SCERT KERALA STD VI Malayalam AT (കേരളപാഠാവലി) Unit 02 നടുകിൽ തിന്നാം: കോയയുടെ ചെറിയ വസ്തുക്കൾ, ഗാന്ധിജിയുടെ അതിഥി, തൊഴിലിന്റെ രുചി, ഭാഷയുടെയും - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ

Kerala Syllabus Class 6 കേരള പാഠാവലി - Unit 02 നടുകിൽ തിന്നാം: കോയയുടെ ചെറിയ വസ്തുക്കൾ, ഗാന്ധിജിയുടെ അതിഥി, തൊഴിലിന്റെ രുചി, ഭാഷയുടെയും - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ 


എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ
'നടുകിൽ തിന്നാം' എന്ന യൂണിറ്റിലെ 'കോയയുടെ ചെറിയ വസ്തുക്കൾ, ഗാന്ധിജിയുടെ അതിഥി, തൊഴിലിന്റെ രുചി, ഭാഷയുടെയും' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

♦ നടുകിൽ തിന്നാം - പ്രവേശകപ്രവർത്തനം 
അക്കിത്തത്തിന്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന കവിതയിൽ പഴയകാലത്ത് ആളുകൾ ഏർപ്പെട്ടിരുന്ന വിവിധ തൊഴിലുകളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തിൽ പ്രവേശക പ്രവർത്തനമായി നൽകിയിട്ടുള്ളത്. നമ്മുടെ പൂർവ്വികർ ചെയ്തു പോന്നതും എന്നാൽ ഇന്ന് അന്യം നിന്നുപോയതുമായ പല തൊഴിലുകളെക്കുറിച്ചും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയും പ്രകൃതി വിഭവങ്ങളെ ശരിയായി പ്രയോജനപ്പെടുത്തിയും പഴയകാലത്ത് ഭൂമിയെ അവർ എങ്ങനെ ഐശ്വര്യപൂർണമാക്കി എന്ന് കവി പറയുന്നു. അത്തരം ആളുകളെ കവി നേതാക്കളായി കാണുന്നു. തങ്ങളുടെ നിരന്തരമായ ശ്രമഫലമായി ഭൂമിയെ ബലവത്താക്കിയവരാണവർ. പുതിയകാലത്തെ നേതാക്കളും അങ്ങനെയായിരിക്കട്ടെ എന്ന് കവി ആഗ്രഹിക്കുന്നു.

♦ പാഠപുസ്തകത്തിലെ കവിതയിൽ പരിചയപ്പെടുത്തിയ തൊഴിലുകൾ ഏതെല്ലാമാണ്? പറയാമോ?
• കന്നുപൂട്ടൽ 
• കിളയ്ക്കൽ 
• കയറുപിരിക്കൽ 
• തുണിനെയ്ത്ത് 
• സ്വർണ്ണപ്പണി 
• മരപ്പണി 
• ഇരുമ്പുപണി 
• തോലുകൊണ്ടുള്ള പണി 
• മുറ്റമടി 
• കൊയ്ത്ത് 
• കറ്റചുമക്കൽ 
• കറ്റമെതിക്കൽ  
• അരികുത്തൽ 
• വട്ടി, കുട്ട, പനമ്പ്, മുറം, പായ് നെയ്ത്ത്   
• തൊപ്പിക്കുട നിർമ്മാണം 
• വിറക് വെട്ടൽ 
• തോണി തുഴയൽ 
• ചായക്കച്ചവടം 
• മൽസ്യകച്ചവടം 
• കല്ലുടയ്‌ക്കൽ 
ഈ കവിതയിൽ പറയുന്ന എല്ലാ തൊഴിലുകളും ഇന്ന് ചെയ്യുന്നുണ്ടാവില്ല. പല  തൊഴിലുകളും അന്യം നിന്നുപോയി. ചിലതൊഴിലുകൾക്ക് യന്ത്രസഹായത്താൽ പരിഷ്കാരവും ഉണ്ടായിട്ടുണ്ട്.

♦ ചൊല്ലാം അഭിനയിക്കാം 

♦ കവിതാഭാഗം സംഘമായി ചൊല്ലൂ. തുടർന്ന് അതിൽ സൂചിപ്പിച്ചിരിക്കുന്ന തൊഴിലുകൾ ക്ലാസിൽ ഒറ്റയ്ക്കും സംഘമായും മൂകാഭിനയമായി (മൈം) അവതരിപ്പിക്കൂ. 
ക്ലാസിലെ കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി തിരിയണം. ഒരു ഗ്രൂപ്പിലുള്ള ഓരോരുത്തരും കവിതയിൽ പറഞ്ഞിരിക്കുന്ന തൊഴിലുകൾ ചെയ്യുന്നവിധം ശാരീരികചലനങ്ങളിലൂടെ അവതരിപ്പിക്കട്ടെ.
രണ്ടാമത്തെ ഗ്രൂപ്പ് ഏതൊക്കെ തൊഴിലുകളാണ് എന്ന് മൂകാഭിനയം നോക്കി കണ്ടെത്തി പറയണം. തുടർന്ന് രണ്ടാംഗ്രൂപ്പ് ഇത് അവതരിപ്പിക്കണം.

♦ പാഠം: 01- കോയയുടെ ചെറിയ വസ്തുക്കൾ - അബ്ദുൽ ഹാമിദ് അഹ്‌മദ്‌ യു എ ഇ (വിവർത്തനം: വി. മുസഫർ അഹമ്മദ്)
വി. മുസഫർ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് എന്ന കൃതിയിൽ നിന്നെടുത്തതാണ് 'കോയയുടെ ചെറിയവസ്തുക്കൾ' എന്ന പാഠഭാഗം. 
ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. അത്തരം മനുഷ്യരിൽ എല്ലാവരും സമ്പന്നരല്ല. അവരിലൊരാളാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ കോയ. തനിക്ക് ഒരു മകൻ ജനിച്ചു എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അയാൾ അനുഭവിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഓരോ വസ്ത്രം വാങ്ങിക്കാൻ മുതലാളിയോട് നൂറു ദിർഹം അയാൾ കടം വാങ്ങുകയാണ്. എന്നാൽ വസ്ത്രങ്ങൾ നാട്ടിലയക്കാനുള്ള തപാൽ ചാർജ്ജിനായി അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം തപാൽ ചാർജിനായി മറിച്ചു വിൽക്കാൻ ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലം. തന്റെ പ്രിയപ്പെട്ടവർക്കൊരു സമ്മാനം പോലും അയക്കാനാവാതെ ഒരാൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളെ ചൂണ്ടിക്കാട്ടിത്തരുന്ന മനോഹരമായ ഒരു രചനയാണിത്.

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

♦ കഥയിൽ കണ്ടത്
♦ 'ആ ദിവസം ഭാര്യയിൽനിന്നു ലഭിച്ച മനസ്സുനിറച്ച വാർത്തയിൽ അയാൾ സന്തുഷ്ടനായിരുന്നു'. വാർത്ത എന്തായിരുന്നു?
അയാളുടെ ഭാര്യ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷവാർത്തയായിരുന്നു അത്.

♦ അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. കാരണമെന്ത്?
അയാൾ മുതലാളിയെപ്പോയിക്കണ്ട് എനിക്കൊരു മകൻ പിറന്നു എന്ന സന്തോഷകരമായ വാർത്ത അറിയിച്ചു. മുതലാളി അയാളെ അഭിനന്ദിച്ചു. ആ സമയത്താണ് അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞത്.

♦ കോയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതെപ്പോൾ? 
ഭാര്യയ്ക്ക് കത്തെഴുതുന്ന സമയത്ത് കുഞ്ഞിനെയും നിന്നെയും കാണാൻ പെട്ടെന്നു തന്നെ വരാൻ ശ്രമിക്കാമെന്നും സാധനങ്ങൾ തപാലിലയക്കുന്നുണ്ടെന്നും, കുഞ്ഞിനെ നന്നായി നോക്കണമെന്നും എഴുതിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

♦ പതുക്കെ അയാളുടെ ആഹ്ലാദം കെട്ടടങ്ങി. എന്തു കൊണ്ട്? 
സമ്മാനങ്ങൾ വാങ്ങാൻ മുതലാളിയോട് കോയ നൂറു ദിർഹം കടം വാങ്ങിയിരുന്നു. എന്നാൽ തപാലിൽ സമ്മാനങ്ങൾ അയക്കാൻ അമ്പത് ദിർഹം കൂടി വേണമെന്നറിഞ്ഞപ്പോൾ അയാളുടെ ആഹ്ലാദം കെട്ടടങ്ങി. 

♦ ഭാര്യക്കുവേണ്ടി വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് കോയയെ നയിച്ച സാഹചര്യം എന്തായിരുന്നു? 
കടം വാങ്ങിയ നൂറു ദിർഹം കൊണ്ട് തുണിയെല്ലാം വാങ്ങി കഴിഞ്ഞപ്പോൾ പിന്നെ ചെറിയ തുകയേ അയാളുടെ കൈയിൽ ഉണ്ടായിരുന്നുള്ളൂ. തപാലിലയയ്ക്കാൻ ഇനിയും അമ്പത് ദിർഹം കൂടി വേണമായിരുന്നു. അതിനായി പലരോടും കൈനീട്ടി. ആർക്കുമയാളെ സഹായിക്കാനായില്ല. തപാലിലയക്കാനുള്ള തുകയ്ക്കു വേണ്ടി ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം വിൽക്കുന്നതിന് അയാൾ തീരുമാനിച്ചു.

♦ വാക്കുകൾക്കുമപ്പുറം

♦ കോയയുടെ മുറിയിലെ അനക്കമില്ലാത്ത അവസ്ഥ കഥാക്യത്ത് ആവിഷ്കരിക്കുന്നത് നോക്കൂ.
'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടിനിന്നു. ഇങ്ങനെ പറയുന്നതിലെ സവിശേഷതയെന്ത്? ചർച്ചചെയ്യൂ. 
ഇതുപോലുള്ള പ്രയോഗങ്ങൾ കഥയിൽ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതുക. അവയുടെ പ്രത്യേകതകൾ ചർച്ച ചെയ്യുമല്ലോ.
• 'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടി നിന്നു'. 
അന്ന് അയാളെ തേടിവന്നത് ഒരു നല്ല വാർത്തയായിരുന്നു. അയാൾക്ക് ഒരു മകൻ പിറന്നിരിക്കുന്നു. അയാൾ സന്തോഷത്താൽ വീർപ്പുമുട്ടി. വീട്ടിലേക്ക് കത്തെഴുതാൻ തീരുമാനിച്ചു. കത്തെഴുതിക്കഴിഞ്ഞ്, സമ്മാനങ്ങൾ പൊതിയാൻ തുടങ്ങി. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു. സന്തോഷം നിറഞ്ഞ വേളയിലും അയാളുടെ മുറിയിൽ വേറാരുമില്ലായിരുന്നു.

♦ കൂടുതൽ പ്രയോഗങ്ങൾ
• 'അന്ധാളിച്ച കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു'.
പ്രിയപ്പെട്ടവർക്കായി കോയ മനസ്സിൽ സങ്കൽപിച്ച അതേ വസ്തുക്കൾ കിട്ടിയ മുഹൂർത്തത്തെ കഥാകൃത്ത് സവിശേഷമായി ആവിഷ്കരിക്കുന്നു. തുണിക്കടയിലെത്തുന്ന കഥാനായകൻ അവിടുത്തെ വൈവിധ്യങ്ങൾ കണ്ട്
അന്ധാളിക്കുന്നു. അയാളുടെ ശ്രദ്ധ ഒടുവിൽ പച്ചപ്പെട്ടിയിൽ ഉറച്ചു. കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു എന്ന സവിശേഷമായ പ്രയോഗത്തിലൂടെ ഈ സന്ദർഭം കഥാകൃത്ത് ആവിഷ്കരിക്കുന്നു. മറ്റെങ്ങും പോകാനാവാത്ത വിധം തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.

• 'സന്തോഷത്തിന്റെ അവസാനബിന്ദു കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ ഇല്ലാതായി'
നാട്ടിലുള്ള ഭാര്യയ്ക്കും ഇപ്പോൾ പിറന്ന കുട്ടിക്കും വാങ്ങിയ സമ്മാനം അയക്കാൻ കഴിയില്ല എന്ന് യാഥാർഥ്യം സാഹിത്യഭംഗിയോടെ കഥയിൽ അവതരിപ്പിക്കുകയാണ്. കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ സന്തോഷത്തിന്റെ അവസാന ബിന്ദു ഇല്ലാതായി എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കാറ്റടിക്കുന്നത് പെട്ടെന്നാണ്. കാറ്റടിച്ചാൽ ആ ഭാഗത്തെ പൊടി പൂർണ്ണമായും പറന്നുപോകും. സന്തോഷം നഷ്ടമാകുന്ന മാനസിക അവസ്ഥയെ പ്രകൃതിയിലെ ഒരു സംഭവവുമായി ഇണക്കി പറഞ്ഞത് ഔചിത്യപൂർണമാണ്. 

• 'പെട്ടെന്ന് പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും തരി അയാളുടെ ഉള്ളിൽ വീണു'
സമ്മാനങ്ങൾ അയക്കാൻ ഒരു വഴി തെളിയാതെ നിരാശനായ കോയയുടെ മനസ്സിൽ ഒരു പുതിയ ആശയം തെളിയുന്നതാണ് സന്ദർഭം. ഒരു തരി വീഴുക എന്നത് മനസ്സിൽ ഒരു ആശയം വരുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് പ്രയോഗഭംഗിയുളവാക്കുന്നു. ഭാര്യക്ക് വാങ്ങിയ വസ്ത്രം കച്ചവടക്കാരന് തിരികെ നൽകി കിട്ടുന്ന തുക പാർസൽ ചാർജായി ഉപയോഗിക്കുക എന്നതായിരുന്നു മനസ്സിലുദിച്ച ആശയം.

♦ കഥയരങ്ങ്

♦ കഥയിലെ അവസാനവാക്യം നോക്കൂ:
കോയ വൻനഗരത്തിന്റെ തെരുവുകളിലൂടെ കൈയിലുള്ള സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചുകൊണ്ട് നടത്തം തുടരുകയാണ്.
കഥ ഇവിടെ അവസാനിക്കുന്നുണ്ടോ?
വൻനഗരം, തെരുവ്, കൈയിലുള്ള സാധനങ്ങൾ വിൽക്കൽ തുടങ്ങിയ സൂചനകൾ ശ്രദ്ധിക്കൂ. ഇത് കോയയുടെ മാത്രം കഥയാണോ?
നിങ്ങളുടെ ചിന്തകളെല്ലാം ചേർത്ത് ഒരു കഥയെഴുതി നോക്കൂ..
കഥകൾ ക്ലാസിലെ കഥയരങ്ങിൽ അവതരിപ്പിക്കുമല്ലോ. 

♦ വാക്കുകൾ കൂടിച്ചേരുമ്പോൾ... 
• അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
• അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.
ഈ രണ്ടു വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
ഇങ്ങനെ ഒന്നിലേറെ വാക്കുകൾ കൂട്ടി ചേർത്തു പറയുകയും എഴുതുകയും പതിവാണ്.
ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
ഇതുപോലെ ധാരാളം വാക്യങ്ങൾ പാഠത്തിലുണ്ട്. അവ കണ്ടെത്തി, ഏതെല്ലാം വാക്കുകൾ ചേർന്നാണ് അവ രൂപപ്പെട്ടതെന്ന് എഴുതു
• അതുവാങ്ങാനാരുമുണ്ടായിരുന്നില്ല 
അത് 
വാങ്ങാൻ
ആരും 
ഉണ്ടായിരുന്നില്ല.

• അതിൽനിന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധമുയരുന്നതായി അയാൾക്കനുഭവപ്പെട്ടു. 
അതിൽ  
നിന്ന്
പറഞ്ഞറിയിക്കാൻ
ആവാത്ത 
ഒരു 
സുഗന്ധം 
ഉയരുന്നത്
ആയി 
അയാൾക്ക്
അനുഭവപ്പെട്ടു.

• അവന് ഒരു പേരു കണ്ടുവെച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
അവന്
ഒരു 
പേര് 
കണ്ടുവെച്ചിട്ടുണ്ടോ 
എന്ന് 
എനിക്ക് 
അറിയില്ല 

♦ നഗരത്തിന്റെ എന്ന പദം പിരിച്ചെഴുതിയാൽ 
• നഗരം + ഇന്റെ
• നഗര + ത്തിന്റെ
• നഗരം + ത്തിന്റെ
ഉത്തരം: നഗരം + ഇന്റെ

♦ കോയ ആണിയടിച്ചു തറച്ചതുപോലെ അവിടെ നിന്നു. അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത്?
എന്തുചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു.

♦ ശീർഷകത്തിന്റെ ഔചിത്യം 

♦ കോയയുടെ ചെറിയ വസ്തുക്കൾ എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം ഉചിതമാണ്? കുറിപ്പ് തയാറാക്കുക. 
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കോയയുടെ ജീവിതമാണ് ഈ കഥയിലുള്ളത്. വളരെക്കാലം കൂടി പിറന്ന കുഞ്ഞിനെ കാണണമെന്നും കുഞ്ഞിനും അമ്മയ്ക്കുമൊപ്പം ആയിരിക്കണമെന്നും എല്ലാം കോയയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹങ്ങൾക്കെല്ലാമപ്പുറം ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തുടരാനേ അയാളെ അനുവദിക്കുന്നുള്ളൂ. വലിയ വലിയ മോഹങ്ങളൊന്നും അയാൾക്കില്ല. കടംവാങ്ങിയ നൂറു ദിർഹംകൊണ്ട് അയാൾ ഭാര്യയ്ക്കും കുഞ്ഞിനും സമ്മാനം നൽകാൻ വസ്ത്രം വാങ്ങിക്കുന്നു. പക്ഷേ അതു നാട്ടിലേക്ക് അയക്കാനുള്ള പണം പോലും അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. വളരെ ചെറിയ മോഹങ്ങൾ പോലും സാധിക്കാൻ കഴിയാതെ നിരാശനായി സമനില തകർന്ന അവസ്ഥയിൽ എത്തുകയാണ് കോയ. അതു കൊണ്ടുതന്നെ കഥയുടെ പൊരുളിനും കോയയുടെ ജീവിതത്തിനും ഇണങ്ങുന്ന ശീർഷകമായി ഇത് മാറുന്നു. 

♦ പാഠം 02 - ഗാന്ധിജിയുടെ അതിഥി - വിഷ്ണുനാരായണൻ നമ്പൂതിരി 
ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ആയിരക്കണക്കിനാളുകൾ വീടും കുടിയും വെടിഞ്ഞ് ഇറങ്ങിത്തിരിച്ച കാലം.
ഒരു കുട്ടി ഗാന്ധിജിയെ കാണാൻ ആശ്രമത്തിലെത്തുന്നു. തനിക്ക് അച്ഛനുമമ്മയുമില്ലെന്നും തൊഴിലൊന്നും അറിയില്ലെന്നും വെറുതെയിരിക്കാൻ ആവില്ല എന്നും പറയുന്ന കുട്ടിയോട് മാതൃരാജ്യമായ ഭാരതം തൊഴിൽ നൽകും എന്ന് പറയുകയാണ് ഗാന്ധിജി. നൂറുകോടി ആളുകളെ പോറ്റിയിട്ടും ഇനിയും അമ്മയുടെ മടിയിൽ ഇടമുണ്ടെന്ന് പറയുന്ന ഗാന്ധിജി കുട്ടികൾ അവർക്കാവുന്ന രീതിയിൽ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടാകണമെന്നും ഓർമ്മിപ്പിക്കുന്നു. ഈ കവിതയുടെ ആശയം, ചോദ്യോത്തരങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ താഴെ നൽകുന്നു.

♦ ഗാന്ധിജിയുടെ അതിഥി - കവിതയുടെ ആശയം 
മഹാരാഷ്ട്രയിലെ വാർദ്ധയിലെ ഗാന്ധിജിയുടെ ആശ്രമത്തിന്റെ പടികടന്ന് ഒരു പ്രഭാതത്തിൽ ഒരു കുട്ടി ചെല്ലുന്നു. കീറിപ്പൊളിഞ്ഞ വേഷവും തളർന്ന ഭാവവുമാണവന്. ചുറ്റുംകൂടിയ ആളുകളോട് അവന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.
'ഇക്ഷണം ബാപ്പുവെ കണ്ടിടേണം'
ബാപ്പുജിയെ ഉടൻ തന്നെ കാണണമെന്നാണ് അവൻ ആവശ്യപ്പെട്ടത്. അവിടെ കാര്യശാലയിൽ നൂറോളം ആളുകൾ വരിവരിയായി നിൽക്കുന്നുണ്ട്. ഒരു കൊച്ചുപായയിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് ചർക്കയിൽ നൂൽ നൂൽക്കുകയാണ് കർമ്മ യോഗിയായ ഗാന്ധിജി.
ആ കൊച്ചു സന്ദർശകനെ കണ്ട ഗാന്ധിജി അവനെ വേഗം അടുത്തു വിളിച്ചു വരുത്തി. അവനെ തലോടി. അപ്പോൾ സങ്കടംകൊണ്ട് വിങ്ങി പൊട്ടിയ അവൻ എന്റെ അച്ഛനും അമ്മയും പോയി, എനിക്കിനി ആരുമില്ല എന്നു പറഞ്ഞു. ബാക്കി പറഞ്ഞ് മുഴുമിപ്പിക്കാൻ അവന് കഴിയുന്നില്ല. അവനെ സമാധാനിപ്പിച്ചുകൊണ്ട് 
"കുഞ്ഞേ, കരയാതിരിക്കൂ! നമ്മുടെയാശ്രമവും ഞങ്ങളും നിനക്കുള്ളതാണ്. നീയിനി ഇവിടെ വിട്ട് എങ്ങും പോയിടേണ്ട'' എന്ന് ഗാന്ധിജി പറഞ്ഞു.
നേതാക്കളും പത്രക്കാരുമൊക്കെ പിരിഞ്ഞുപോയി. മഴയ്ക്കുശേഷവും വീശുന്ന കുളിർക്കാറ്റുപോലെ അവൻ മാത്രം ബാക്കിയായി. ഇപ്പോൾ ഗാന്ധിജിയുടെ അടുത്ത് കുട്ടി മാത്രമാണ് ഉള്ളത്. ആ രംഗത്തെ ചിത്രീകരിക്കാനാണ് കവി ഇപ്രകാരം പറഞ്ഞിരിക്കുന്നത്. എല്ലാവരും പോയതിനെ മഴ പെയ്തു തീർന്നതുപോലെ എന്നും അവന്റെ സാന്നിധ്യം ഗാന്ധിജിക്ക് ഒരു കുളിർത്തെന്നൽ പോലെ സന്തോഷകരമായ അവസ്ഥയാണ് നൽകിയതെന്നും കവി പറയുന്നു.
അല്പംപോലും ക്ഷീണമില്ലാതെ നൂൽ നൂൽക്കുന്ന ജോലി തുടർന്നുകൊണ്ടിരിക്കുന്ന ഗാന്ധിജി, നിനക്ക് വേണ്ടകാര്യം പറഞ്ഞോളൂ എന്ന് കുട്ടിയോട് പറയുകയാണ്. തനിക്ക് ഒരു ജോലിപോലും ചെയ്യാനറിയില്ല എന്നും അലസനായി . വെറുതെയിരിക്കാൻ ആവില്ല എന്നുമാണ് കുട്ടി മറുപടി പറഞ്ഞത്. ഇതുകേട്ട ഗാന്ധിജി അഭിമാനത്തോടെ അവനെ ചുംബിക്കുന്നു.
ഒന്നല്ല കോടിക്കണക്കിന് ഭാരതീയർക്ക് തൊഴിൽ നൽകാൻ ഭാരതാംബയ്ക്ക് കഴിയും. കുട്ടികൾക്ക് പെറ്റനാടിന്റെ കണ്ണീരൊപ്പാൻ ശക്തിയുണ്ടായാൽ അമ്മയ്ക്ക് (ഭാരതാംബയ്ക്ക്) ദുഃഖിക്കേണ്ടി വരില്ല എന്നും അമ്മയുള്ളപ്പോൾ കോടിക്കണക്കിനായ ഭാരതീയർക്ക് ദുഃഖിക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്നും ഗാന്ധിജി അവനോട് പറയുന്നു.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ ഈണത്തിൽ, താളത്തിൽ
കവിത ഒറ്റയ്ക്കും സംഘമായും ചൊല്ലി അവതരിപ്പിക്കൂ. അവതരണങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുമല്ലോ.

♦ കവിതയ്ക്കൊപ്പം
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ
എങ്ങനെയായിരുന്നു?
ഏറെത്തളർന്ന് ക്ഷീണഭാവത്തോടെയായിരുന്നു കുട്ടി വന്നത്. കീറിപ്പറിഞ്ഞ വേഷമായിരുന്നു അവന്റേത്.

♦ ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞതെന്താണ്?
ബാപ്പുജിയെ ഉടൻതന്നെ കാണണമെന്നായിരുന്നു അവനാവശ്യപ്പെട്ടത്.

♦ കുട്ടി കണ്ട ഗാന്ധിജിയെ കവി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്?
ആ കാര്യശാലയിൽ നൂറോളമാൾക്കാർ വരിവരിയായി നിൽക്കുന്നുണ്ട്. ഒരു കൊച്ചുപായയിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് ചർക്കയിൽ നൂൽ നൂൽക്കുകയാണ് കർമ്മ യോഗിയായ ഗാന്ധിജി. ഈ രീതിയിലാണ് കുട്ടി കാണുന്ന ഗാന്ധിജിയെ കവി അവതരിപ്പിച്ചിരിക്കുന്നത്.

♦ 'പോയിതെന്നച്ഛനുമമ്മയും, ഞാൻ ഏകൻ, എനിക്കിനിയാരുമില്ല' എന്നു സങ്കടപ്പെട്ട കുട്ടിയെ ഗാന്ധിജി സമാധാനി പിച്ചതെങ്ങനെ?
കുഞ്ഞേ, കരയാതിരിക്കൂ! നമ്മുടെയാശ്രമവും ഞങ്ങളും നിനക്കുള്ളതാണ്. നീയിനി ഇവിടെ വിട്ട് എങ്ങും പോയിടേണ്ട എന്നാണ് ഗാന്ധിജി അവനോട് പറഞ്ഞത്. 

♦ “മകനേ, പറഞ്ഞോളൂ, വേണ്ടകാര്യം!'' എന്നു ചോദിച്ച ഗാന്ധിജിയോട് കുട്ടി പറഞ്ഞതെന്തായിരുന്നു? 
തനിക്ക് ഒരു ജോലിപോലും ചെയ്യാനറിയില്ല എന്നും അലസനായി വെറുതെയിരിക്കാൻ ആവില്ല എന്നുമാണ് കുട്ടി ഗാന്ധിജിയോട് പറഞ്ഞത്.

♦ 'ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ ഇടമുണ്ട് നിങ്ങൾക്കു വേല നൽകാൻ' - ആരെയാണ് ഇവിടെ അമ്മയെന്ന് പറഞ്ഞിരിക്കുന്നത്?
ഭാരതാംബ അല്ലെങ്കിൽ ഇന്ത്യ എന്ന് മഹാരാജ്യത്തെയാണ് അമ്മയായി കണ്ടത്.

♦ പ്രയോഗാർഥം കണ്ടെത്തി എഴുതൂ. 
പുലരിക്കതിരിനോടൊപ്പമൊപ്പം പടികടന്ന്-
പ്രഭാതത്തിൽ ആശ്രമത്തിന്റെ പടികടന്നുവരുന്ന കുട്ടിക്ക് ഉദയസൂര്യനെപ്പോലെ തിളക്കമുണ്ടായിരുന്നു. ഒപ്പമൊപ്പം എന്ന പ്രയോഗം കൊണ്ട് കുട്ടിയുടെ തേജസ്സും കുട്ടി എത്തിയ സമയവും കവി ആവിഷ്കരിച്ചിരിക്കുന്നു. ഇതുപോലെ,
• പുഞ്ചിരിൽത്തിരി നൂറ്റിരിക്കുന്ന
• മഴ പെയ്തുതീർന്നിട്ടും വീശിനിൽക്കും കുളിർതെന്നൽ പോലെ
• അക്ഷീണമന്ദസ്മിതവുമായി
എന്നീ പ്രയോഗങ്ങളുടെ ചേർച്ചയും ഭംഗിയും ചർച്ചചെയ്ത് എഴുതൂ.

• പുഞ്ചിരിനൂൽത്തിരി നൂറ്റിരിക്കുന്ന
പുഞ്ചിരിയോടെ തന്റെ പ്രവൃത്തി ചെയ്യുന്ന ഗാന്ധിജിയെ ഇവിടെ കാണാം. നൂൽ നൂൽക്കുന്ന ജോലി അദ്ദേഹം വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത് എന്ന് ഇതിലൂടെ നമുക്ക് ബോധ്യപ്പെടും.

• മഴ പെയ്തുതീർന്നിട്ടും വീശി നിൽക്കും കുളിർതെന്നൽ പോലെ
ഗാന്ധിജിയെ സന്ദർശിക്കാനെത്തിയ വിവിധ നേതാക്കൾ, പത്രക്കാർ, ചക്രവർത്തിയുടെ ദൂതന്മാർ തുടങ്ങിയ ആളുകളൊക്കെ പിരിഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ അവിടെ, ഗാന്ധിജിയുടെ അടുത്ത് കുട്ടി മാത്രമാണ് ഉള്ളത്. ആ രംഗം ചിത്രീകരിക്കാനാണ് കവി ഇപ്രകാരം പറഞ്ഞിരിക്കുന്നത്. എല്ലാവരും പോയതിനെ മഴ പെയ്തു തീർന്നതുപോലെ എന്നും അവന്റെ സാന്നിധ്യം ഗാന്ധിജിക്ക് ഒരു കുളിർതെന്നൽ പോലെ സന്തോഷകരമായ അവസ്ഥയാണ് നൽകിയതെന്നും കവി പറയുന്നു. 

• അക്ഷീണമന്ദസ്മിതവുമായി
ഗാന്ധിജിയും ബാലനും മാത്രമേ ആ സമയത്ത് ആശ്രമത്തിലുള്ളൂ. അപ്പോഴും നൂൽ നൂൽക്കുന്ന പ്രവൃത്തി ഗാന്ധിജി തുടരുകയാണ്. യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം ജോലിചെയ്യുന്നത് എന്ന് ഈ പ്രയോഗത്തിലൂടെ വ്യക്തമാകുന്നു.

♦ അമ്മയും നമ്മളും
ഉണ്ണിക്കരമിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയന്നാൽ 
അമ്മയ്ക്ക് പിന്നെന്തു ദുഃഖം? അമ്മ-
യുള്ളപ്പോൾ നമ്മൾക്കുമെന്തു ദുഃഖം?
ഈ വരികളിലെ ആശയം വിശകലനം ചെയ്ത് കുറിപ്പെഴുതൂ.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണിത്. തന്നെ കാണാനെത്തിയ ആരോരുമില്ലാത്ത ബാലനോട് തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന ആത്മ വിശ്വാസം പകരുകയാണ് ഗാന്ധിജി. ഒന്നല്ല കോടിക്കണക്കിന് ഭാരതീയർക്ക് തൊഴിൽ നൽകാൻ ഭാരതാംബയ്ക്ക് കഴിയും. പക്ഷേ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കുട്ടികളും കൂടെയുണ്ടായാൽ അമ്മയ്ക്ക് (ഭാരതാംബയ്ക്ക്) ദുഃഖിക്കേണ്ടി വരില്ല എന്നും അമ്മയുള്ളപ്പോൾ കോടിക്കണക്കിന് ഭാരതീയർക്ക് ദുഃഖിക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്നുമാണ് ഈ വരികളിലൂടെ പറയുന്നത്.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് കവിതാസന്ദർഭം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹിംസാമാർഗത്തിലൂന്നിയ സമരം നടത്തുന്ന കാലഘട്ടം. ഈ പോരാട്ടത്തിലാണ് ഭാരത ജനത. ഈ സമരം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുട്ടികളും അവർക്കാവുന്ന രീതിയിൽ ഈ സമരത്തിൽ പങ്കെടുക്കണമെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ഭാരതമാതാവിന്റെ കണ്ണീരൊപ്പാൻ എല്ലാവരും ചേർന്ന് പ്രവർത്തിക്കുക. അങ്ങനെ സ്വതന്ത്രയായ ഭാരതാംബയുണ്ടാവുമ്പോൾ നമുക്ക് ദുഖിക്കേണ്ടി വരില്ല എന്നാണ് ഇവിടെ അർഥമാക്കുന്നത്.

♦ രണ്ടു കുട്ടികൾ
'അറിയില്ലെനിക്കൊരു വേലപോലും
അലസനായെമ്മട്ടു പാർത്തിടും ഞാൻ?'
കുട്ടി ഗാന്ധിജിയോട് ഇങ്ങനെ സങ്കടം പറഞ്ഞത് ഓർമ്മയില്ലേ? ഇനി, ഈ കുറിപ്പു വായിക്കൂ. 
ഗാന്ധിജിയെ കണ്ട കുട്ടി
വർക്ക്ഷോപ്പിന്റെ ഒരറ്റത്തായി ഒരു അടുപ്പു കത്തിക്കൊണ്ടിരുന്നു. അതിന്റെ മുന്നിൽ ഒരാൺകുട്ടി ചപ്പാത്തിയുണ്ടാക്കിക്കൊണ്ടിരിക്കയാണ്. കൂട്ടുകാരെല്ലാം പണിയെടുത്തു ക്ഷീണിച്ചു വരുമ്പോഴേക്കും ആഹാരം തയ്യാറാക്കണം. അവൻ
ജോലിയിൽ അങ്ങേയറ്റം മുഴുകിയാണിരിക്കുന്നത്. ഗാന്ധിജി അരികിലൂടെ
കടന്നുപോയതൊന്നും ആ ബാലനറിഞ്ഞില്ല. ഗാന്ധിജി വർക്ക്ഷോപ്പിനു പുറത്തേക്കു കടന്നു. അവിടെ മറ്റെല്ലാ കുട്ടികളും അദ്ദേഹത്തെ കാത്തു നിൽക്കുകയാണ്.
'കണ്ടോ, അവന്റെയൊരു കാര്യം? ഇത്ര അടുത്തുകൂടി പോയിട്ടും അവൻ മാത്രം ഗാന്ധിജിയെ കണ്ടില്ല.' കുട്ടികളിലൊരാൾ പറഞ്ഞു.
ഗാന്ധിജി അതു കേട്ടു. എല്ലാവരെയും നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു: 'മോനേ, ഇവിടെ എന്നെ ശരിയായി കണ്ടത് അതാ, അവൻ മാത്രമാണ്'
(നമ്മുടെ ബാപ്പുജി - എം. ഗീതാഞ്ജലി)
കവിതയിലെ വരികളും 'ഗാന്ധിജിയെ കണ്ട് കുട്ടി' എന്ന കുറിപ്പും താരതമ്യം ചെയ്ത് എഴുതു.
ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണ് ആദ്യത്തേത്. വിഷ്ണുനാരായണൻ നമ്പൂതിരിയാണ് ഈ കവിത രചിച്ചിട്ടുള്ളത്. ആരോരുമില്ലാത്ത, അനാഥനായ ഒരു കുട്ടി ഗാന്ധിജിയുടെ ആശ്രമത്തിലെത്തുകയാണ്. ഈ ആശ്രമവും ഇവിടത്തെയാൾക്കാരും നിനക്ക് സ്വന്തക്കാരാണെന്ന് പറഞ്ഞാണ് ഗാന്ധിജി അവനെ ആശ്വസിപ്പിക്കുന്നത്.
അപ്പോഴാണ് അവൻ തനിക്ക് തൊഴിലൊന്നുമറിയില്ല, അലസനായിരിക്കാനാവില്ല എന്ന് ഗാന്ധിജിയോട് പറയുന്നത്. ഭാരതാംബയെ സേവിക്കുക എന്ന പ്രവൃത്തി ചെയ്യാനാവശ്യപ്പെടുകയാണ് ഗാന്ധിജി. കുട്ടികൾക്കും ഈ മേഖലയിൽ ധാരാളം ചെയ്യാനാവുമെന്ന് അദ്ദേഹം കരുതുന്നു. സ്വാതന്ത്ര്യസമരകാലഘട്ടമാണെന്നു കൂടി നാം ഓർക്കേണ്ടതുണ്ട്.
ഗാന്ധിജിയെ കണ്ട കുട്ടി എന്ന കുറിപ്പിൽ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ നമുക്ക് കാണാം. അവിടെ എത്തിയ ഗാന്ധിജി കുട്ടി ജോലി ചെയ്യുന്നത് കണ്ടിരുന്നു. പക്ഷേ കുട്ടി അദ്ദേഹത്തെ കണ്ടില്ലായിരുന്നു. ഗാന്ധിജി അടുത്തുകൂടെ പോയിട്ടും അങ്ങയെ അവൻ കണ്ടില്ലല്ലോ എന്ന് മറ്റൊരു കുട്ടി ചോദിച്ചപ്പോൾ എന്നെ ശരിയായി കണ്ടത് അവൻ മാത്രമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ജോലിയിൽ മുഴുകിയതിനാലാണ് അവൻ അദ്ദേഹത്തെ കാണാതെപോയത്. ഗാന്ധിജി ആഗ്രഹിക്കുന്ന രീതിയിലാണ് അവൻ ജോലിചെയ്തത് എന്നർഥം. ഗാന്ധിജിയുടെ ആദർശം മനസ്സിലാക്കി പ്രവർത്തിച്ച കുട്ടിയാണ് അവൻ എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം.
ഒന്നാമത്തെ കുട്ടിയോട് ഭാരതാംബയ്ക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഗാന്ധിജി ആവശ്യപ്പെടുന്നത്. ഗാന്ധിജിയുടെ ആഗ്രഹംപോലെ പ്രവർത്തിക്കുന്ന കുട്ടിയെ നമുക്ക് കുറിപ്പിൽ കാണാം.

♦ കത്ത് 
ഗാന്ധിജിയെ കണ്ട് കുട്ടി എന്ന കുറിപ്പിൽ ചപ്പാത്തിയുണ്ടാക്കുന്ന ജോലിയിൽ മുഴുകിയ ആൺകുട്ടിയെ പരിചയപ്പെട്ടല്ലോ
കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്ത് തയ്യാറാക്കുക.
സ്ഥലം 
തീയതി
പ്രിയ കൂട്ടുകാരാ,
എം. ഗീതാഞ്ജലിയുടെ നമ്മുടെ ബാപ്പുജി എന്ന പുസ്തകത്തിൽ നിന്നുള്ള ഗാന്ധിജിയെ കണ്ട കുട്ടി എന്ന കുറിപ്പ് ഞാൻ വായിച്ചു. അത് വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എന്താണ് നിന്റെ പേര് എന്നറിയില്ല. പക്ഷേ നിന്റെ പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇങ്ങനെയും കുട്ടികൾ ജോലിചെയ്യുമോ? അവിടെ സന്ദർശിച്ച ഗാന്ധിജിയെപ്പോലും സ്വാതന്ത്ര്യസമരപോരാളികൾക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിൽ നീ കണ്ടില്ല. എന്നെ അവൻ മാത്രമേ കണ്ടുള്ളൂ എന്നാണ് ഗാന്ധിജി നിന്നെപ്പറ്റി പറഞ്ഞത്. അതെ അദ്ദേഹത്തെ മനസ്സിലാക്കിയ ഒരാൾ എന്ന അർഥത്തിൽ പൂർണമായും ശരിയായ ഒരു പ്രസ്താവനയായിരുന്നു അത്. മറ്റൊരാളെ കാണിക്കാനല്ല, നാം ജോലിചെയ്യുന്നത്. അത് തിരിച്ചറിഞ്ഞയാളാണ് നീ. ഇന്ന് നീ എവിടെയായിരിക്കുമെന്നോ, എന്തെടുക്കുകയാണ് എന്നൊന്നും എനിക്കറിയില്ല. എങ്കിലും നിന്റെ നല്ല മനസ്സിനെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട്, നന്മകൾ നേർന്നുകൊണ്ട് നിർത്തട്ടെ!
സ്നേഹത്തോടെ, 
പേര് 
ക്ലാസ് 6
ഗവഃ യു.പി സ്കൂൾ.

♦ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയെക്കുറിച്ച് ഒരു പ്രസംഗം തയാറാക്കാം. ക്ലാസിൽ അവതരിപ്പിക്കാം.
നമസ്കാരം!
ഇന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമാണ്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാൻ ധൈര്യം കാട്ടിയ ഏക വ്യക്തിയായിരുന്നു ഗാന്ധിജി. പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത് എന്ന് ഉറച്ചുവിശ്വസിക്കുകയും മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. വിദേശികൾ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം കൈയടക്കി വച്ചകാലത്ത് അഹിംസയും സത്യഗ്രഹവും സമരമാർഗമാക്കി ഗാന്ധിജി അവരെ നേരിട്ടു. ഭാരതത്തിലെ കോടിക്കണക്കിനാളുകൾ ഗാന്ധിജിയുടെ പിന്നിൽ അണിനിരന്നു. ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. 1893 ലാണ് ഒരു കേസ് വാദിക്കുന്നതിനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. അവിടെ കറുത്തവർഗക്കാർ വെളുത്ത വർഗക്കാരുടെ വിവേചനത്തിന് ഇരയാകുന്നത് ഗാന്ധിജി നേരിൽ കാണാനിടയായി. കറുത്തവനായതിനാൽ ഒരിക്കൽ തീവണ്ടിയിൽനിന്നും പിന്നീടൊരിക്കൽ കുതിരവണ്ടിയിൽനിന്നും ഗാന്ധിജിയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിരുന്നു. മറ്റൊരിക്കൽ കോടതിയിൽ വച്ച് തലപ്പാവ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഗാന്ധിജി അതിന് തയാറായില്ല. വെള്ളക്കാർ അദ്ദേഹത്തെ കൂലി ബാരിസ്റ്റർ എന്ന് വിളിച്ചാക്ഷേപിച്ചു. ഈ അപമാനം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. ആഫ്രിക്കയിൽ താമസിച്ച് വർണവിവേചനത്തെ എതിർക്കാൻ ഗാന്ധിജി തീരുമാനിച്ചു.
1930 ലെ ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും വിദേശവസ്ത്ര ബഹിഷ്കരണവും അഹിംസയിലധിഷ്ഠിതമായ സമരങ്ങളായിരുന്നു. 1942 ലെ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയതും ബാപ്പുജിയായിരുന്നു. 1948 ജനുവരി 30 ന് ഗാന്ധിജി നമ്മോട് വിടപറഞ്ഞു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച ഗാന്ധിജിയുടെ ജീവിതം നമുക്ക് മാതൃകയാക്കാം. ഏത് സാഹചര്യത്തിലും പ്രതികൂലപരിതഃസ്ഥിതികളിൽപ്പോലും കർമനിരതനാകാൻ അദ്ദേഹത്തിന് ഒരു വിഷമവുമുണ്ടായിരുന്നില്ല. ചുരുങ്ങിയ സൗകര്യങ്ങളിലും അദ്ദേഹം സംതൃപ്തനായിരുന്നു. സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ ഗുണങ്ങൾ ഉൾച്ചേർന്ന ഗാന്ധിജി നമുക്ക് വഴി കാട്ടിയാകട്ടെ. വഴിവിളക്കാകട്ടെ.
നന്ദി, നമസ്കാരം

♦ പദപരിചയം 
• പുകൾപെറും - വലിയ പ്രശസ്തിയുള്ള
• പുലരിക്കതിരോൻ - പ്രഭാതസൂര്യൻ
• ഉത്സുകം - ആഗ്രഹത്തോടെ
• ഇക്ഷണം - ഈ നിമിഷം, ഉടനെ
• കാര്യശാല - ഓഫീസ്
• കർമ്മയോഗി - ചുമതലകൾ കൃത്യമായി ചെയ്യുന്നവൻ
• വെക്കം - വേഗം
• തൃക്കരം - കൈ.ത്യ (തിരു) എന്ന വിശേഷണം ബഹുമാനത്തെ സൂചിപ്പിക്കുന്നു.
• ഉഴിഞ്ഞവാറേ - ഉഴിഞ്ഞപ്പോൾ, തലോടിയപ്പോൾ
• ഗദ്ഗദം - ഇടർച്ച
• മൊഴിഞ്ഞു - പറഞ്ഞു
• ഏകൻ - ഒറ്റയായുള്ളവൻ, ഒരാൾ
• ഇടരാറ്റുമാറ് - ഇടർ (ദുഃഖം) കുറയ്ക്കുന്ന വിധത്തിൽ
• ഓതി - പറഞ്ഞു 
• താതൻ - പിതാവ് 
• ഓമൽ - മനോഹരമായ 
• വേല - തൊഴിൽ 
• അക്ഷിണമന്ദസ്മിതം - തളരാത്ത പുഞ്ചിരി 
• പാർക്കുക - താമസിക്കുക 
• അഭിമാനബാഷ്പം - അഭിമാനത്തിൽ നിന്നുണ്ടായ കണ്ണീർ
• മുകരുക - ചുംബിക്കുക• കരുത്തിയന്നാൽ - കരുത്തുള്ളതായാൽ

♦ പകരംപദങ്ങൾ
• പുലരി - പ്രഭാതം, വിഭാതം, ഉഷസ്സ്
• മുഖം - ആനനം, വദനം, ആസ്വം
• പുഞ്ചിരി - സ്മിതം, സ്മേരം, മന്ദഹാസം
• കരം - കൈ, ഹസ്തം, പാണി 
• കണ്ണ് - മിഴി, അക്ഷി, നയനം 
• മകൻ - തനയൻ, പുത്രൻ, സുതൻ
• അമ്മ - മാതാവ്, തായ, ജനനി

♦ പിരിച്ചെഴുതാം
• ഏറെത്തളർന്നു - ഏറെ + തളർന്നു 
• ഉത്തരമൊന്നേ - ഉത്തരം + ഒന്നേ 
• എനിക്കിനി - എനിക്ക് + ഇനി
• നീയെന്നും - നീ + എന്നും
• അരികിലണഞ്ഞു - അരികിൽ + അണഞ്ഞു 
• മടിത്തട്ട് - മടി + തട്ട്

♦ മാറ്റിയെഴുതാം
• പുലരിക്കതിരോൻ - പുലരിയിലെ കതിരോൻ 
• അക്ഷീണമന്ദസ്മിതം - അക്ഷീണമായ മന്ദസ്മിതം 
• അഭിമാനബാഷ്പം - അഭിമാനത്താലുണ്ടായ ബാഷ്പം 
• കുളിർത്തെന്നൽ - കുളിരുപകരുന്ന തെന്നൽ

♦ പാഠം 03: തൊഴിലിന്റെ രുചി, ഭാഷയുടെയും - ദറക്സ പർവീൺ
ബീഹാറിൽ നിന്നും അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദറക്സ പർവീൺ കേരളത്തിലെത്തുന്നത്. ഏഴാംക്ലാസിലെത്തിയതോടെ അവൾ മലയാളത്തിൽ മിടുക്കിയായി. പഠിക്കാനും അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനും കേരളത്തിലെ വിദ്യാഭ്യാസത്തിലൂടെയാണ് സാധിച്ചതെന്ന് ദറക്സ പറയുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ കൂട്ടുകാരിയായിരുന്ന പുഷ്പയ്ക്ക് മലയാളത്തിൽ ദറക്സ എഴുതിയ കത്താണ് ഈ പാഠഭാഗം.

♦ കണ്ടെത്താം പറയാം

♦ ദറക്സയ്ക്കു മലയാളത്തിനോടു താൽപര്യമുണ്ടാക്കിയ ഘടകങ്ങളെന്തെല്ലാമാണ്?
മറുനാട്ടിൽനിന്നു വന്ന കുട്ടികൾക്ക് മലയാളം പഠിക്കാൻ വേണ്ടി തുടങ്ങിയ പദ്ധതിയാണ് ദറക്സയ്ക്ക് സഹായമായത്. മലയാളം പഠിക്കാനും ഇഷ്ടപ്പെടാനും ദറക്സയെ പ്രേരിപ്പിച്ചത് സ്കൂളിലെ മലയാളം ക്ലാസുകളും കൂട്ടുകാരുമാണ്.

♦ സ്കൂളിൽ ദറക്സ എന്തെല്ലാം പണികളാണ് ചെയ്ത് പരിശീലിച്ചത്?
പല നിർമ്മാണപ്രവർത്തനങ്ങളും ചെയ്തുനോക്കി, പരിശീലിച്ചു. പലതരം പെയിന്റിംഗ് വർക്കുകളും എംബ്രോയ്റിയുമെല്ലാം പഠിച്ചെടുത്തു. കൗതുകവസ്തുക്കൾ നിർമ്മിച്ച് സ്കൂളിൽ വരുന്ന അതിഥികൾക്കു സമ്മാനമായി നൽകിയിരുന്നു. തുടർന്ന് തയ്യൽപ്പണിയും ചെയ്തു. 

♦ “എനിക്കിപ്പോൾ ഏതു നാട്ടിൽച്ചെന്നാലും ഈ ജോലി തുടരാൻ കഴിയുമെന്ന വിശ്വാസമുണ്ട്.'' ദറക്സ ഇങ്ങനെ പറയാനെന്താവും കാരണം? എന്തെല്ലാമാണ് അവളുടെ പ്രതീക്ഷകൾ?
സ്കൂൾ യൂണിഫോം തയ്യലും പുതിയ ഫാഷനുകളിലുള്ള ഡ്രസ്സുകൾ ഡിസൈൻ ചെയ്തുണ്ടാക്കലുമൊക്കെയായി ഇപ്പോൾ ധാരാളം ജോലിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതൊക്കെ പരിചയപ്പെടുത്തുന്നതും പുതിയ ഓർഡറുകൾ എടുക്കുന്നതും അതുകൊണ്ടുതന്നെ നാട്ടിൽ വന്നാലും ഈ ജോലി തുടരാനാവുമെന്ന് ദറക്സ വിശ്വസിക്കുന്നു.

♦ കേരളത്തിന്റെ സവിശേഷതകളായി ദറക്സ കണ്ടെത്തിയ കാര്യങ്ങളെന്തെല്ലാമാണ്?
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വലിയ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കുന്ന നാടാണ് കേരളമെന്ന് ദറക്സ പറയുന്നു. ഇവിടെ പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാനും പഠിക്കാനുമുള്ള അവസരങ്ങളുണ്ട്.

♦ മറക്കില്ലൊരിക്കലും

♦ “ഹാ ! അന്നുണ്ടായ ഒരു സന്തോഷം"
സ്വന്തമായി തയ്യൽമെഷീൻ കിട്ടിയ ദിവസത്തെക്കുറിച്ച് ദറക്സ ഇങ്ങനെയാണ് പ്രതികരിച്ചത്. അന്ന് ദറക്സ എഴുതാനിടയുള്ള ഡയറി എഴുതിനോക്കു.
തീയതി
ഇന്നത്തെ ദിവസം എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കുക വയ്യ! ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, എന്റെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരും ഇഷ്ടപ്പെടുന്ന മംഗളഭായി ടീച്ചർ എനിക്ക് ഒരു തയ്യൽമെഷീൻ വാങ്ങിത്തരുമെന്ന്. എന്തൊരു ആഘോഷമായിരുന്നു സ്കൂളാകെ! വാർത്ത അറിഞ്ഞ പിടിഎ പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് വന്നാണ് എനിക്ക് ഉപഹാരം സമ്മാനിച്ചത്. മുമ്പൊരിക്കൽ പാവപ്പെട്ട പത്ത് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം തയ്ച്ചുനൽകിയതിന് പ്രസിഡന്റും പിന്നീട് സംസാരിച്ച എല്ലാവരും എന്നെ പുകഴ്ത്തിയത് സന്തോഷക്കണ്ണീരോടെയാണ് ഞാൻ കേട്ടത്. അത്തരം പ്രവർത്തനം ഇനിയും എനിക്ക് തുടരണം. എന്നാലും എനിക്കീ സമ്മാനം നൽകിയ മംഗളഭായി ടീച്ചറെ ഞാൻ ജീവിതകാലത്തൊരിക്കലും ഉറക്കില്ല.

♦ കത്തെഴുതാം

♦ ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി. മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദറക്സ പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് ഒരു കത്തെഴുതുക.
സ്ഥലം
തീയതി
പ്രിയ ദറക്സ,
ഞാൻ അനൂജ. തിരുവനന്തപുരം ഗവ: യു പി സ്കൂളിലെ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. മലയാളം കാസിൽ നിന്റെ അനുഭവം വായിച്ച സന്തോഷത്തിലാണ് ഈ കത്തെഴുതുന്നത്. ചേച്ചിക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു.
ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകളായി കേരളത്തിലെത്തി മലയാളം പഠിച്ചതിൽ താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു. അതോടൊപ്പം ഇത്തരം കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ജോലി ഏറ്റെടുത്തതിനും അഭിനന്ദനം. അതിലെല്ലാമുപരിയായി ഫാഷൻ ഡിസൈനിംഗ് കോഴ്സ് ഈ ചെറിയ പ്രായത്തിൽ തന്നെ പഠിച്ച് സ്കൂൾ യൂണിഫോമും മറ്റു തയ്യൽ ജോലികളും ചെയ്യുന്ന ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത്തരം പ്രവർത്തനങ്ങൾ വളർന്നുവരുന്ന ഞങ്ങളെ പോലെയുള്ള കുട്ടികൾക്ക് ഒരു മാതൃകയാണ്. ചേച്ചിക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു. 
ഏറെ ഇഷ്ടത്തോടെ, 
അനൂജ 
ക്ലാസ് 6 എ
ഗവ: യുപി സ്കൂൾ 
തിരുവനന്തപുരം

♦ ഇന്നത്തെ തൊഴിലിടങ്ങൾ 
ആകെ വിയർത്തുതളർന്നും, പട്ടിണി 
പാകി വളർത്താൻ പണിചെയ്തും..
                 - (ഞങ്ങളുടെ മുത്തശ്ശി - വയലാർ)
ഒരുകാലത്ത് കേരളത്തിലെ തൊഴിൽരംഗത്ത് ഉണ്ടായിരുന്ന ദുഃഖകരമായ ഒരവസ്ഥയാണ് ഈ വരികളിൽ തെളിയുന്നത്. ഇന്നും ഈ അവസ്ഥ കേരളത്തിലെ തൊഴിൽമേഖലയിൽ ഉണ്ടോ?
യൂണിറ്റിലെ പാഠഭാഗങ്ങളിൽനിന്നും മനസ്സിലായ ആശയങ്ങളുടെയും നിങ്ങൾ കൂടുതലായി കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 'കേരളത്തിലെ തൊഴിലിടങ്ങൾ' എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക. തയ്യാറാക്കിയ പ്രസംഗം ക്ലാസിൽ അവതരിപ്പിക്കുമല്ലോ. 
പ്രിയമുള്ളവരേ,
ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ കേരളത്തിന്റെ ചരിത്രത്തെയും ഭാവിയെയും തൊട്ടു നിൽക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്, തൊഴിലുകൾ. കാലം മാറുമ്പോൾ തൊഴിലുകൾ എങ്ങനെ മാറിമറിയുന്നു എന്ന് നമുക്കൊന്ന് ചിന്തിച്ചുനോക്കാം.
നമ്മുടെ പൂർവ്വികരുടെ കാലത്ത്, കേരളത്തിലെ തൊഴിൽ മേഖല തികച്ചും വ്യത്യസ്തമായിരുന്നു. യന്ത്രങ്ങളേക്കാൾ മനുഷ്യന്റെ അധ്വാനത്തിനായിരുന്നു പ്രാധാന്യം. നെൽകൃഷിയും തെങ്ങുകൃഷിയുമായിരുന്നു പ്രധാന ഉപജീവനമാർഗങ്ങൾ.
പുരുഷന്മാരും സ്ത്രീകളും ഒരേപോലെ വയലുകളിൽ പണിയെടുത്തു. മത്സ്യബന്ധനം തീരദേശവാസികളുടെ പ്രധാന തൊഴിലായിരുന്നു. മീൻപിടിക്കാനും വിൽക്കാനും അവർ രാവും പകലും കഷ്ടപ്പെട്ടു.
കൈത്തൊഴിലുകൾക്ക് അന്ന് വലിയ സ്ഥാനമുണ്ടായിരുന്നു. മൺപാത്ര നിർമ്മാണം, കയർ പിരിക്കുന്നവർ, കൈത്തറി തൊഴിലാളികൾ ഇവരൊക്കെ നമ്മുടെ ഗ്രാമങ്ങളുടെ അഭിമാനമായിരുന്നു. ആശാരിമാർ, കൊല്ലന്മാർ, തട്ടാന്മാർ തുടങ്ങിയ പരമ്പരാഗത മേഖലയിലെ വിദഗ്ദ്ധർക്ക് സമൂഹത്തിൽ വലിയ അംഗീകാരമുണ്ടായിരുന്നു. അവരുടെ കരവിരുത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
കൂടാതെ, ചുമട്ടുതൊഴിലാളികളും കള്ളുച്ചെത്തുപോലുള്ള ജോലികളും സാധാരണമായിരുന്നു.
എന്നാൽ ഇന്ന് കാര്യങ്ങൾ എത്രമാത്രം മാറിയിരിക്കുന്നു! വിവരസാങ്കേതികവിദ്യയും ആഗോളവൽക്കരണവും നമ്മുടെ തൊഴിൽ മേഖലയെ അടിമുടി മാറ്റിമറിച്ചു. കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ പെരുകി.
വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും വലിയ വളർച്ച നേടി. ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, കൗൺസിലർമാർ എന്നിങ്ങനെ പുതിയ സ്പെഷ്യലൈസേഷനുകൾ ഉണ്ടായി. മീഡിയയും കമ്മ്യൂണിക്കേഷനും വളർന്നതോടെ ജേർണലിസ്റ്റുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഡിജിറ്റൽ മാർക്കറ്റർമാർക്കും അവസരങ്ങൾ തുറന്നു. കാർഷികമേഖലയിലും മാറ്റങ്ങളുണ്ടായി. യന്ത്രവൽക്കരണം വന്നതോടെ അധ്വാനം കുറഞ്ഞു. എങ്കിലും, ഓർഗാനിക് ഫാമിംഗ്, അഗ്രിടെക് പോലുള്ള പുതിയ ആശയങ്ങൾ കർഷകർക്കിടയിൽ പ്രചാരത്തിലായി. ടൂറിസം മേഖലയുടെ വളർച്ചയും ഹോട്ടൽ മാനേജ്മെന്റ്, ട്രാവൽ ഗൈഡ് പോലുള്ള പുതിയ തൊഴിലുകൾക്ക് വഴിയൊരുക്കി.
പഴയകാലത്തെ പല ശാരീരികാധ്വാനജോലികളും യന്ത്രങ്ങൾ ഏറ്റെടുത്തു. അതോടെ മനുഷ്യന് കൂടുതൽ ചിന്താപരവും ക്രിയാത്മകവുമായ ജോലികളിലേക്ക് മാറാൻ സാധിച്ചു. പഴയകാല തൊഴിലുകൾ നമ്മുടെ സമൂഹത്തിന്റെ അടിത്തറ പാകിയെങ്കിൽ, പുതിയകാല തൊഴിലുകൾ നമ്മെ ആഗോളതലത്തിലേക്ക് ഉയർത്തി. എന്നാൽ ഈ മാറ്റങ്ങളെ നാം എങ്ങനെ കാണണം? പഴയ തൊഴിലുകളെ തള്ളിപ്പറയണോ അതോ പുതിയതിനെ മാത്രം സ്വീകരിക്കണോ?
ഒരിക്കലുമല്ല! പഴയകാലത്തെ അധ്വാനവും അറിവും പുതിയ കാലത്തെ സാങ്കേതികവിദ്യയുമായി കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നത്. ഉദാഹരണത്തിന്, നമ്മുടെ പരമ്പരാഗത കൈത്തറി വ്യവസായത്തിന് ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ആഗോള വിപണി കണ്ടെത്താൻ സാധിക്കും. പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയമായി പഠിച്ച് ആധുനിക ആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്താം. ഓരോ കാലഘട്ടത്തിലെയും തൊഴിലുകൾ ആ സമൂഹത്തിന്റെ ആവശ്യങ്ങളെയും സാങ്കേതികവിദ്യയുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. നമ്മുടെ യുവതലമുറ പഴയകാലത്തെ അധ്വാനത്തിന്റെ മൂല്യം മനസ്സിലാക്കുകയും, പുതിയകാലത്തെ അവസരങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുകയും വേണം. സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്കും സാമൂഹിക ബന്ധങ്ങൾക്കും പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല.
മാറ്റങ്ങളെ ഉൾക്കൊണ്ട്, പുതിയ അറിവുകൾ നേടിക്കൊണ്ട്, നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി ഓരോരുത്തർക്കും അവരവരുടേതായ സംഭാവനകൾ നൽകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.
നന്ദി.

♦ 'മലയാളിക്കുട്ടികൾ കലപില വർത്തമാനം പറയുമ്പോൾ കണ്ണുമിഴിച്ചു പോയിരുന്നു.' ദറക്സ ഇങ്ങനെ പറയാനിടയായ സാഹചര്യം എന്തായിരുന്നു?
ദറക്സ മലയാളം പഠിച്ചെടുത്ത കഥ ഓർക്കുന്നതാണ് സന്ദർഭം. നാലാംക്ലാസുവരെ നാട്ടിലെ സ്കൂളിൽ പഠിച്ച ദറക്സയ്ക്ക് ചെറിയ ക്ലാസുമുതൽ കേരളത്തിൽ പഠിച്ചവരെക്കാൾ വിഷമമായിരുന്നു മലയാളം പഠിക്കാൻ. എല്ലാവരും പറയുന്നതുപോലെ മലയാളം പറയാൻ ദറക്സയ്ക്ക് കൊതിയായിരുന്നു. മലയാളി കുട്ടികൾ കല പില വർത്തമാനം പറയുമ്പോൾ കണ്ണുമിഴിച്ചുപോയിരുന്നു എന്ന് പറയുന്നത് ഇതേക്കുറിച്ചാണ്.

♦ കണ്ണുമിഴിച്ചുപോയി എന്ന പ്രയോഗംകൊണ്ട് അർഥമാക്കുന്നത്?
അദ്ഭുതപ്പെട്ടുപോയി

♦ ദറക്സ പർവീൺ
ബീഹാർ ദർബംഗ സ്വദേശിയായ മുഹമ്മദ് അമീറിന്റെയും രാജിയഖാത്തോണിന്റെയും മകളാണ് ദറക്സ. പന്ത്രണ്ട് വർഷംമുമ്പാണ് ദറക്സയും മാതാപിതാക്കളും രണ്ട് സഹോദരന്മാരും എറണാകുളം ജില്ലയിലെ എടയാറിലെത്തുന്നത്. അന്യസംസ്ഥാനക്കാരായ കുട്ടികൾ പഠിക്കുന്ന ബിനാനിപുരം ഗവ. സ്കൂളിലാണ് ദറക്സയും സഹോദരന്മാരും പഠിച്ചത്. ഇപ്പോൾ ഇഗ്നോയിൽ ഹിന്ദി ബിരുദ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ദറക്സ. അതോടൊപ്പം ബിനാനിപുരം സ്കൂളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുകയും ചെയ്യുന്നു. അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്ക് എറണാകുളം ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ റോഷ്നി പദ്ധതിയാണ് ദറക്സയ്ക്ക് തുണയായത്.
നാലുവരെ ബീഹാറിലായിരുന്നു ദറക് സയുടെ പഠനം. ആലുവ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ ചേർന്നു. ആദ്യം മലയാളം ബുദ്ധിമുട്ടായിരുന്നു. ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും പഠിച്ചെടുത്തു. പത്താംക്ലാസിൽ 89 ശതമാനം മാർക്കോടെ വിജയം നേടി. റോഷ്നി പദ്ധതിയുടെ ജില്ലാ കോഓർഡിനേറ്ററും ബിനാനിപുരം സ്കൂൾ അധ്യാപികയുമായിരുന്ന ഡോ.ജയശ്രീ കുളക്കുന്നത്ത് ദറക്സയ്ക്ക് പിന്തുണ നൽകി. തയ്യലിലും എംബ്രോയ്ഡറിയിലും ദറക്സയുടെ താൽപര്യം മനസ്സിലാക്കിയ മുൻ പ്രധാനാധ്യാപിക മംഗളഭായ് തയ്യൽ മെഷീൻ സമ്മാനിച്ചു. റോഷ്നി പദ്ധതിയുടെ വളന്റിയർ കൂടിയാണ് ദറക്സ.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments