനസ്സിലേക്കു കടക്കുന്നു. അപ്പോൾ തോട്ടക്കാരിയായ കുടുംബിനി ആസ്വാദകമനസ്സിൽ തെളിഞ്ഞുനിൽക്കും.നിന്മുഖത്തളിർ, ആർദ്രമായ കവിൾ, വാത്സല്യത്തിൻ അദ്ഭുത വർഷമേഘം, കണ്ണിലെ മഴത്തുള്ളി, ഗണ്ഡത്തിൽ ചിന്നിക്കാണുന്ന ഗന്ധമാദിനീവർണ്ണം, അധരങ്ങൾ തുറന്ന പൊൻതാക്കോൽ എന്നിങ്ങനെയുള്ള സവിശേഷ പ്രയോഗങ്ങൾ കവിതയുടെ ആസ്വാദനതലത്തെ ഉയർത്തുന്നവയാണ്. ഓരോ പ്രയോഗവും കവിതയുടെ പ്രമേയത്തോടും ഭാവതലത്തോടും ഇണങ്ങിച്ചേർന്നു നിൽക്കുന്നു.കവിതയുടെ ദർശനം ഏറെ പ്രധാനമാണ്. 'കരിഞ്ഞമുഖം', ചുവന്നുതുടുത്ത കവിൾത്തടമാകുന്നത് കവിതയിൽ കാണാം. താക്കോൽ നഷ്ടപ്പെട്ടതിലാണ് ഭർത്താവ് ദുഃഖിക്കുന്നതെങ്കിൽ കുടുംബിനി ചെടികൾ വാടിയതോർത്താണ് വിഷമിക്കുന്നത്. ഭാര്യയുടെ പരിചരണം ചെടികളെ ഇനിയും ഉയർപ്പിക്കുകയും വളർത്തുകയും ചെയ്യുമെന്നും പേടിക്കാനില്ലെന്നും ഭർത്താവു പറയുമ്പോൾ ദുഃഖം സന്തോഷത്തിനും പ്രത്യാശയ്ക്കും വഴിമാറുന്നു. പത്തുദിവസം മാറിനിന്നതുകൊണ്ടാണ് ചെടികൾ വാടിക്കരിഞ്ഞത്. രണ്ടുനേരം നനച്ചു കൊടുത്താൽ അവ ഊർജസ്വലതയോടെ വളരും. തുളസിയും പിച്ചിയും നിശാഗന്ധിയുമെല്ലാം കുടുംബിനിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൊൻചിങ്ങത്തിന് പൂക്കളാൽ വിരുന്നൊരുക്കേണ്ടവരാണവർ. അതോർത്താണ് 'തോട്ടക്കാരി' വിലപിക്കുന്നത്. എന്നാൽ ഭർത്താവിന്റെ പ്രതീക്ഷ നിറഞ്ഞ വാക്കുകൾ അവൾക്ക് സാന്ത്വനമാകുന്നു. അവർ സന്തോഷത്തിലേക്കു മടങ്ങി വരുന്നു. അവരുടെ മനസ്സും മുഖവും പ്രസന്നമായപ്പോൾ കവിയും സന്തോഷിക്കുന്നു. തന്റെ പൂന്തോട്ടത്തെയും കുടുംബത്തെയും ബാധിച്ച താളപ്പിഴകളെ വാത്സല്യമാകുന്ന വർഷമേഘത്താൽ ഉണർത്താൻ സ്ത്രീക്ക് സാധിക്കും എന്ന് ബോധ്യപ്പെടുത്തുന്നു കവിതയിൽ കവി. ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കും നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും വളരുന്നതാണ് കവിതയുടെ ഇതിവൃത്തം.
♦ 'കൂടുതൽ കരിഞ്ഞതു നിന്മുഖത്തളിരല്ലോ' - നിന്മുഖത്തളിര് എന്ന പദത്തിന്റെ വിഗ്രഹാർഥം താഴെ പറയുന്നവയിൽ ഏത്?(A) നിന്റെ മുഖത്തിന്റെ തളിര് (B) നിന്റെ മുഖമെന്ന തളിര് (C) നിന്റെ മുഖമാകുന്ന തളിര് (D) നിന്റെ മുഖവും തളിരും ഉത്തരം: C) നിന്റെ മുഖമാകുന്ന തളിര്
♦ 'നിൻകവിൾ രണ്ടും വീണ്ടുമാർദ്രമായതു കണ്ടേൻ' സന്ദർഭം ഏത്?(i) ബലം പ്രയോഗിച്ച് വീടിന്റെ പൂട്ട് പൊളിച്ചപ്പോൾ (ii) ഭാര്യയുടെ വിഷമം കവി കണ്ടില്ലെന്നു നടിച്ചപ്പോൾ. (A) (ii) മാത്രം ശരി(B) (i) ഉം (ii) ഉം ശരി(C) (i) മാത്രം ശരി(D) രണ്ടും ശരിയല്ലഉത്തരം: (C) (i) മാത്രം ശരി
♦ മണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം. - വരികളിലെ കാവ്യഭംഗി വിശദമാക്കുക.യാത്ര കഴിഞ്ഞെത്തിയപ്പോൾ തന്റെ ചെടികളെല്ലാം വാടിക്കരിഞ്ഞു നില്ക്കുന്നതു കണ്ട് കണ്ണീരൊഴുക്കിയ ഭാര്യയെ “വാടിപ്പോയവ ഇനിയും നട്ടുനനച്ചുവളർത്താം'' എന്ന പ്രത്യാശ നൽകി കവി ആശ്വസിപ്പിക്കുന്നു. കണ്ണീരുണങ്ങിയ അവളുടെ ചുവന്ന കവിൾത്തടത്തെയാണ് 'ഗന്ധമാദിനീവർണം കവിളിൽ പടർന്നു, എന്ന് കവി വിശേഷിപ്പിക്കുന്നത്. മനോഹരമായ കവിഭാവനയാണിത്.
♦ ‘ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെഇവിടം നനച്ചീടും പേടിക്കാനെന്തിരിപ്പൂ.- പ്രത്യാശയും ശുഭചിന്തയും ജീവിതപ്രതിസന്ധികളെ മറികടക്കാൻ നമുക്ക് താങ്ങാകുന്നു എന്ന ആശയമാണോ ഈ വരികൾ പകർന്നുതരുന്നത്?വാടകവീടുപൂട്ടി മറുനാട്ടിൽ യാത്രപോയി തിരിച്ചെത്തിയ കവിയും ഭാര്യയും ആകെ വിഷമത്തിലായിരുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയി. നട്ടുനനച്ചു വളർത്തിയ ചെടികളെല്ലാം വെള്ളം കിട്ടാതെ വാടിക്കരിഞ്ഞുപോയി. ഓണക്കാലത്ത് പൂവിട്ടു നില്ക്കേണ്ട ചെടികൾ വാടിപ്പോയതിൽ ഭാര്യ ഏറെ ദുഃഖിതയായിരുന്നു. വീടിനുള്ളിൽ കയറാൻ ബലം പ്രയോഗിച്ച് പൂട്ടുപൊളിക്കേണ്ടി വന്നതിൽ കവിയും ദുഃഖിതനായിരുന്നു. മറ്റൊരു താഴ് വാങ്ങാം എന്നുപറഞ്ഞ് കവി ഭാര്യയെ സാന്ത്വനിപ്പിക്കുന്നു. വാടിക്കരിഞ്ഞ ചെടികളെ ഓർത്ത് ആകുലപ്പെട്ട ഭാര്യയെ, നനച്ചുകൊടുത്താൽ അവ വീണ്ടും തളിർത്ത് പുഷ്പിക്കുമല്ലോ എന്നുപറഞ്ഞ് കവി സാന്ത്വനിപ്പിക്കുന്നു. കുടുംബജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ പ്രത്യാശ നിറഞ്ഞ വാക്കുകളാൽ പരസ്പരം സാന്ത്വനം പകർന്ന് മറികടക്കുന്ന ദമ്പതികളെയാണ് കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്.
♦ പദപരിചയം• കുടുംബിനി - ഭാര്യ• മറുനാടൻ യാത്ര - മറ്റൊരു നാട്ടിലേക്കുള്ള യാത്ര• വാസം - താമസം• വിഷണ്ണൻ - ദുഃഖിതൻ• കരബലം - കൈയുടെ ബലം• പോഴത്തം - മണ്ടത്തരം• ഉരയ്ക്കുക - പറയുക• ചൊല്ലി - പറഞ്ഞു• നിലംപൊത്തി - നിലത്തുവീണുകിടക്കുന്നു• വർഷമേഘം - മഴമേഘം• ഗണ്ഡം - കവിൾത്തടം• ഗന്ധമാദിനീവർണം - കോലരക്കിന്റെ നിറം (ചുവപ്പ്)• ചിത്തം - മനസ്സ് • അധരം - ചുണ്ട് • മന്ദം - പതിയെ• പൊൻതാക്കോൽ - സ്വർണത്താക്കോൽ
♦ പകരം പദങ്ങൾ• മുഖം - ആനനം, വദനം, ആസ്യം • പൂന്തോട്ടം - ഉദ്യാനം, ആരാമം, ഉപവനം • കവിൾ - ഗണ്ഡം, കപോലം• വെള്ളം - ജലം, സലിലം, തോയം• മേഘം - മുകിൽ, ജലദം, വാരിദം• കണ്ണ് - അക്ഷി, നേത്രം, നയനം• മഴ - മാരി, വർഷം, വൃഷ്ടി • കഴുത്ത് - കന്ധരം, ഗ്രീവം, ഗളം• ചിത്തം - മനസ്, മാനസം, മനം• ചുണ്ട് - അധരം, ഓഷ്ഠം, ഛദം
♦ ലോപസന്ധി• താഴൊന്നു - താഴ്, ഒന്നു
♦ ദ്വിത്വസന്ധി• പറ്റിപ്പോയി - പറ്റി, പോയി• ചിങ്ങപ്പൂക്കാലം - ചിങ്ങ, പൂക്കാലം• മഴത്തുള്ളി - മഴ, തുള്ളി• ഇക്കൊല്ലം - ഇ, കൊല്ലം
♦ ആദേശസന്ധി • നിത്യവും - നിത്യം, ഉം • ഗണ്ഡത്തിൽ - ഗണ്ഡം, ഇൽ • വാസവും - വാസം, ഉം
♦ ആഗമസന്ധി• തുളസിയെന്നോതുമ്പോൾ - തുളസി, എന്നോതുമ്പോൾ • മടങ്ങിയെത്തും - മടങ്ങി, എത്തും • പൂക്കാതെയുണങ്ങി - പൂക്കാതെ, ഉണങ്ങി • നിന്നുടെയധരങ്ങൾ - നിന്നുടെ, അധരങ്ങൾ
♦ വിഗ്രഹിച്ചെഴുതാം• മുഖത്തളിർ - മുഖമാകുന്ന തളിർ• കരബലം - കരത്തിന്റെ ബലം• നിശാഗന്ധിത്തൈ - നിശാഗന്ധിയുടെ തൈ • വർഷമേഘം - വർഷകാലത്തെ മേഘം• മൺകുടം - മണ്ണുകൊണ്ടുള്ള കുടം• മഴത്തുള്ളി - മഴയുടെ തുള്ളി• പൊൻതാക്കോൽ - പൊന്നുകൊണ്ടുള്ള താക്കോൽ
♦ പാഠം: 03 - ഭഗീരഥപ്രയത്നം - ഡോ. എം. എസ്. വല്യത്താൻലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനായ ഡോ. എം. എസ്. വല്യത്താന്റെ അനുഭവക്കുറിപ്പാണ് പാഠഭാഗം ഇന്ത്യയിൽ ആദ്യമായി നടന്ന കൃത്രിമ ഹൃദയ വാൽവ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ഡോ. വല്യത്താൻ ഏഴുവർഷം നീണ്ട ഹൃദയവാൽവ് നിർമ്മാണഘട്ടങ്ങളിൽ നേരിട്ട പ്രതിസന്ധികളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് മറികടന്ന് വിജയത്തിലെത്തിയ അനുഭവം പങ്കുവയ്ക്കുകയാണിവിടെ. ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകുന്നു.
♦ ബന്ധം കണ്ടെത്തുക♦ “ഉത്തമരാവട്ടെ നിരന്തരം വിഘ്നമുണ്ടായാലും തുടങ്ങിയ കാര്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല'' - നീതിശതകത്തിലെ ഈ വാക്യം പാഠഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? വിശദമാക്കുക. ഭർത്തൃഹരിയുടെ 'നീതിശതക'ത്തിലെ ഒരു ശ്ലോകം ഡോ. വല്യത്താൻ ഉദ്ധരിക്കുന്നുണ്ട്. “നീചർ തടസ്സങ്ങളുണ്ടാകുമെന്ന ഭയംകൊണ്ട് ഒരിക്കലും ഒരു കാര്യം തുടങ്ങുന്നില്ല. മധ്യമർ തടസ്സം ഉണ്ടാകുമ്പോൾ അവർ തുടങ്ങിയ കൃത്യം ഉപേക്ഷിക്കുന്നു. ഉത്തമരാകട്ടെ നിരന്തരം തടസ്സങ്ങൾ ഉണ്ടായാലും തുടങ്ങിയ കൃത്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല. ഇതാണ് ഭർത്തൃഹരിയുടെ ശ്ലോകത്തിൽ പറയുന്നത്. മനുഷ്യരെ നീചർ, മധ്യമ൪, ഉത്തമർ എന്ന് അദ്ദേഹം തരം തിരിക്കുന്നു. പുതുതായി എന്തെങ്കിലും ആരംഭിക്കുമ്പോൾ തടസ്സങ്ങളും പരാജയങ്ങളും സ്വാഭാവികമാണ്. ചിലർ (നീചർ) പരാജയം, തടസ്സം ഭയന്ന് ഒന്നും തുടങ്ങുന്നില്ല. ചിലർ (മധ്യമർ) തടസ്സം വരുമ്പോൾ ലക്ഷ്യം മറന്ന് പ്രവർത്തനം ഉപേക്ഷിക്കുന്നു. ചിലർ (ഉത്തമർ) തടസ്സവും പ്രതിസന്ധികളും വകവയ്ക്കാതെ ലക്ഷ്യം കാണുന്നതുവരെ കഠിനാധ്വാനം തുടരുന്നു.ഡോ. വല്യത്താൻ മൂന്നാമത്തെ (ഉത്തമർ) വിഭാഗത്തിൽപ്പെട്ട ആളാണെന്ന് നമുക്ക് മനസ്സിലാക്കാം. ഏഴുവർഷം നീണ്ട വാൽവ് നിർമ്മാണ ഗവേഷണത്തിനിടയിൽ പല തടസ്സങ്ങളും പരാജയങ്ങളുമുണ്ടാകുന്നു. സുഹൃത്തുക്കൾപോലും നിരുത്സാഹപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ വല്യത്താൻ ഇതിലൊന്നും തളരാതെ മുന്നോട്ടുപോകുന്നു. ഒടുവിൽ വിജയിക്കുന്നു. പരാജയപ്പെട്ട പരീക്ഷണങ്ങളില്ലാതെ ആരും സ്വന്തമായി ഒന്നും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. അങ്ങനെ ഡോ. വല്യത്താൻ 'ഉത്തമ'രുടെ ഗണത്തിൽ ഉൾപ്പെടാൻ അർഹത നേടുന്നു. നീതിശതകത്തിലെ ശ്ലോകത്തിലെ ആശയത്തോടു ചേർന്നു നിൽക്കുന്നതാണ് ഡോ. വല്യത്താന്റെ പ്രവർത്തനരീതികൾ എന്ന് നാം തിരിച്ചറിയുന്നു. നിശ്ചയദാർഢ്യത്തിലൂന്നിയ പ്രവർത്തനം നമ്മെ വിജയത്തിലെത്തിക്കും എന്ന് വല്യത്താന്റെ അനുഭവം ബോധ്യപ്പെടുത്തിത്തരുന്നു.
♦ ശൈലീനിഘണ്ടു തയ്യാറാക്കാം♦ ഭഗീരഥപ്രയത്നം - കഠിനമായ പരിശ്രമംഇത്തരത്തിലുള്ള കൂടുതൽ ശൈലികൾ ശേഖരിച്ച് ഒരു ലഘുശൈലീനിഘണ്ടു തയ്യാറാക്കുക.• അക്കരെപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക.• ആകാശക്കോട്ട കെട്ടുക - മനോരാജ്യം കാണുക• ആകാശകുസുമം - സംഭവിക്കാത്ത കാര്യം• ഉലക്കമേൽ കിടക്കുക - അസാധ്യകാര്യം ചെയ്യുക• കതിരിന്മേൽ വളം വയ്ക്കുക - കാലംതെറ്റി പ്രവർത്തിക്കുക• കീറാമുട്ടി - പ്രയാസമുള്ള കാര്യം• കുതിരക്കണ്ണിപോലെ - ഒരു ദിശയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.• ചക്രംചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക • നെല്ലിപ്പടി കാണുക - അടിയറ്റം കാണുക
♦ പ്രഭാഷണം♦ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും. 'ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.പ്രിയ സുഹൃത്തുക്കളേ,ജീവിതവിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്താണ് വിജയിക്കാനുള്ള മാർഗം എന്ന് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. 'എനിക്ക് വിജയിക്കാൻ സാധിക്കും' എന്ന ദൃഢമായ വിശ്വാസം നൽകുന്ന കരുത്ത് വലുതാണ്. എപ്പോഴും പരാജയത്തെക്കുറിച്ചാലോചിക്കുന്നവർ പരാജയത്തിലെത്തിച്ചേരും. 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് തന്നോടുതന്നെ പറയുന്നവനെ തോൽപിക്കാൻ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമായി പറയാവുന്ന ഒരാളാണ് വൈദ്യുത ബൾബുൾപ്പെടെ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസൺ. ആദ്യത്തെ ബൾബ് കണ്ടുപിടിക്കാനായി പതിനായിരക്കണക്കിന് പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. അതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.“ഞാൻ പതിനായിരം പ്രാവശ്യം പരാജയപ്പെടുകയായിരുന്നില്ല. ബൾബ് വേണ്ടവിധം പ്രവർത്തിക്കാത്ത പതിനായിരം വഴികൾ ഞാൻ കണ്ടെത്തുകയായിരുന്നു. വിജയിക്കാനുള്ള ഏറ്റവും നല്ല വഴി ഒരു തവണകൂടി പരിശ്രമിക്കുക എന്നതാണ്''. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് എഡിസനെയും നമ്മളേവരേയും ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്നത്. സുഹൃത്തുക്കളേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന രണ്ട് സൂപ്പർ പവറുകളാണ് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും. പ്രതിബന്ധങ്ങൾക്കിടയിലും താൻ ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും അർപ്പിതമനോഭാവത്തോടെ മുന്നേറുന്നതാണ് നിശ്ചയദാർഢ്യം.ഒരു കാര്യത്തിനായി മനസ്സ് കേന്ദ്രീകരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുമ്പോൾ ഒന്നിനും നമ്മെ തടയാൻ കഴിയില്ല. ഉയർച്ചയുടെ പടവുകൾ കയറിയ ലോകത്തെ ഏതു വ്യക്തിത്വത്തെ എടുത്തുപരിശോധിച്ചാലും നമുക്കിത് മനസ്സിലാക്കാൻ കഴിയും.
“എന്റെ ലക്ഷ്യത്തിലെത്താൻ ഞാൻ എന്തുചെയ്യണം?" എന്നു ചോദിച്ച കുട്ടികൾക്ക് ഡോ. എ. പി. ജെ. അബ്ദുൽ കലാം ചൊല്ലിക്കൊടുത്ത ഒരു കവിതയുണ്ട്. I will fly എന്ന കവിത. “അന്തർലീന കഴിവുകളോടെയാണ് എന്റെ ജനനംനന്മയോടും വിശ്വാസ്യതയോടും കൂടിയാണ് എന്റെ ജനനം മഹത്വത്തോടെയാണ് എന്റെ ജനനംആത്മവിശ്വാസത്തോടെയാണ് എന്റെ ജനനംചിറകുകളോടെയാണ് എന്റെ ജനനംഅതിനാൽ ഞാൻ ഇഴഞ്ഞുനീങ്ങേണ്ടവനല്ല,എനിക്കു ചിറകുകളുണ്ട്, ഞാൻ പറക്കും ഞാൻ പറന്നുയരും''.
ടെൻസിങ്ങും ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് കീഴടക്കിയത് നിശ്ചയദാർഢ്യം ഒന്നു കൊണ്ടുമാത്രം. ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ അവരെ സഹായിച്ചത് ആത്മവിശ്വാസം മാത്രമാണ്. തന്റെ ചുവടുകൾ പിഴയ്ക്കില്ല എന്ന ആത്മവിശ്വാസം.വിജയം ഒരു ലക്ഷ്യമാണ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയും ഒരിക്കലെങ്കിലും പരാജയപ്പെടാത്തവർ ലോകത്തിലില്ല എന്നതാണ് സത്യം. പരാജയങ്ങളെ നാം എങ്ങനെ കാണുന്നു എന്താണ് പ്രധാനം. ചെറിയ പരാജയങ്ങളിൽ തളർന്നുപോകാതെ അവയെ തിരിച്ചറിവുകളാക്കി മാറ്റി ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെണീക്കുന്നവരുടെ മുന്നിൽ എല്ലാ തടസ്സങ്ങളും മാറിനിൽക്കും.നന്ദി, നമസ്കാരം.
♦ "ഭഗീരഥന്റെ പ്രയത്നംപോലെയായിരുന്നു വാൽവ് നിർമാണം ഈ പ്രസ്താവനയോട് യോജിക്കുന്നത്.(i) ഒരിക്കലും ഫലം കാണാത്ത പ്രയത്നം.(ii) പരാജയങ്ങളുണ്ടായിട്ടും കഠിനപരിശ്രമത്തിലൂടെ വിജയത്തിലെത്തി.(iii) പ്രതിസന്ധികൾ നേരിടാതെ വിജയം കൈവരിക്കുന്നു. (A) (i) ഉം (ii) ഉം ശരി(B) (ii) ഉം (iii) ഉം ശരി (C) (ii) മാത്രം ശരി (D) ഒന്നും ശരിയല്ല ഉത്തരം: (C) (ii) മാത്രം ശരി
♦ അർഥവ്യത്യാസംവരാതെ ലഘുവാക്യമാക്കുക.ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചു. അതിനുശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.
♦ 'എനിക്ക് ലക്ഷ്യം നേടാനുള്ള വലിയ പ്രേരണയായി ഓരോ എതിരഭിപ്രായവും മാറിക്കൊണ്ടിരുന്നു'.ഡോ. എം. എസ്. വല്യത്താൻ ഇങ്ങനെ പറയാൻ കാരണമെന്തായിരുന്നു?കൃത്രിമ വാൽവ് നിർമ്മാണം ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഒരു പരീക്ഷണമായിരുന്നു. ഏഴുവർഷം വേണ്ടിവന്നു ശ്രീചിത്ര വാൽവ് സഫലമാകാൻ, ഇതിന്റെ ആദ്യവർഷങ്ങളിൽ ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന ധാരണയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. കേരളത്തിലെ മുതിർന്ന ഡോക്ടർമാർപോലും പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു. ഇതെല്ലാം വേദനയുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ഊർജവും പ്രേരണയുമായി മാറി എന്നാണ് ഡോ. വല്യത്താൻ പറയുന്നത്.
♦ പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണംദീർഘങ്ങളാം കൈകളേ നൽകിയത്രേ മനുഷിനെ പാരിലയച്ചതീശൻ - (കെ. സി. കേശവപിള്ള)ഡോ. എം. എസ്. വല്യത്താന്റെ അനുഭവങ്ങളുമായി വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.കഠിനമായി പരിശ്രമിച്ചാൽ എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും. അതിനാണ് ദീർഘങ്ങളായ രണ്ടു കൈകൾ നൽകി ഈശ്വരൻ ഭൂമിയിലേക്ക് നമ്മെ അയച്ചിരിക്കുന്നത് എന്നാണ് കാവ്യഭാഗത്ത് കെ. സി. കേശവപിള്ള അഭിപ്രായപ്പെടുന്നത്. ഈ വരികളെ അന്വർഥമാക്കുന്നതാണ് ഡോ. എം. എസ്. വല്യത്താന്റെ പരീക്ഷണങ്ങളും അവയുടെ പരിസമാപ്തിയും. കൃത്രിമ ഹൃദയ വാൽവ് വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ തുടങ്ങി ഏഴുവർഷംകൊണ്ടാണ് പൂർത്തിയായത്. ഇതിനിടെ പരാജയങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും വിധേയരായി. അതിനെയെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടികളായി കണ്ട്, കഠിനപരിശ്രമം നടത്തി ഡോ. വല്യത്താനും സംഘവും വിജയം കണ്ടു. പരാജയങ്ങൾ ഏറ്റുവാങ്ങാതെ ഒരു സാങ്കേതികവിദ്യയും ഇന്നുവരെ ആരും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
♦ പദപരിചയം • പ്രയത്നം - പരിശ്രമം• സഫലം - ഫലപ്രാപ്തിയിലെത്തിയ• അധിക്ഷേപിക്കുക - ആക്ഷേപിക്കൽ, നിന്ദിക്കൽ• നീചർ - താണവർ• വിഘ്നം - തടസ്സം • ഉത്തമർ - ശ്രേഷ്ഠർ• കൃത്യം - പ്രവൃത്തി
♦ ദ്വിത്വസന്ധി• അക്കാലം - അ, കാലം• തുന്നിച്ചേർക്കുക - തുന്നി, ചേർക്കുക
♦ ആദേശസന്ധി• വികസനശ്രമത്തിന്റെ - വികസനശ്രമം, ഇന്റെ • ശ്ലോകത്തിന്റെ - ശ്ലോകം, ഇന്റെ• ഭയത്താൽ - ഭയം, ആൽ
♦ ലോപസന്ധി• അതൊക്കെ - അത്, ഒക്കെ• ഉറപ്പായ - ഉറപ്പ്, ആയ
♦ ആഗമസന്ധി• പോലെയായിരുന്നു - പോലെ, ആയിരുന്നു • ചെയ്യുകയായിരുന്നു - ചെയ്യുക, ആയിരുന്നു • വേദനയുണ്ടാക്കി - വേദന, ഉണ്ടാക്കി
♦ വിഗ്രഹിച്ചെഴുതാം• വികസനശ്രമം - വികസനത്തിനുള്ള ശ്രമം • പരീക്ഷണശാല - പരീക്ഷണത്തിനുള്ള ശാല• എതിരഭിപ്രായം - എതിരായുള്ള അഭിപ്രായം
♦ പഠനം സഫലം - ഡോ. പി. കെ. വാരിയർആയുർവേദ ചികിത്സാരംഗത്തെ കുലപതി ഡോ. പി. കെ. വാരിയരുടെ ആത്മകഥയായ 'സ്മൃതിപർവ'ത്തിലെ ഒരു ഭാഗമാണ് പാഠം. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു ആയുർവേദവൈദ്യനാകാൻവേണ്ട തയാറെടുപ്പുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം ഈ ആത്മകഥാഭാഗത്ത്. ഗുരുവിന്റെ പക്കൽനിന്ന് കേട്ടറിഞ്ഞും കാട്ടിലെ മരുന്നുകളെ കണ്ടു പരിചയിച്ചും നാട്ടിൽ രോഗികളെ ചികിത്സിച്ചും മുപ്പതു വർഷം ക്ഷമയോടെ പൂർത്തിയാക്കുമ്പോഴാണ് നല്ലൊരു വൈദ്യനായി മാറുന്നതെന്ന് അദ്ദേഹം പറയുന്നു.
♦ പ്രതികരണക്കുറിപ്പ്♦ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോഴാണ് അറിവ് പൂർണതയിലെത്തുക എന്ന ആശയത്തോടുള്ള നിങ്ങളുടെ പ്രതികരണം കുറിക്കുക.അറിവാണ് ശക്തി എന്ന് പലരും പറയാറുണ്ട്. കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോൾ മാത്രമാണ് അറിവ് ശക്തിയായി മാറുന്നത്. പല കാര്യങ്ങളും അറിഞ്ഞും ചെയ്തും അനുഭവിച്ചും മാത്രമേ പഠിക്കാനാവൂ. മറ്റുള്ളവർ പറയുന്നത് കേട്ടോ പുസ്തകം വായിച്ചോ ഒരാൾക്ക് നീന്തൽ പഠിക്കാനാവില്ല. അതിന് വെള്ളത്തിലിറങ്ങി നീന്തുക തന്നെവേണം. സൈക്കിൾ കയറ്റവുംഡ്രൈവിങ് പഠനവുമൊക്കെ അങ്ങനെതന്നെ. പഠനം എന്നത് കേവലം അറിവ് എന്നതിലുപരി വൈദഗ്ധ്യത്തിന്റെ മേഖലകൂടിയാണ്. അതത് മേഖലയിൽ വൈദഗ്ധ്യമുള്ളവർ സമൂഹത്തിന് എന്നും വേണ്ടപ്പെട്ടവരായിരിക്കും.
♦ പദപരിചയം• വിനിയോഗിക്കുക - ഉപയോഗപ്പെടുത്തുക• പരിണാമം - മാറ്റം• ജ്ഞാനം - - അറിവ്• പ്രായോഗികം - പ്രയോഗത്തിൽ വരുത്താവുന്ന
♦ വിഗ്രഹിച്ചെഴുതുക• ശാസ്ത്രഗ്രന്ഥങ്ങൾ - ശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങൾ• വൃദ്ധസേവ - വൃദ്ധരെ സേവിക്കൽ• പ്രായോഗികപരിശീലനം - പ്രായോഗികമായ പരിശീലനം• ഗുണദോഷങ്ങൾ - ഗുണവും ദോഷവും
♦ പഠനം സഫലം എന്ന പാഠഭാഗത്തിനാധാരമായ സ്മൃതിപർവം എന്ന കൃതി ആത്മകഥയ്ക്കുള്ള 2018 ലെ കേരളസാഹിത്യഅക്കാദമി അവാർഡിനർഹമായി. തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ. ഈ ബ്ലോഗ് അഡ്മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ' എന്ന യൂണിറ്റിലെ 'അമ്മമ്മ, മലയാളിയുടെ ഹെലൻകെല്ലർ, തോട്ടക്കാരി, ഭഗീരഥപ്രയത്നം', എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ.
♦ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ
ജീവിതമാകുന്ന ചൂടിൽ വാടാതെ നിൽക്കുന്ന, പ്രതിസന്ധികളിൽ തളരാതെ നിൽക്കുന്ന ചില ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് മാതൃകാപരമായ രീതിയിൽ ജീവിതം മാറ്റിത്തീർക്കാൻ കഴിയുമ്പോഴാണ് മറ്റുള്ളവരുടെ ഹൃദയത്തെ തൊടുന്ന നക്ഷത്രങ്ങളായി മാറാൻ കഴിയുക. വാർധക്യം ആസ്വദിക്കുകയും കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന അമ്മമ്മയെക്കുറിച്ച് എം. മുകുന്ദൻ എഴുതിയ കഥയാണ് ഈ യൂണിറ്റിലെ ആദ്യപാഠം. 'മലയാളിയുടെ ഹെലൻ കെല്ലർ' എന്ന് പ്രശസ്തയായ, അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയെയും ഈ ഭാഗത്ത് പരിചയപ്പെടുന്നു. പി. ഭാസ്കരന്റെ 'തോട്ടക്കാരി' എന്ന കവിതയും ഡോ. എം. എസ്. വല്യത്താന്റെ ജീവിതവും അറിവും അനുഭവങ്ങളും പകർന്നുതരുന്ന 'മയൂരശിഖ: ജീവിതം അനുഭവം അറിവ്' എന്ന ക്യതിയിൽ നിന്നും 'ഭഗീരഥപ്രയത്നം' എന്ന ഭാഗവും പി. കെ. വാരിയരുടെ അത്കഥ 'തിപർവ'ത്തിലെ 'പഠനം സഫലം' എന്ന ഭാഗവുമാണ് മറ്റ് പാഠങ്ങൾ.
♦ പ്രവേശക പ്രവർത്തനം
മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദനാത്മകമായ വാക്കുകളും അതിന്റെ മലയാളവിവർത്തനവുമാണ് യൂണിറ്റ് പ്രവേശകമായി കൊടുത്തിരിക്കുന്നത്.
♦ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്യുക.
ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. 'എനിക്കു സാധിക്കും' എന്ന വിശ്വാസമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനം. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ നമ്മുടെ മനോഭാവം ശുഭാത്മകമായിരിക്കണം. എന്തു പ്രശ്നം നേരിട്ടാലും പതറാതെയിരിക്കുക. നല്ലതു സംഭവിക്കും എന്ന് പ്രതീക്ഷിക്കുക.
വിജയത്തിലെത്തിയവരൊക്കെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും പരാജയങ്ങൾ നേരിട്ടവരായിരിക്കും. പറക്കാൻ കഴിയുന്നവർ പറക്കണം. പറക്കാൻ സാധിക്കാത്തവർ ഓടണം. ഓടാൻ സാധിക്കാത്തവർ നടക്കുക. നടക്കാനും സാധിക്കില്ലെങ്കിൽ ഇഴയുകയെങ്കിലും ചെയ്യുക എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. എന്തു സംഭവിച്ചാലും മുന്നോട്ടുതന്നെ പോവുക എന്നതാണ് പ്രധാനം. 'ചലിക്കുന്നത്. നിലനിൽക്കും, ചലിക്കാത്തത് നശിക്കും' എന്ന വാക്കുകളും ഇതോടൊപ്പം ചേർത്ത് പറയാവുന്നതാണ്.
എല്ലാം അനുകൂലമാകുന്നതുവരെ വെറുതെ കാത്തിരിക്കുക എന്ന് ഇതിനർഥമില്ല. പ്രതികൂലാവസ്ഥകളെ നിരന്തരശ്രമത്തിലൂടെ അനുകൂലമാക്കി മാറ്റാൻ സാധിക്കണം. 'നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും' എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾ ജീവിത വിജയത്തിനുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രയത്നിച്ചാൽ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് ഉറപ്പിച്ചു പറയുന്നതാണ്.
♦ പാഠം: 01- അമ്മമ്മ - എം. മുകുന്ദൻ
പ്രായമാകുന്നതോടെ അസുഖങ്ങളെക്കുറിച്ചും ചുറ്റുപാടുകളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും പുതുതലമുറയുടെ മനോഭാവങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചുമൊക്കെ വേവലാതിപ്പെടുന്നവരിൽ നിന്ന് വ്യത്യസ്തമായ മനോഭാവമുള്ള ഒരു അമ്മമ്മയെയാണ് എം. മുകുന്ദൻ ഈ കഥയിൽ നമുക്ക് പരിചയപ്പെടുത്തുന്നത്. കാലത്തിനൊപ്പം നടന്ന് മാറ്റങ്ങളെ നെഞ്ചോടുചേർത്ത് വാർധക്യം സന്തോഷകരമാക്കുന്ന അമ്മമ്മയുടെ ജീവിതം എല്ലാവർക്കും പാഠമാണ്, അനുകരണീയമാണ്.
♦ കാലവും കാഴ്ചപ്പാടും
• “മോനേ, ആ മിനി ഉരലിങ്ങെടുത്താട്ടെ''
• ''കൃപാകരാ, നിന്നെപ്പോലെ ഞാൻ ബോംബെയും കൽക്കത്തയും ഒന്നും കണ്ടിട്ടില്ല എന്നാലും ഈ അമ്മമ്മയ്ക്ക് കുറേശെ ഇംഗ്ലീഷെല്ലാം അറ്യാം''
• "മദിരാശി കണ്ടിട്ട് എന്താകാര്യം! കാണണെങ്കില് ദുബായി കാണണം''
• "ഇംഗ്ലീഷ് വെക്ക്, അബ്ബയുണ്ടെങ്കിൽ അതുവെക്ക്''.
മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകുന്ന വാർധക്യത്തിന്റെ പുതുകാഴ്ചപ്പാടാണ് അമ്മമ്മ അവതരിപ്പിക്കുന്നത്. മുകളിൽ കൊടുത്ത വാക്യങ്ങളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കുന്നവരും സഞ്ചരിക്കാത്തവരുമുണ്ട്. കഥയിലെ അമ്മമ്മ കാലത്തിനൊത്ത് സഞ്ചരിക്കുന്ന വാർധക്യത്തിന്റെ
മാതൃകയാണ്. പുതുകാഴ്ചകളും അനുഭവങ്ങളും പുതുതലമുറയുടെ അഭിരുചികളും ഉൾക്കൊണ്ട് പുതിയ തലമുറയോടൊപ്പം സഞ്ചരിക്കാൻ കരുത്തു നേടി, കൃപാകരനും വാസന്തിക്കും മക്കൾക്കും അമ്മമ്മ ഒരു അദ്ഭുതമായി മാറി. മുറുക്കാൻ ഇടിക്കുന്ന ചെറിയ ഉരലിനെ ‘മിനി ഉരൽ' എന്നാണ് അമ്മമ്മ വിളിക്കുന്നത്. ബോംബെയും കൽക്കത്തയുമൊന്നും കണ്ടിട്ടില്ലെങ്കിലും കുറച്ചൊക്കെ ഇംഗ്ലീഷ് തനിക്കും അറിയാം എന്നാണ് അമ്മമ്മ പറയുന്നത്. പഴമകളുടെ ലോകത്ത് ജീവിക്കുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നുമ്പോഴും പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് അമ്മമ്മ അറിയുന്നുണ്ടായിരുന്നു.
മദിരാശി കണ്ടിട്ടു കാര്യമൊന്നുമില്ലെന്നും കാണുകയാണെങ്കിൽ ദുബായി കാണണമെന്നും അമ്മമ്മ പറയുന്നുണ്ട്. ലോകത്തെക്കുറിച്ച് ശരിയായ ധാരണ അമ്മമ്മയ്ക്കുണ്ട്. സ്വീഡനിലെ പോപ്പ് സംഗീതജ്ഞരായ ‘അബ്ബ'യുടെ സംഗീതം വയ്ക്കാൻ അമ്മമ്മ പറയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടുന്നുണ്ട്. അമ്മമ്മ പോപ്പ് സംഗീതം കേൾക്കണമെന്നു പറയുമെന്ന് ആരും കരുതിയില്ല. പുതിയ കാലത്തെ അവർ ഉൾക്കൊണ്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. കുറച്ച് 'ക്രിസാന്തിമം' കൂടി പൂന്തോട്ടത്തിൽ വേണം എന്നു പറയുമ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നൂഡിൽസും ചിക്കൻ ചില്ലിയും എടുക്കുമ്പോഴും അമ്മമ്മയുടെ അഭിരുചിയിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പ്രായമായ അമ്മമ്മയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണ തിരുത്തപ്പെടുകയാണിവിടെ.
പുതുതലമുറയ്ക്കൊപ്പം സഞ്ചരിക്കാൻ അമ്മമ്മയ്ക്കു സാധിക്കുന്നു. പ്രായമാകുന്നതുകൊണ്ട് ആരും പഴഞ്ചന്മാരാകുന്നില്ല എന്ന സത്യമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്. വാർധക്യത്തിലെത്തിയവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയുമാണ് അമ്മമ്മ.
♦ ചോദ്യോത്തരവേള
♦ അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ നിർമ്മിക്കുക. സംഘം തിരിഞ്ഞ് ചോദ്യോത്തരമത്സരം നടത്തുക.
1. അമ്മമ്മയുടെ കുട്ടിക്കാലത്തെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യാമോ?
2. അമ്മമ്മ പുതിയകാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
3. പുതിയ അറിവുകൾ അമ്മമ്മ എപ്രകാരമാണ് നേടിയെടുക്കുന്നത്?
4. ഭക്ഷണത്തിലും ജീവിതത്തിലും സംഗീതാഭിരുചിയിലും പുതിയ സാധ്യതകൾ കണ്ടെത്താൻ കഴിയുന്നതെന്തുകൊണ്ടാണ്?
5. നാടും നഗരവും തമ്മിൽ എങ്ങനെ വിലയിരുത്തുന്നു?
6. പഴയകാലത്തെയും പുതിയ കാലത്തെയും താരതമ്യംചെയ്ത് ഗുണദോഷങ്ങൾ വിലയിരുത്താൻ സാധിക്കുമോ?
7. കാലത്തോടൊപ്പം മുന്നോട്ടുപോകാൻ അമ്മമ്മയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത് ?
8. അമ്മമ്മയുടെ ജീവിതനിരീക്ഷണം ചുരുക്കി അവതരിപ്പിക്കാമോ?
9. അമ്മമ്മ വാർധക്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
♦ കണ്ടെത്താം പ്രയോഗിക്കാം
♦ 'അമ്മമ്മ ചെല്ലം മുന്നിൽ വച്ച് മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു'.
വട്ടം കൂട്ടുക എന്ന നാടൻ പ്രയോഗത്തിലൂടെ അമ്മയുടെ വെറ്റിലമുറുക്കാനുള്ള തയ്യാറെടുപ്പിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചത് കണ്ടല്ലോ. ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക. അവയുടെ അർഥം വിശദീകരിക്കുകയും പുതിയ സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്യുക
• ചോര നീരാക്കുക
അർഥം: കഷ്ടപ്പെടുക എന്നാണ് പ്രയോഗത്തിന്റെ അർഥം.
പുതിയ സന്ദർഭം: പഴയ തലമുറ ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളുടെയും പിന്നിലുള്ളത്.
• പരക്കം പാഞ്ഞു.
അർഥം: കടുത്ത പരിഭ്രമത്തെക്കുറിക്കാനാണ് പരക്കം പാഞ്ഞു എന്ന് പ്രയോഗിച്ചിരിക്കുന്നത്.
പുതിയ സന്ദർഭം: ഉത്സവപ്പറമ്പിൽ ആന വിരണ്ടപ്പോൾ ആളുകൾ പരക്കം പാഞ്ഞു.
• പുല്ലുതിന്നാൽ പോലും വകയില്ല.
അർഥം: ഒരു നിവൃത്തിയുമില്ല എന്നർഥത്തിലാണ് പുല്ലുതിന്നാൻപോലും വകയില്ല എന്നു പറയുന്നത്.
പുതിയ സന്ദർഭം: രാവും പകലും അധ്വാനിച്ചിട്ടും പുല്ലുതിന്നാൻപോലും വകയില്ല.
• ഊണിലും ഉറക്കത്തിലും
അർഥം: സദാനേരവും
പുതിയ സന്ദർഭം: ഊണിലും ഉറക്കത്തിലും പഠനത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
♦ ഉപന്യാസം
♦ 'വാർധക്യം അവസ്ഥയാണ്, ശാപമല്ല - അവരെ ഒറ്റപ്പെടുത്തു കയല്ല, ചേർത്തുനിർത്തുകയാണ് വേണ്ടത്'.
'വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
വ്യക്തിഗതമായി തയ്യാറാക്കിയത് ഗ്രൂപ്പിൽ വായിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂചനകളുടെ സഹായത്തോടെ വിലയിരുത്തി മെച്ചപ്പെടുത്തുമല്ലോ.
സൂചനകൾ
• വാർധക്യത്തിലെ ഒറ്റപ്പെടൽ
• സമൂഹത്തിന്റെ മനോഭാവം
• കുടുംബബന്ധങ്ങളിലെ വിള്ളൽ
• പുതുതലമുറയുടെ കാഴ്ചപ്പാട്
• ചേർത്തുപിടിക്കലിന്റെ ആവശ്യകത
ഉപന്യാസം - മാതൃക
വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത
ലോകജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ ഇരുപത് ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.
വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്ന് അടുത്തയിടെ നടന്ന ചില പഠനങ്ങൾ സൂചിപിക്കുന്നു. ഈ ഒറ്റപ്പെടൽ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അവഗണന, ശാരീരിക പീഡനം, ഏകാന്തത, ദാരിദ്ര്യം, രോഗങ്ങൾ തുടങ്ങി വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽത്തന്നെ പ്രധാനമാണ് വാർധക്യത്തിലെ ഒറ്റപ്പെടൽ, ജോലിക്കായും മറ്റും പുതുതലമുറ അന്യനാടുകളിലേക്ക് ചേക്കേറുന്നതോടെ പ്രായമായ മാതാപിതാക്കൾ നാട്ടിലെ വീടുകളിൽ ഒറ്റപ്പെടുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം കുറഞ്ഞുപോകുന്നതും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്നേഹവും പരിഗണനയും പരിചരണവും കൂടുതൽ ആവശ്യമായ വാർധക്യത്തിൽ പലർക്കും അത് ലഭിക്കാതെ പോകുകയാണ്. പുതുതലമുറ പലപ്പോഴും വൃദ്ധജനങ്ങളെ അവഗണിക്കുന്നതായും കാണാം. അവർ കൊണ്ട വെയിലാണ് നാം ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് തിരിച്ചറിയാത്തതുകൊണ്ടാണിത്. അവരുടെ അനുഭവപരിചയവും അറിവും തങ്ങൾക്ക് മുന്നേറാനുള്ള ഊർജമാണ് എന്ന വസ്തുതയും സൗകര്യപൂർവം വിസ്മരിക്കുന്നു.
പ്രായമായവരെ ഉപയോഗമില്ലാത്തവരായിക്കണ്ട് ഉപേക്ഷിക്കുകയോ വൃദ്ധസദനത്തിലാക്കുകയോ ചെയ്യുന്ന പ്രവണത നിലവിലുണ്ട്. എന്നാൽ നമ്മുടെ ജീവിതം നല്ല നിലയിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച് ഇന്ന് വാർധക്യത്തിന്റെ അവശതകളിൽ എത്തിപ്പെട്ടവരാണവർ. വയോജനങ്ങളെ ദുർബലവിഭാഗമായി കാണാതെ അവരുടെ ഒരുപാടുകാലത്തെ അറിവും അനുഭവങ്ങളും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്.
വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രായമായി എന്നതു കൊണ്ടുമാത്രം ഒരാളും അവഗണിക്കപ്പെടാൻ പാടില്ല. രണ്ടു തലമുറകൾ - പഴയതും പുതിയതും - ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ലോകം മനോഹരമാകും. പഴയ അറിവും പുതിയ അറിവും സംഗമിക്കുമ്പോഴാണ് അറിവ് പൂർണമാകുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ആരോഗ്യമുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവോടെ നമുക്ക് മുന്നോട്ടു പോകാം.
♦ മൊഴിമാറ്റം
♦ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിച്ചല്ലോ. അതുപോലെ, താഴെ കൊടുത്തിരിക്കുന്ന വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക.
"Strength does not come from winning. When you go through hardships and decide not to surrender, that is strength" - Mahatma Gandhi
വിജയത്തിൽ നിന്നല്ല ബലം കൈവരുന്നത്. നിങ്ങൾ കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ, അവയ്ക്ക് കീഴടങ്ങാതിരിക്കലാണ് യഥാർഥ ബലം.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ 'ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കുന്ന ഒരു മുഹൂർത്തമാണ് അത്. ഏതു മുഹൂർത്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) അമ്മമ്മയുമായി സംസാരിക്കുന്നത്
(B) സൂര്യോദയം ദർശിക്കുന്നത്
(C) കുടുംബവുമൊത്ത് സംസാരിച്ചിരിക്കുന്നത്
(D) യാത്ര ചെയ്യുന്നത്
ഉത്തരം: (B) സൂര്യോദയം ദർശിക്കുന്നത്
♦ കാണാനുള്ളതെല്ലാം ഇനി അങ്ങുചെന്നിട്ട്. അടിവരയിട്ട പദം സൂചിപ്പിക്കുന്നത്?
(A) ദുബായിലെത്തിയിട്ട്
(B) കൃപാകരന്റെ വീട്ടിൽ എത്തിയിട്ട്
(C) മരണശേഷം
(D) തറവാട്ടിലെത്തിയിട്ട്
ഉത്തരം: (C) മരണശേഷം
♦ വീടുപണിയുവാൻ വേണ്ടി വീണ്ടും എനിക്കു ചോര നീരാക്കേണ്ടി വന്നു.
അടിവരയിട്ട പദത്തിന്റെ അർഥം?
(A) പട്ടിണികിടക്കുക
(C) ക്ഷമിക്കുക
(B) കഠിനാധ്വാനം ചെയ്യുക
(D) തർക്കിക്കുക
ഉത്തരം: (B) കഠിനാധ്വാനം ചെയ്യുക
♦ താഴെ പറയുന്നതിൽ അമ്മമ്മ എന്ന കഥാപാത്രത്തിനു യോജിക്കുന്ന ശൈലി ഏത്?
(A) ഒറ്റക്കാലിൽ നിൽക്കുക.
(B) ഉണ്ടെങ്കിൽ ഓണംപോലെ, ഇല്ലെങ്കിൽ ഏകാദശി.
(C) നാടോടുമ്പോൾ നടുവെ ഓടണം.
(D) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
ഉത്തരം: (C) നാടോടുമ്പോൾ നടുവെ ഓടണം.
♦ കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങൾ അമ്മമ്മ എന്ന കഥയിൽ നിന്ന് കണ്ടെത്തി എഴുതുക.
മിനി ഉരൽ, ക്രിസാന്തിമം എന്നീ വാക്കുകൾ, തണുത്ത സ്ക്വാഷ് കുടിക്കുന്നത്, നൂഡിൽസിനു മുകളിൽ സോയാസോസ് ഒഴിച്ചു കഴിക്കുന്നത്, അബ്ബയുടെ പാട്ടുകൾ ആസ്വദിക്കുന്നത്, തീൻമേശയിലിരുന്ന് അമ്മമ്മ കഴിക്കുമോ എന്ന ക്യപാകരന്റെ സംശയം അസ്ഥാനത്താകും വിധം അമ്മമ്മ തീൻമേശയിലിരിക്കുന്നത്, ദുബായി കാണണം എന്നു പറയുന്നത് ഇതെല്ലാം കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞതിന്റെ ഉദാഹരണങ്ങളാണ്.
♦ അർഥവ്യത്യാസം വരാതെ മൂന്ന് വാക്യങ്ങളാക്കുക.
അമ്മമ്മ മടിയിലിരുത്തി പറഞ്ഞുതന്നിട്ടുള്ള എണ്ണമറ്റ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
അമ്മമ്മ എന്നെ മടിയിലിരുത്തി. എണ്ണമറ്റ കഥകൾ പറഞ്ഞു തന്നു. ആ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
♦ 'എന്റെ സംശയം അസ്ഥാനത്തായിരുന്നു' 'കൃപാകരൻ ഇങ്ങനെ ചിന്തിക്കുവാൻ കാരണമെന്തായിരുന്നു? വ്യക്തമാക്കുക.
എൺപതുവയസ്സായ അമ്മമ്മ പഴയകാലത്തെ ശീലങ്ങൾ വച്ചുപുലർത്തുന്ന ഒരാളാണ് എന്ന ചിന്താഗതിയായിരുന്നു ക്യപാകരന്. തന്റെ വീട്ടിലെത്തിയ അവരെ ആ രീതിയിലാണ് കുടുംബാംഗങ്ങൾ പരിഗണിച്ചത്. വിദേശിയും സ്വദേശിയുമായ ഭക്ഷണവിഭവങ്ങൾ നിരത്തിയ തീൻമേശയിൽ അവർ കഴിക്കാനിരിക്കുമോ എന്നു ശങ്കിച്ചിരുന്ന കൃപാകരനെ അമ്പരപ്പിച്ചുകൊണ്ട് അവർ മേശയിലിരുന്ന് നൂഡിൽസ് കഴിച്ചു. അതെല്ലാം തനിക്ക് പരിചിതമെന്ന രീതിയിലാണ് അമ്മമ്മ പെരുമാറിയത്.
♦ കഥാപാത്രനിരൂപണം
• "ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഞാൻ ഈ ഇരുപതു സെന്റ് ഭൂമി വാങ്ങിയത്.
• നിനക്ക് ഒരു മാറ്റോം ഇല്ല. ആ പഴയ കൃപാകരൻ തന്നെ.
• തിരികെ തനിയെ കാറോടിച്ചുവരുമ്പോൾ ലോകമാകെ മാറിയതായി എനിക്കു തോന്നി.
മുകളിൽ കൊടുത്ത സൂചനകളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത് കൃപാകരൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
അമ്മമ്മ എന്ന കഥയിലെ ശ്രദ്ധേയ കഥാപാത്രമാണ് ക്യപാകരൻ. ഏറെക്കാലം പ്രവാസജീവിതം നയിച്ച് ചോരനീരാക്കിയുണ്ടാക്കിയ പണംകൊണ്ട് കൃപാകരൻ പട്ടണത്തിൽ സ്ഥലം വാങ്ങി വീടു വച്ചു. അതോടെ തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായ സന്തോഷത്തോടെ സംതൃപ്തമായ ജീവിതം നയിക്കുകയാണയാൾ. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം തനിക്ക് നടന്നെത്താൻ സാധിച്ചില്ല എന്ന് അയാൾ തിരിച്ചറിയുന്നത് അമ്മമ്മയുമായി ചെലവിട്ട സമയങ്ങളിലാണ്.
അമ്മമ്മയെ പുതിയതായി വച്ച വീടുകൊണ്ടുപോയി കാണിക്കാൻ സുഹൃത്തിന്റെ കാറുമായി കൃപാകരൻ എത്തി. കാലത്തിനനുസരിച്ച് അയാൾക്ക് മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് അമ്മമ്മയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഭൂമി വാങ്ങിയതും വീടുവച്ചതും വലിയ നേട്ടമാണെന്ന് വിചാരിച്ച കൃപാകരന്റെ ചിന്തകളെ അമ്മമ്മ തിരുത്തുന്നുണ്ട്. അതയാളെ വേദനിപ്പിക്കുന്നുവെങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ അയാൾ സന്നദ്ധനാണ്. ഭക്ഷണകാര്യത്തിലും സംഗീതത്തിലും പഴമ ഇഷ്ടപ്പെടുന്ന ആളാണ് ക്യപാകരൻ. നൂഡിൽസും ചിക്കൻ ചില്ലിയും കഴിച്ച് അബ്ബയുടെ സംഗീതം ആസ്വദിച്ച്കാലത്തിനൊപ്പം അമ്മമ്മ നടക്കുമ്പോൾ ക്യപാകരനിഷ്ടം ചോറും കറിയും അടങ്ങിയ നാടൻ ഭക്ഷണവും സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങളുമാണ്. അമ്മമ്മയുടെ അടുത്തെത്തുമ്പോഴാണ് താൻ ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെയാണ് ജീവിക്കുന്നത് എന്നയാൾ തിരിച്ചറിയുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് കാലത്തിനനുസരിച്ച് മാറാൻ കഴിയാതെപോയ കഥാപാത്രമാണ് കൃപാകരൻ. അമ്മമ്മയെ തറവാട്ടിലെത്തിച്ച് തിരികെ പോരുമ്പോൾ മാറ്റങ്ങളെ നെഞ്ചേറ്റാൻ അയാളുടെ മനസ്സും പാകപ്പെടുന്നു.
♦ പദപരിചയം
• ദർശിക്കും - കാണും
• ചെല്ലം - പിച്ചളകൊണ്ടുള്ള ചെറിയപെട്ടി, മുറുക്കാൻ പെട്ടി
• വട്ടംകൂട്ടുക - തയാറെടുക്കുക
• പാർത്തിട്ട് - താമസിച്ചിട്ട്
• റെഡ് കാർപറ്റ് സ്വീകരണം - ഉജ്ജ്വലസ്വീകരണം. വിശിഷ്ടാതിഥികൾക്ക് ചുവന്ന പരവതാനി വിരിച്ച് നൽകുന്ന സ്വീകരണം.
• പരിവർത്തനം - മാറ്റം
• ക്രിസാന്തിമം - ജമന്തി
• വിഹഗം - പക്ഷി
• വീക്ഷിച്ചു - നോക്കി
♦ പകരം പദങ്ങൾ
• വീട് - ഗൃഹം, ഗേഹം, ആലയം
• ചോര - രക്തം, രുധിരം, നിണം
• പ്രഭാതം - ഉഷസ്, പ്രാതഃകാലം, വിഭാതം
• സൂര്യൻ - അർക്കൻ, ആദിത്യൻ, ദിവാകരൻ
• സന്ധ്യ - അന്തി, ദിനാന്തം, സായംകാലം
• മഞ്ഞ് - തുഷാരം, തുഹിനം, ഹിമം
• ഭാര്യ - കളത്രം, ജായ, പത്നി
• പല്ല് - ദന്തം, രദനം, ദശനം
• ഉരൽ - ഉലൂഖലം, കോഷ്ഠം
• ലോകം - ജഗത്ത്, ഭുവനം, വിഷ്ടപം
• ചോറ് - അന്നം, ഓദനം
• ഉറക്കം - നിദ്ര, ശയനം, സുഷുപ്തി
♦ ലോപസന്ധി
• അതെടുത്ത് - അത്, എടുത്ത്
• യാത്രയ്ക്കൊന്നും - യാത്രയ്ക്ക്, ഒന്നും
• എനിക്കല്ലാതെ - എനിക്ക്, അല്ലാതെ
• ഇതൊക്കെ - ഇത്, ഒക്കെ
• വീടാകെ - വീട്, ആകെ
♦ ദ്വിത്വസന്ധി
• പൊട്ടിച്ചിരിച്ചു - പൊട്ടി, ചിരിച്ചു
• ഇക്കാലത്ത് - ഇ, കാലത്ത്
• അവിടെത്തന്നെ - അവിടെ, തന്നെ
• ചട്ടിപ്പൂക്കൾ - ചട്ടി, പൂക്കൾ
♦ ആദേശസന്ധി
• പട്ടണത്തിന്റെ - പട്ടണം, ഇന്റെ
• പ്രഭാതത്തിൽ - പ്രഭാതം, ഇൽ
• അവസരത്തിൽ - അവസരം, ഇൽ
• പ്രയോഗത്തെ - പ്രയോഗം, എ
♦ ആഗമസന്ധി
• താഴെയിറങ്ങി - താഴെ, ഇറങ്ങി
• അവിടെയിരുന്നു - അവിടെ, ഇരുന്നു
• തലയാട്ടി - തല, ആട്ടി
• വൃത്തിയായി - വൃത്തി, ആയി
♦ വിഗ്രഹിച്ചെഴുതാം
• സൂര്യോദയം - സൂര്യന്റെ ഉദയം
• പുലർകാലസ്വപ്നങ്ങൾ - പുലർകാലത്തെ സ്വപ്നങ്ങൾ
• ദൂരയാത്ര - ദരേക്കുള്ള യാത്ര
• പാചകവിരുത് - പാചകത്തിലുള്ള വിരുത്
♦ മലയാളിയുടെ ഹെലൻ കെല്ലർ - സിജു ചെറുതാഴം
പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നേറിയ അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മലയാളിയുടെ ഹെലൻ കെല്ലർ. തലശ്ശേരി കുണ്ടുചിറയിൽ വി. ആനന്ദകൃഷ്ണന്റെയും കെ. പി. പ്രീതയുടെയും മകളായിട്ടാണ് സിഷ്നയുടെ ജനനം. ആറു വയസ്സിനിടെ ആറുതവണ അവൾ ഓപ്പറേഷന് വിധേയയായി. ഈ പെൺകുട്ടി എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചവർക്കു മുന്നിൽ, പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു മുന്നിൽ സിഷ്നയുടെ ജീവിതം അദ്ഭുതം എന്ന കേവല വാക്കിനും അപ്പുറമാണ്.
സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. വിരൽത്തുമ്പു തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ (ടാക്ടൈൽ സൈൻ ലാംഗ്വേജ്) യിലൂടെ ആശയവിനിമയം നടത്തുന്ന സിഷ്നയിൽ നിന്നും അച്ഛനും അമ്മയും ആ ഭാഷ പഠിച്ചെടുത്തു. സിഷ്നയ്ക്ക് പറയാനുള്ളത് അവർ കൃത്യമായി മറ്റുള്ളവരോട് പറഞ്ഞു. നൃത്തം പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനൊപ്പവും അവർ നിന്നു. കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ ഫാർമസിയിൽ നാലുവർഷത്തിലേറെയായി സിഷ്ന ജോലി ചെയ്യുന്നു. അതിജീവനത്തിന്റെ നേർക്കാഴ്ചയായി സിഷ്നയുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.
♦ ചർച്ചാക്കുറിപ്പ്
♦ സിഷ്നയുടെ ജീവിതാനുഭവം വായിച്ചല്ലോ? മലയാളിയുടെ ഹെലൻ കെല്ലർ എന്ന് അവളെ വിശേഷിപ്പിച്ചത് എന്തുകൊണ്ടാവാം? ഈ പാഠഭാഗം നമുക്ക് നൽകുന്ന തിരിച്ചറിവ് എന്താണെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പത്തൊമ്പതു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട, എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ജീവിതം അതിജീവനത്തിന്റെ മാതൃകയാക്കി മാറ്റിയ, ഏവർക്കും പ്രചോദനമായ വ്യക്തിയാണ് ഹെലൻ കെല്ലർ. 'ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണാ കൈയോ വേണ്ട, ഹൃദയം മതിയെന്ന്' ഈ വനിത ലോകത്തെ ബോധ്യപ്പെടുത്തി. അന്ധതയും ബധിരതയും മൂകതയുമൊന്നും നമ്മുടെ സ്വപ്നങ്ങൾക്ക് പരിമിതികൾ തീർക്കുന്ന കാരണങ്ങളല്ല എന്ന് ഹെലൻ കെല്ലറെപ്പോലെ ലോകത്തിനു കാണിച്ചു കൊടുത്ത മലയാളി പെൺകുട്ടിയാണ് സിഷ്ന. ചെറിയ വേദനകൾ വരുമ്പോൾ, വിഷമങ്ങൾ അലട്ടുമ്പോൾ തളർന്നു പോകുന്ന നമുക്ക് സിഷ്ന വലിയൊരു മാതൃകയാണ്.
സിഷ്ന വിരൽത്തുമ്പിലൂടെയാണ് ലോകത്തെ അറിഞ്ഞത്. മറ്റുള്ളവരുടെ ആശയവിനിമയത്തെ ഉൾക്കൊള്ളാനോ സ്വന്തം ആശയങ്ങളെ പ്രകടിപ്പിക്കാനോ കഴിയാത്ത ഒരു കുട്ടി എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിഷ്ന അവൾ നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. ഇച്ഛാശക്തിക്ക് അതിജീവിക്കാൻ കഴിയാത്ത വൈകല്യങ്ങളില്ല എന്ന് സിഷ്നയുടെ ജീവിതം തെളിയിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ പൊരുതി ഹെലൻ കെല്ലറെപ്പോലെ മുന്നേറിയ മലയാളി പെൺകുട്ടിയായതിനാൽ മലയാളിയുടെ ഹെലൻ കെല്ലർ എന്ന വിശേഷണം ഉചിതമാണ്.
♦ പാഠം: 02 - തോട്ടക്കാരി - പി.ഭാസ്കരൻ
പത്തുദിവസത്തെ ദൂരവാസത്തിനുശേഷം തിരിച്ച് വീട്ടിലെത്തിയ കവിയും ഭാര്യയുമാണ് ഈ കവിതയിലുള്ളത്. നട്ടുനനച്ചുവളർത്തിയ ചെടികൾ വെള്ളം കിട്ടാതെ വാടിനിൽക്കുന്നതുകണ്ട് ഭാര്യയുടെ മുഖം വാടുമ്പോൾ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടതാണ് കവിയെ ആകുലനാക്കുന്നത്. എങ്കിലും ശുഭാപ്തിവിശ്വാസം പകർന്നുനൽകി ഭാര്യയുടെ സങ്കടങ്ങളെ ഇല്ലാതാക്കുകയും അവൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുകയാണ് കവി. നഷ്ടങ്ങളെ, തകർച്ചകളെ എണ്ണിപ്പറഞ്ഞ് സങ്കടപ്പെടുന്നതിലർഥമില്ല എന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം തേടുകയും ജീവിതത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയുമാണ് വേണ്ടതെന്ന സന്ദേശം പകരുകയാണ് ഈ കവിതയിലൂടെ പി. ഭാസ്കരൻ. പാഠാനുബന്ധ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
♦ കവിതയുടെ ആശയം
കവിയും ഭാര്യയും പത്തുദിവസം വാടകവീട്ടിൽ നിന്നും മറുനാട്ടിലേക്ക് യാത്രപോയി. തിരികെയെത്തിയപ്പോൾ വീട്ടിലെ ചെടികളെല്ലാം ഉണങ്ങിനില്ക്കുന്നതുകണ്ട് ഭാര്യ സങ്കടപ്പെടുന്നു. 'തുളസി വാടിപ്പോയി' എന്നു പറയുമ്പോൾ കൂടുതൽ കരിഞ്ഞത് ഭാര്യയുടെ മുഖമാണെന്ന് കവി പറയുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയതിനാൽ വീടു തുറക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു കവി. ബലം പ്രയോഗിച്ച് കവി പൂട്ടുതുറന്നപ്പോൾ ഭാര്യ അലിവോടെ നോക്കുന്നതുകണ്ട്, മണ്ടത്തരം പറ്റിയതാണ് അതുപോട്ടെ, മറ്റൊരു താഴ് വാങ്ങാം എന്നു കവി പറയുന്നു. അപ്പോഴും അവർ വേദനിക്കുന്നതും ആകുലപ്പെടുന്നതും തന്റെ പിച്ചി പൂക്കാതെ ഉണങ്ങിപ്പോയതിലും നിശാഗന്ധി വെള്ളം കിട്ടാതെ നിലംപൊത്തിയതിലുമൊക്കെയാണ്.
താക്കോലുപോയാൽ പോകട്ടെ, ഇക്കൊല്ലം ഓണമെത്തുമ്പോൾ മുറ്റത്ത് ഒരു പൂച്ചെടിയെങ്കിലും ഉണ്ടാകേണ്ടേ (പൂക്കാലം വിരുന്നെത്തേണ്ടേ) എന്ന ആശങ്കയാണ് ഭാര്യയ്ക്കുള്ളത്. ഭാര്യയുടെ ആശങ്കനിറഞ്ഞ ചോദ്യം കേട്ട് കവി മറുപടി പറയുന്നത് 'അല്ലയോ തോട്ടക്കാരി, നീ രണ്ടുനേരവും കുടത്തിൽ വെള്ളമെടുത്തുകൊണ്ടുപോയി നിന്റെ ഉള്ളിലെ വാത്സല്യവും ചേർത്ത് നനയ്ക്കുമ്പോൾ അവ വീണ്ടും തളിർത്ത് പൂവിടുകില്ലേ' എന്നാണ്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന സൂചനയാണ് കവി ഇവിടെ നൽകുന്നത്.
ചെടികൾ വാടിക്കരിഞ്ഞതുകണ്ട് ഭാര്യ കണ്ണീരൊഴുക്കി. അവളുടെ ദുഃഖം കണ്ട് കവിക്കും ദുഃഖം തോന്നി. ആശ്വാസവാക്കുകളാൽ കവി ഭാര്യയുടെ മനസ്സ് തണുപ്പിക്കുന്നു. അവളുടെ കണ്ണീർ മായുകയും മുഖം പ്രകാശമാനമാകുകയും ചെയ്യുന്നു. ഭാര്യയുടെ മനസ്സ് സന്തോഷഭരിതമായപ്പോൾ കവിയുടെ മനസ്സിലും സന്തോഷം നിറഞ്ഞു എന്നതിനെയാണ് 'മനസ്സിന്റെ വാതിൽ അധരങ്ങളാൽ പൊൻതാക്കോലുകൊണ്ട് തുറന്നു' എന്ന വരികളിൽ സൂചിപ്പിക്കുന്നത്.
♦ ഈണത്തിൽ ചൊല്ലാം
♦ കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക.
കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ഗ്രൂപ്പുകളായി തിരിഞ്ഞ് കാസിൽ അവതരിപ്പിക്കുക.
♦ വിശകലനക്കുറിപ്പ്
"കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീവർണ്ണം
അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം
നിന്നുടെയധരങ്ങൾ തുറന്നു പൊൻതാക്കോലാൽ'' - വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പത്തുദിവസത്തെ ദൂരെയാത്ര കഴിഞ്ഞ് കവിയും സഹധർമ്മിണിയും വാടക വീട്ടിലെത്തിയപ്പോൾ വാടിനിൽക്കുന്ന ചെടികൾ കണ്ട് ഭാര്യ വിഷമിക്കുന്നു. അവൾ സ്നേഹപൂർവം പരിപാലിച്ചിരുന്നതാണ് ആ ചെടികൾ. വാടിപ്പോയ തുളസിയും ഉണങ്ങിയ പിച്ചിയും നിലംപൊത്തിക്കിടക്കുന്ന നിശാഗന്ധിയുമൊക്കെക്കണ്ട് അവളുടെ കണ്ണുനിറഞ്ഞൊഴുകുന്നു. കവിയാകട്ടെ കളഞ്ഞുപോയ താക്കോലിന്റെ കാര്യമോർത്താണ് വിഷമിക്കുന്നത്. കവി ഓരോന്നും പറഞ്ഞ് ഭാര്യയെ സമാധാനിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ സംരക്ഷകയായ ഭാര്യയെ തോട്ടക്കാരി എന്നാണ് കവി സംബോധന ചെയ്യുന്നത്. തോട്ടക്കാരിയും ചെടികളും തമ്മിലുള്ള ആത്മബന്ധം കവിതയിൽ നിന്ന് മനസ്സിലാക്കാം.
ഇനിയും നീ സ്നേഹപൂർവം വെള്ളം കൊടുത്താൽ ചെടികൾ പഴയതുപോലെ ജീവസ്സുറ്റതാകും, പുഷ്പിക്കും എന്ന കവിയുടെ സാന്ത്വനവാക്കുകൾ ഭാര്യയുടെ ദുഃഖം ശമിപ്പിക്കുന്നു. കണ്ണീർ ഒഴുകി വറ്റിയ അവരുടെ കവിളിൽ ചുവപ്പ് പടർന്നു. കവിയുടെ സാന്ത്വന വാക്കുകളിൽ നിന്നുണ്ടായ പ്രതീക്ഷയുടെ ചുവപ്പായിരിക്കാം അവരുടെ കവിളിൽ തുടിപ്പായി പടർന്നത്. ഭാര്യയുടെ സന്തോഷം കണ്ടപ്പോൾ കവിയുടെ മനസ്സു നിറഞ്ഞതിനെയാണ് മനസ്സിന്റെ അടഞ്ഞവാതിൽ അവരുടെ അധരങ്ങളാകുന്ന പൊൻതാക്കോൽ കൊണ്ട് തുറന്നു എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.
പ്രത്യാശ നിറഞ്ഞ ഈ വാക്കുകൾകൊണ്ട് ഭാര്യയുടെ വിഷമം ഇല്ലാതാക്കിയപ്പോൾ തന്റെ മനസ്സും സ്വസ്ഥമായി എന്ന് കവി കരുതുന്നു. വാടിയതും കരിഞ്ഞതുമായ ചെടികളെല്ലാം വീണ്ടും തളിരണിയിക്കാൻ തോട്ടക്കാരിയുടെ ആർദ്രത കാരണമാകും എന്ന് കവി ഭാര്യയോട് പറയുന്നു. ആ പ്രത്യാശയുടെ വെളിച്ചമാണ് താൽക്കാലികമായ ദുഃഖത്തിന്റെ ഇരുട്ടിനെ അകറ്റിക്കളയുന്നത്.
♦ ആസ്വാദനമെഴുതാം
''അപ്പോൾ ഞാൻ ചൊല്ലി: തോട്ടക്കാരീ, നിൻ വാത്സല്യത്തിൻ
അദ്ഭുതവർഷമേഘം മൺകുടമൊക്കത്തേറ്റി
ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ
ഇവിടം നനച്ചിടും, പേടിക്കാനെന്തിരിപ്പൂ''
ഈ വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി ചർച്ചചെയ്യുക.
തുടർന്ന് "തോട്ടക്കാരി' എന്ന കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ (സാദൃശ്യഭംഗി, താളാത്മകത, പ്രയോഗങ്ങൾ) എന്നിവ പരിഗണിച്ച് ഒരു ആസ്വാദനം എഴുതു. പരസ്പരം വായിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകളോടെ മെച്ചപ്പെടുത്തുമല്ലോ.
വരികളുടെ വിശകലനം
'തോട്ടക്കാരി' എന്ന കവിതയിലെ ഏറ്റവും ശ്രദ്ധേയമായ, കാവ്യഭംഗി നിറഞ്ഞ വരികളാണിത്. വാടിക്കരിഞ്ഞു നിൽക്കുന്ന ചെടികൾ കണ്ട് വിഷമിച്ചു നിൽക്കുന്ന ഭാര്യയെ കവി ആശ്വസിപ്പിക്കുകയാണ്. ഇനി എല്ലാ ദിവസവും രണ്ടുനേരവും മുടങ്ങാതെ ചെടികളെല്ലാം നിന്റെ വാത്സല്യവും കൂടി ചേർത്ത് നനക്കുമ്പോൾ അവ പഴയതുപോലെ ജീവസുറ്റതാകും എന്ന് കവി ഭാര്യയോട് പറയുന്നു. വാടിവീണതെല്ലാം കൂടുതൽ കരുത്തോടെ ഉയിർത്തെണീക്കും എന്ന പ്രതീക്ഷ നൽകുന്ന വാക്കുകളാണ് കവിയുടേത്. വാത്സല്യത്തിൻ അത്ഭുത വർഷ മേഘമായി മാറുന്ന തോട്ടക്കാരിക്ക് അസാധ്യമായി ഒന്നുമില്ല എന്നാണ് കവി കരുതുന്നത്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ പുഷ്പിപ്പിക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന ആശയമാണ് ഈ വരികളിൽ നിറയുന്നത്. കുടുംബത്തെയും പൂന്തോട്ടത്തെയും ബാധിച്ച താളപ്പിഴകൾ തന്റെ വാത്സല്യമാകുന്ന അദ്ഭുതവർഷമേഘത്താൽ ഉർവരമാക്കാൻ സ്ത്രീക്ക് സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ പറയുന്നത്. കാവ്യഭംഗിയും പ്രതീക്ഷയുടെ വെളിച്ചവും പകർന്നു നൽകുന്ന സന്ദർഭമാണിത്.
ആസ്വാദനം
പി. ഭാസ്കരന്റെ അതിമനോഹരവും അർഥസാന്ദ്രവുമായ കവിതയാണ് തോട്ടക്കാരി. ആഖ്യാതാവിന്റെ ഭാര്യയെയാണ് തോട്ടക്കാരിയായി അവതരിപ്പിക്കുന്നത്. പ്രമേയത്തിലും ആസ്വാദനാംശങ്ങളിലും കവിത ശ്രദ്ധേയമാണ്. വാടകവീട് പൂട്ടി, പത്തുദിവസത്തെ മറുനാടൻ വാസവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുടുംബിനി പരിചരിച്ചുപോന്ന ചെടികൾ വാടിയും കരിഞ്ഞും നിൽക്കുന്നത് ആഖ്യാതാവ് കാണുന്നു. വീടിന്റെ താക്കോൽ നഷ്ടപ്പെട്ടതോർത്ത് വിഷമിക്കുകയാണ് ഭർത്താവ്. എന്നാൽ ഭാര്യ വിഷമിക്കുന്നത് ചെടികൾക്കുണ്ടായ മാറ്റങ്ങൾ കണ്ടാണ്. ഇനിയും വെള്ളമൊഴിച്ച് പരിപാലിച്ചാൽ ചെടികൾ മുമ്പത്തേതിനേക്കാൾ നന്നായി വളർന്നുവരും എന്നാണ് ഭർത്താവ് പറയുന്നത്. ഈ പ്രത്യാശയിൽ ഭാര്യയുടെ ദുഃഖം അലിഞ്ഞില്ലാതാകുന്നു. നിരാശയിൽ നിന്ന് പ്രത്യാശയിലേക്കുള്ള വളർച്ചയാണ് കവിതയുടെ ആശയത്തിന് മിഴിവ് നൽകുന്നത്.
കവിതയിലെ വർണ്ണനകളും സാദൃശ്യഭംഗിയും എടുത്തുപറയേണ്ടതുതന്നെയാണ്. തുളസി വാടിപ്പോയി എന്നു പറഞ്ഞപ്പോൾ കുടുംബിനിയുടെ 'മുഖത്തളിരാണ്' കരിഞ്ഞത് എന്ന് കവി വർണ്ണിക്കുന്നു. തോട്ടക്കാരിയുടെ വാത്സല്യത്തിൻ അത്ഭുവർഷമേഘം, കണ്ണിലെ മഴത്തുള്ളി, കവിൾത്തടത്തിലെ ഗന്ധമാദിനീ വർണ്ണം എന്നിങ്ങനെയുള്ള കാവ്യാത്മക പ്രയോഗങ്ങളും സാദൃശ്യകല്പനകളും കവിതയുടെ ആത്മാവിനോടു ചേർന്നു നിൽക്കുന്നവയാണ്. അർഥപൂർണ്ണവും ധ്വനിസാന്ദ്രവുമാണ് ഈ കാവ്യകല്പനകൾ.
‘കേക' വൃത്തത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ ചൊല്ലാൻ ഈ താളം സഹായകമാകുന്നു. അങ്ങനെ ഈണത്തിലും താളത്തിലും ചൊല്ലുമ്പോൾ കവിത മനസ്സിലേക്കു കടക്കുന്നു. അപ്പോൾ തോട്ടക്കാരിയായ കുടുംബിനി ആസ്വാദകമനസ്സിൽ തെളിഞ്ഞുനിൽക്കും.
നിന്മുഖത്തളിർ, ആർദ്രമായ കവിൾ, വാത്സല്യത്തിൻ അദ്ഭുത വർഷമേഘം, കണ്ണിലെ മഴത്തുള്ളി, ഗണ്ഡത്തിൽ ചിന്നിക്കാണുന്ന ഗന്ധമാദിനീവർണ്ണം, അധരങ്ങൾ തുറന്ന പൊൻതാക്കോൽ എന്നിങ്ങനെയുള്ള സവിശേഷ പ്രയോഗങ്ങൾ കവിതയുടെ ആസ്വാദനതലത്തെ ഉയർത്തുന്നവയാണ്. ഓരോ പ്രയോഗവും കവിതയുടെ പ്രമേയത്തോടും ഭാവതലത്തോടും ഇണങ്ങിച്ചേർന്നു നിൽക്കുന്നു.
കവിതയുടെ ദർശനം ഏറെ പ്രധാനമാണ്. 'കരിഞ്ഞമുഖം', ചുവന്നുതുടുത്ത കവിൾത്തടമാകുന്നത് കവിതയിൽ കാണാം. താക്കോൽ നഷ്ടപ്പെട്ടതിലാണ് ഭർത്താവ് ദുഃഖിക്കുന്നതെങ്കിൽ കുടുംബിനി ചെടികൾ വാടിയതോർത്താണ് വിഷമിക്കുന്നത്. ഭാര്യയുടെ പരിചരണം ചെടികളെ ഇനിയും ഉയർപ്പിക്കുകയും വളർത്തുകയും ചെയ്യുമെന്നും പേടിക്കാനില്ലെന്നും ഭർത്താവു പറയുമ്പോൾ ദുഃഖം സന്തോഷത്തിനും പ്രത്യാശയ്ക്കും വഴിമാറുന്നു. പത്തുദിവസം മാറിനിന്നതുകൊണ്ടാണ് ചെടികൾ വാടിക്കരിഞ്ഞത്. രണ്ടുനേരം നനച്ചു കൊടുത്താൽ അവ ഊർജസ്വലതയോടെ വളരും. തുളസിയും പിച്ചിയും നിശാഗന്ധിയുമെല്ലാം കുടുംബിനിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൊൻചിങ്ങത്തിന് പൂക്കളാൽ വിരുന്നൊരുക്കേണ്ടവരാണവർ. അതോർത്താണ് 'തോട്ടക്കാരി' വിലപിക്കുന്നത്. എന്നാൽ ഭർത്താവിന്റെ പ്രതീക്ഷ നിറഞ്ഞ വാക്കുകൾ അവൾക്ക് സാന്ത്വനമാകുന്നു. അവർ സന്തോഷത്തിലേക്കു മടങ്ങി വരുന്നു. അവരുടെ മനസ്സും മുഖവും പ്രസന്നമായപ്പോൾ കവിയും സന്തോഷിക്കുന്നു. തന്റെ പൂന്തോട്ടത്തെയും കുടുംബത്തെയും ബാധിച്ച താളപ്പിഴകളെ വാത്സല്യമാകുന്ന വർഷമേഘത്താൽ ഉണർത്താൻ സ്ത്രീക്ക് സാധിക്കും എന്ന് ബോധ്യപ്പെടുത്തുന്നു കവിതയിൽ കവി. ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കും നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും വളരുന്നതാണ് കവിതയുടെ ഇതിവൃത്തം.
♦ 'കൂടുതൽ കരിഞ്ഞതു നിന്മുഖത്തളിരല്ലോ' - നിന്മുഖത്തളിര് എന്ന പദത്തിന്റെ വിഗ്രഹാർഥം താഴെ പറയുന്നവയിൽ ഏത്?
(A) നിന്റെ മുഖത്തിന്റെ തളിര്
(B) നിന്റെ മുഖമെന്ന തളിര്
(C) നിന്റെ മുഖമാകുന്ന തളിര്
(D) നിന്റെ മുഖവും തളിരും
ഉത്തരം: C) നിന്റെ മുഖമാകുന്ന തളിര്
♦ 'നിൻകവിൾ രണ്ടും വീണ്ടുമാർദ്രമായതു കണ്ടേൻ' സന്ദർഭം ഏത്?
(i) ബലം പ്രയോഗിച്ച് വീടിന്റെ പൂട്ട് പൊളിച്ചപ്പോൾ
(ii) ഭാര്യയുടെ വിഷമം കവി കണ്ടില്ലെന്നു നടിച്ചപ്പോൾ.
(A) (ii) മാത്രം ശരി
(B) (i) ഉം (ii) ഉം ശരി
(C) (i) മാത്രം ശരി
(D) രണ്ടും ശരിയല്ല
ഉത്തരം: (C) (i) മാത്രം ശരി
♦ മണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം.
- വരികളിലെ കാവ്യഭംഗി വിശദമാക്കുക.
യാത്ര കഴിഞ്ഞെത്തിയപ്പോൾ തന്റെ ചെടികളെല്ലാം വാടിക്കരിഞ്ഞു നില്ക്കുന്നതു കണ്ട് കണ്ണീരൊഴുക്കിയ ഭാര്യയെ “വാടിപ്പോയവ ഇനിയും നട്ടുനനച്ചുവളർത്താം'' എന്ന പ്രത്യാശ നൽകി കവി ആശ്വസിപ്പിക്കുന്നു. കണ്ണീരുണങ്ങിയ അവളുടെ ചുവന്ന കവിൾത്തടത്തെയാണ് 'ഗന്ധമാദിനീവർണം കവിളിൽ പടർന്നു, എന്ന് കവി വിശേഷിപ്പിക്കുന്നത്. മനോഹരമായ കവിഭാവനയാണിത്.
♦ ‘ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ
ഇവിടം നനച്ചീടും പേടിക്കാനെന്തിരിപ്പൂ.
- പ്രത്യാശയും ശുഭചിന്തയും ജീവിതപ്രതിസന്ധികളെ മറികടക്കാൻ നമുക്ക് താങ്ങാകുന്നു എന്ന ആശയമാണോ ഈ വരികൾ പകർന്നുതരുന്നത്?
വാടകവീടുപൂട്ടി മറുനാട്ടിൽ യാത്രപോയി തിരിച്ചെത്തിയ കവിയും ഭാര്യയും ആകെ വിഷമത്തിലായിരുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയി. നട്ടുനനച്ചു വളർത്തിയ ചെടികളെല്ലാം വെള്ളം കിട്ടാതെ വാടിക്കരിഞ്ഞുപോയി. ഓണക്കാലത്ത് പൂവിട്ടു നില്ക്കേണ്ട ചെടികൾ വാടിപ്പോയതിൽ ഭാര്യ ഏറെ ദുഃഖിതയായിരുന്നു. വീടിനുള്ളിൽ കയറാൻ ബലം പ്രയോഗിച്ച് പൂട്ടുപൊളിക്കേണ്ടി വന്നതിൽ കവിയും ദുഃഖിതനായിരുന്നു. മറ്റൊരു താഴ് വാങ്ങാം എന്നുപറഞ്ഞ് കവി ഭാര്യയെ സാന്ത്വനിപ്പിക്കുന്നു. വാടിക്കരിഞ്ഞ ചെടികളെ ഓർത്ത് ആകുലപ്പെട്ട ഭാര്യയെ, നനച്ചുകൊടുത്താൽ അവ വീണ്ടും തളിർത്ത് പുഷ്പിക്കുമല്ലോ എന്നുപറഞ്ഞ് കവി സാന്ത്വനിപ്പിക്കുന്നു. കുടുംബജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ പ്രത്യാശ നിറഞ്ഞ വാക്കുകളാൽ പരസ്പരം സാന്ത്വനം പകർന്ന് മറികടക്കുന്ന ദമ്പതികളെയാണ് കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്.
♦ പദപരിചയം
• കുടുംബിനി - ഭാര്യ
• മറുനാടൻ യാത്ര - മറ്റൊരു നാട്ടിലേക്കുള്ള യാത്ര
• വാസം - താമസം
• വിഷണ്ണൻ - ദുഃഖിതൻ
• കരബലം - കൈയുടെ ബലം
• പോഴത്തം - മണ്ടത്തരം
• ഉരയ്ക്കുക - പറയുക
• ചൊല്ലി - പറഞ്ഞു
• നിലംപൊത്തി - നിലത്തുവീണുകിടക്കുന്നു
• വർഷമേഘം - മഴമേഘം
• ഗണ്ഡം - കവിൾത്തടം
• ഗന്ധമാദിനീവർണം - കോലരക്കിന്റെ നിറം (ചുവപ്പ്)
• ചിത്തം - മനസ്സ്
• അധരം - ചുണ്ട്
• മന്ദം - പതിയെ
• പൊൻതാക്കോൽ - സ്വർണത്താക്കോൽ
♦ പകരം പദങ്ങൾ
• മുഖം - ആനനം, വദനം, ആസ്യം
• പൂന്തോട്ടം - ഉദ്യാനം, ആരാമം, ഉപവനം
• കവിൾ - ഗണ്ഡം, കപോലം
• വെള്ളം - ജലം, സലിലം, തോയം
• മേഘം - മുകിൽ, ജലദം, വാരിദം
• കണ്ണ് - അക്ഷി, നേത്രം, നയനം
• മഴ - മാരി, വർഷം, വൃഷ്ടി
• കഴുത്ത് - കന്ധരം, ഗ്രീവം, ഗളം
• ചിത്തം - മനസ്, മാനസം, മനം
• ചുണ്ട് - അധരം, ഓഷ്ഠം, ഛദം
♦ ലോപസന്ധി
• താഴൊന്നു - താഴ്, ഒന്നു
♦ ദ്വിത്വസന്ധി
• പറ്റിപ്പോയി - പറ്റി, പോയി
• ചിങ്ങപ്പൂക്കാലം - ചിങ്ങ, പൂക്കാലം
• മഴത്തുള്ളി - മഴ, തുള്ളി
• ഇക്കൊല്ലം - ഇ, കൊല്ലം
♦ ആദേശസന്ധി
• നിത്യവും - നിത്യം, ഉം
• ഗണ്ഡത്തിൽ - ഗണ്ഡം, ഇൽ
• വാസവും - വാസം, ഉം
♦ ആഗമസന്ധി
• തുളസിയെന്നോതുമ്പോൾ - തുളസി, എന്നോതുമ്പോൾ
• മടങ്ങിയെത്തും - മടങ്ങി, എത്തും
• പൂക്കാതെയുണങ്ങി - പൂക്കാതെ, ഉണങ്ങി
• നിന്നുടെയധരങ്ങൾ - നിന്നുടെ, അധരങ്ങൾ
♦ വിഗ്രഹിച്ചെഴുതാം
• മുഖത്തളിർ - മുഖമാകുന്ന തളിർ
• കരബലം - കരത്തിന്റെ ബലം
• നിശാഗന്ധിത്തൈ - നിശാഗന്ധിയുടെ തൈ
• വർഷമേഘം - വർഷകാലത്തെ മേഘം
• മൺകുടം - മണ്ണുകൊണ്ടുള്ള കുടം
• മഴത്തുള്ളി - മഴയുടെ തുള്ളി
• പൊൻതാക്കോൽ - പൊന്നുകൊണ്ടുള്ള താക്കോൽ
♦ പാഠം: 03 - ഭഗീരഥപ്രയത്നം - ഡോ. എം. എസ്. വല്യത്താൻ
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനായ ഡോ. എം. എസ്. വല്യത്താന്റെ അനുഭവക്കുറിപ്പാണ് പാഠഭാഗം ഇന്ത്യയിൽ ആദ്യമായി നടന്ന കൃത്രിമ ഹൃദയ വാൽവ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ഡോ. വല്യത്താൻ ഏഴുവർഷം നീണ്ട ഹൃദയവാൽവ് നിർമ്മാണഘട്ടങ്ങളിൽ നേരിട്ട പ്രതിസന്ധികളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് മറികടന്ന് വിജയത്തിലെത്തിയ അനുഭവം പങ്കുവയ്ക്കുകയാണിവിടെ. ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകുന്നു.
♦ ബന്ധം കണ്ടെത്തുക
♦ “ഉത്തമരാവട്ടെ നിരന്തരം വിഘ്നമുണ്ടായാലും തുടങ്ങിയ കാര്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല'' - നീതിശതകത്തിലെ ഈ വാക്യം പാഠഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? വിശദമാക്കുക.
ഭർത്തൃഹരിയുടെ 'നീതിശതക'ത്തിലെ ഒരു ശ്ലോകം ഡോ. വല്യത്താൻ ഉദ്ധരിക്കുന്നുണ്ട്. “നീചർ തടസ്സങ്ങളുണ്ടാകുമെന്ന ഭയംകൊണ്ട് ഒരിക്കലും ഒരു കാര്യം തുടങ്ങുന്നില്ല. മധ്യമർ തടസ്സം ഉണ്ടാകുമ്പോൾ അവർ തുടങ്ങിയ കൃത്യം ഉപേക്ഷിക്കുന്നു. ഉത്തമരാകട്ടെ നിരന്തരം തടസ്സങ്ങൾ ഉണ്ടായാലും തുടങ്ങിയ കൃത്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല. ഇതാണ് ഭർത്തൃഹരിയുടെ ശ്ലോകത്തിൽ പറയുന്നത്. മനുഷ്യരെ നീചർ, മധ്യമ൪, ഉത്തമർ എന്ന് അദ്ദേഹം തരം തിരിക്കുന്നു. പുതുതായി എന്തെങ്കിലും ആരംഭിക്കുമ്പോൾ തടസ്സങ്ങളും പരാജയങ്ങളും സ്വാഭാവികമാണ്. ചിലർ (നീചർ) പരാജയം, തടസ്സം ഭയന്ന് ഒന്നും തുടങ്ങുന്നില്ല. ചിലർ (മധ്യമർ) തടസ്സം വരുമ്പോൾ ലക്ഷ്യം മറന്ന് പ്രവർത്തനം ഉപേക്ഷിക്കുന്നു. ചിലർ (ഉത്തമർ) തടസ്സവും പ്രതിസന്ധികളും വകവയ്ക്കാതെ ലക്ഷ്യം കാണുന്നതുവരെ കഠിനാധ്വാനം തുടരുന്നു.
ഡോ. വല്യത്താൻ മൂന്നാമത്തെ (ഉത്തമർ) വിഭാഗത്തിൽപ്പെട്ട ആളാണെന്ന് നമുക്ക് മനസ്സിലാക്കാം. ഏഴുവർഷം നീണ്ട വാൽവ് നിർമ്മാണ ഗവേഷണത്തിനിടയിൽ പല തടസ്സങ്ങളും പരാജയങ്ങളുമുണ്ടാകുന്നു. സുഹൃത്തുക്കൾപോലും നിരുത്സാഹപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ വല്യത്താൻ ഇതിലൊന്നും തളരാതെ മുന്നോട്ടുപോകുന്നു. ഒടുവിൽ വിജയിക്കുന്നു. പരാജയപ്പെട്ട പരീക്ഷണങ്ങളില്ലാതെ ആരും സ്വന്തമായി ഒന്നും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. അങ്ങനെ ഡോ. വല്യത്താൻ 'ഉത്തമ'രുടെ ഗണത്തിൽ ഉൾപ്പെടാൻ അർഹത നേടുന്നു. നീതിശതകത്തിലെ ശ്ലോകത്തിലെ ആശയത്തോടു ചേർന്നു നിൽക്കുന്നതാണ് ഡോ. വല്യത്താന്റെ പ്രവർത്തനരീതികൾ എന്ന് നാം തിരിച്ചറിയുന്നു. നിശ്ചയദാർഢ്യത്തിലൂന്നിയ പ്രവർത്തനം നമ്മെ വിജയത്തിലെത്തിക്കും എന്ന് വല്യത്താന്റെ അനുഭവം ബോധ്യപ്പെടുത്തിത്തരുന്നു.
♦ ശൈലീനിഘണ്ടു തയ്യാറാക്കാം
♦ ഭഗീരഥപ്രയത്നം - കഠിനമായ പരിശ്രമം
ഇത്തരത്തിലുള്ള കൂടുതൽ ശൈലികൾ ശേഖരിച്ച് ഒരു ലഘുശൈലീനിഘണ്ടു തയ്യാറാക്കുക.
• അക്കരെപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക.
• ആകാശക്കോട്ട കെട്ടുക - മനോരാജ്യം കാണുക
• ആകാശകുസുമം - സംഭവിക്കാത്ത കാര്യം
• ഉലക്കമേൽ കിടക്കുക - അസാധ്യകാര്യം ചെയ്യുക
• കതിരിന്മേൽ വളം വയ്ക്കുക - കാലംതെറ്റി പ്രവർത്തിക്കുക
• കീറാമുട്ടി - പ്രയാസമുള്ള കാര്യം
• കുതിരക്കണ്ണിപോലെ - ഒരു ദിശയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
• ചക്രംചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക
• നെല്ലിപ്പടി കാണുക - അടിയറ്റം കാണുക
♦ പ്രഭാഷണം
♦ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും. 'ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
പ്രിയ സുഹൃത്തുക്കളേ,
ജീവിതവിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്താണ് വിജയിക്കാനുള്ള മാർഗം എന്ന് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. 'എനിക്ക് വിജയിക്കാൻ സാധിക്കും' എന്ന ദൃഢമായ വിശ്വാസം നൽകുന്ന കരുത്ത് വലുതാണ്. എപ്പോഴും പരാജയത്തെക്കുറിച്ചാലോചിക്കുന്നവർ പരാജയത്തിലെത്തിച്ചേരും. 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് തന്നോടുതന്നെ പറയുന്നവനെ തോൽപിക്കാൻ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമായി പറയാവുന്ന ഒരാളാണ് വൈദ്യുത ബൾബുൾപ്പെടെ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസൺ. ആദ്യത്തെ ബൾബ് കണ്ടുപിടിക്കാനായി പതിനായിരക്കണക്കിന് പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. അതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ഞാൻ പതിനായിരം പ്രാവശ്യം പരാജയപ്പെടുകയായിരുന്നില്ല. ബൾബ് വേണ്ടവിധം പ്രവർത്തിക്കാത്ത പതിനായിരം വഴികൾ ഞാൻ കണ്ടെത്തുകയായിരുന്നു. വിജയിക്കാനുള്ള ഏറ്റവും നല്ല വഴി ഒരു തവണകൂടി പരിശ്രമിക്കുക എന്നതാണ്''. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് എഡിസനെയും നമ്മളേവരേയും ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്നത്. സുഹൃത്തുക്കളേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന രണ്ട് സൂപ്പർ പവറുകളാണ് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും. പ്രതിബന്ധങ്ങൾക്കിടയിലും താൻ ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും അർപ്പിതമനോഭാവത്തോടെ മുന്നേറുന്നതാണ് നിശ്ചയദാർഢ്യം.
ഒരു കാര്യത്തിനായി മനസ്സ് കേന്ദ്രീകരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുമ്പോൾ ഒന്നിനും നമ്മെ തടയാൻ കഴിയില്ല. ഉയർച്ചയുടെ പടവുകൾ കയറിയ ലോകത്തെ ഏതു വ്യക്തിത്വത്തെ എടുത്തുപരിശോധിച്ചാലും നമുക്കിത് മനസ്സിലാക്കാൻ കഴിയും.
“എന്റെ ലക്ഷ്യത്തിലെത്താൻ ഞാൻ എന്തുചെയ്യണം?" എന്നു ചോദിച്ച കുട്ടികൾക്ക് ഡോ. എ. പി. ജെ. അബ്ദുൽ കലാം ചൊല്ലിക്കൊടുത്ത ഒരു കവിതയുണ്ട്. I will fly എന്ന കവിത.
“അന്തർലീന കഴിവുകളോടെയാണ് എന്റെ ജനനം
നന്മയോടും വിശ്വാസ്യതയോടും കൂടിയാണ് എന്റെ ജനനം
മഹത്വത്തോടെയാണ് എന്റെ ജനനം
ആത്മവിശ്വാസത്തോടെയാണ് എന്റെ ജനനം
ചിറകുകളോടെയാണ് എന്റെ ജനനം
അതിനാൽ ഞാൻ ഇഴഞ്ഞുനീങ്ങേണ്ടവനല്ല,
എനിക്കു ചിറകുകളുണ്ട്, ഞാൻ പറക്കും ഞാൻ പറന്നുയരും''.
ടെൻസിങ്ങും ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് കീഴടക്കിയത് നിശ്ചയദാർഢ്യം ഒന്നു കൊണ്ടുമാത്രം. ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ അവരെ സഹായിച്ചത് ആത്മവിശ്വാസം മാത്രമാണ്. തന്റെ ചുവടുകൾ പിഴയ്ക്കില്ല എന്ന ആത്മവിശ്വാസം.
വിജയം ഒരു ലക്ഷ്യമാണ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയും ഒരിക്കലെങ്കിലും പരാജയപ്പെടാത്തവർ ലോകത്തിലില്ല എന്നതാണ് സത്യം. പരാജയങ്ങളെ നാം എങ്ങനെ കാണുന്നു എന്താണ് പ്രധാനം. ചെറിയ പരാജയങ്ങളിൽ തളർന്നുപോകാതെ അവയെ തിരിച്ചറിവുകളാക്കി മാറ്റി ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെണീക്കുന്നവരുടെ മുന്നിൽ എല്ലാ തടസ്സങ്ങളും മാറിനിൽക്കും.
നന്ദി, നമസ്കാരം.
♦ "ഭഗീരഥന്റെ പ്രയത്നംപോലെയായിരുന്നു വാൽവ് നിർമാണം ഈ പ്രസ്താവനയോട് യോജിക്കുന്നത്.
(i) ഒരിക്കലും ഫലം കാണാത്ത പ്രയത്നം.
(ii) പരാജയങ്ങളുണ്ടായിട്ടും കഠിനപരിശ്രമത്തിലൂടെ വിജയത്തിലെത്തി.
(iii) പ്രതിസന്ധികൾ നേരിടാതെ വിജയം കൈവരിക്കുന്നു.
(A) (i) ഉം (ii) ഉം ശരി
(B) (ii) ഉം (iii) ഉം ശരി
(C) (ii) മാത്രം ശരി
(D) ഒന്നും ശരിയല്ല
ഉത്തരം: (C) (ii) മാത്രം ശരി
♦ അർഥവ്യത്യാസംവരാതെ ലഘുവാക്യമാക്കുക.
ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.
ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചു. അതിനുശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.
♦ 'എനിക്ക് ലക്ഷ്യം നേടാനുള്ള വലിയ പ്രേരണയായി ഓരോ എതിരഭിപ്രായവും മാറിക്കൊണ്ടിരുന്നു'.
ഡോ. എം. എസ്. വല്യത്താൻ ഇങ്ങനെ പറയാൻ കാരണമെന്തായിരുന്നു?
കൃത്രിമ വാൽവ് നിർമ്മാണം ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഒരു പരീക്ഷണമായിരുന്നു. ഏഴുവർഷം വേണ്ടിവന്നു ശ്രീചിത്ര വാൽവ് സഫലമാകാൻ, ഇതിന്റെ ആദ്യവർഷങ്ങളിൽ ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന ധാരണയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. കേരളത്തിലെ മുതിർന്ന ഡോക്ടർമാർപോലും പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു. ഇതെല്ലാം വേദനയുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ഊർജവും പ്രേരണയുമായി മാറി എന്നാണ് ഡോ. വല്യത്താൻ പറയുന്നത്.
♦ പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളേ നൽകിയത്രേ
മനുഷിനെ പാരിലയച്ചതീശൻ - (കെ. സി. കേശവപിള്ള)
ഡോ. എം. എസ്. വല്യത്താന്റെ അനുഭവങ്ങളുമായി വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
കഠിനമായി പരിശ്രമിച്ചാൽ എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും. അതിനാണ് ദീർഘങ്ങളായ രണ്ടു കൈകൾ നൽകി ഈശ്വരൻ ഭൂമിയിലേക്ക് നമ്മെ അയച്ചിരിക്കുന്നത് എന്നാണ് കാവ്യഭാഗത്ത് കെ. സി. കേശവപിള്ള അഭിപ്രായപ്പെടുന്നത്. ഈ വരികളെ അന്വർഥമാക്കുന്നതാണ് ഡോ. എം. എസ്. വല്യത്താന്റെ പരീക്ഷണങ്ങളും അവയുടെ പരിസമാപ്തിയും. കൃത്രിമ ഹൃദയ വാൽവ് വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ തുടങ്ങി ഏഴുവർഷംകൊണ്ടാണ് പൂർത്തിയായത്. ഇതിനിടെ പരാജയങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും വിധേയരായി. അതിനെയെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടികളായി കണ്ട്, കഠിനപരിശ്രമം നടത്തി ഡോ. വല്യത്താനും സംഘവും വിജയം കണ്ടു. പരാജയങ്ങൾ ഏറ്റുവാങ്ങാതെ ഒരു സാങ്കേതികവിദ്യയും ഇന്നുവരെ ആരും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
♦ പദപരിചയം
• പ്രയത്നം - പരിശ്രമം
• സഫലം - ഫലപ്രാപ്തിയിലെത്തിയ
• അധിക്ഷേപിക്കുക - ആക്ഷേപിക്കൽ, നിന്ദിക്കൽ
• നീചർ - താണവർ
• വിഘ്നം - തടസ്സം
• ഉത്തമർ - ശ്രേഷ്ഠർ
• കൃത്യം - പ്രവൃത്തി
♦ ദ്വിത്വസന്ധി
• അക്കാലം - അ, കാലം
• തുന്നിച്ചേർക്കുക - തുന്നി, ചേർക്കുക
♦ ആദേശസന്ധി
• വികസനശ്രമത്തിന്റെ - വികസനശ്രമം, ഇന്റെ
• ശ്ലോകത്തിന്റെ - ശ്ലോകം, ഇന്റെ
• ഭയത്താൽ - ഭയം, ആൽ
♦ ലോപസന്ധി
• അതൊക്കെ - അത്, ഒക്കെ
• ഉറപ്പായ - ഉറപ്പ്, ആയ
♦ ആഗമസന്ധി
• പോലെയായിരുന്നു - പോലെ, ആയിരുന്നു
• ചെയ്യുകയായിരുന്നു - ചെയ്യുക, ആയിരുന്നു
• വേദനയുണ്ടാക്കി - വേദന, ഉണ്ടാക്കി
♦ വിഗ്രഹിച്ചെഴുതാം
• വികസനശ്രമം - വികസനത്തിനുള്ള ശ്രമം
• പരീക്ഷണശാല - പരീക്ഷണത്തിനുള്ള ശാല
• എതിരഭിപ്രായം - എതിരായുള്ള അഭിപ്രായം
♦ പഠനം സഫലം - ഡോ. പി. കെ. വാരിയർ
ആയുർവേദ ചികിത്സാരംഗത്തെ കുലപതി ഡോ. പി. കെ. വാരിയരുടെ ആത്മകഥയായ 'സ്മൃതിപർവ'ത്തിലെ ഒരു ഭാഗമാണ് പാഠം. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു ആയുർവേദവൈദ്യനാകാൻവേണ്ട തയാറെടുപ്പുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം ഈ ആത്മകഥാഭാഗത്ത്. ഗുരുവിന്റെ പക്കൽനിന്ന് കേട്ടറിഞ്ഞും കാട്ടിലെ മരുന്നുകളെ കണ്ടു പരിചയിച്ചും നാട്ടിൽ രോഗികളെ ചികിത്സിച്ചും മുപ്പതു വർഷം ക്ഷമയോടെ പൂർത്തിയാക്കുമ്പോഴാണ് നല്ലൊരു വൈദ്യനായി മാറുന്നതെന്ന് അദ്ദേഹം പറയുന്നു.
♦ പ്രതികരണക്കുറിപ്പ്
♦ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോഴാണ് അറിവ് പൂർണതയിലെത്തുക എന്ന ആശയത്തോടുള്ള നിങ്ങളുടെ പ്രതികരണം കുറിക്കുക.
അറിവാണ് ശക്തി എന്ന് പലരും പറയാറുണ്ട്. കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോൾ മാത്രമാണ് അറിവ് ശക്തിയായി മാറുന്നത്. പല കാര്യങ്ങളും അറിഞ്ഞും ചെയ്തും അനുഭവിച്ചും മാത്രമേ പഠിക്കാനാവൂ. മറ്റുള്ളവർ പറയുന്നത് കേട്ടോ പുസ്തകം വായിച്ചോ ഒരാൾക്ക് നീന്തൽ പഠിക്കാനാവില്ല. അതിന് വെള്ളത്തിലിറങ്ങി നീന്തുക തന്നെവേണം. സൈക്കിൾ കയറ്റവും
ഡ്രൈവിങ് പഠനവുമൊക്കെ അങ്ങനെതന്നെ. പഠനം എന്നത് കേവലം അറിവ് എന്നതിലുപരി വൈദഗ്ധ്യത്തിന്റെ മേഖലകൂടിയാണ്. അതത് മേഖലയിൽ വൈദഗ്ധ്യമുള്ളവർ സമൂഹത്തിന് എന്നും വേണ്ടപ്പെട്ടവരായിരിക്കും.
♦ പദപരിചയം
• വിനിയോഗിക്കുക - ഉപയോഗപ്പെടുത്തുക
• പരിണാമം - മാറ്റം
• ജ്ഞാനം - - അറിവ്
• പ്രായോഗികം - പ്രയോഗത്തിൽ വരുത്താവുന്ന
♦ വിഗ്രഹിച്ചെഴുതുക
• ശാസ്ത്രഗ്രന്ഥങ്ങൾ - ശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങൾ
• വൃദ്ധസേവ - വൃദ്ധരെ സേവിക്കൽ
• പ്രായോഗികപരിശീലനം - പ്രായോഗികമായ പരിശീലനം
• ഗുണദോഷങ്ങൾ - ഗുണവും ദോഷവും
♦ പഠനം സഫലം എന്ന പാഠഭാഗത്തിനാധാരമായ സ്മൃതിപർവം എന്ന കൃതി ആത്മകഥയ്ക്കുള്ള 2018 ലെ കേരളസാഹിത്യഅക്കാദമി അവാർഡിനർഹമായി.
തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ.
| ഈ ബ്ലോഗ് അഡ്മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments